എന്റെ ഹീറോ ആയിരുന്നു ആ മനുഷ്യൻ, ഇന്ന് വെളുപ്പിന് അയാൾ പോയി: ലാൽ ജോസ്
Entertainment news
എന്റെ ഹീറോ ആയിരുന്നു ആ മനുഷ്യൻ, ഇന്ന് വെളുപ്പിന് അയാൾ പോയി: ലാൽ ജോസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 15th July 2022, 4:10 pm

പ്രതാപ് പോത്തന്റെ മരണത്തിന്റെ ഞെട്ടലിലാണ് സിനിമാ പ്രേമികൾ. പ്രേക്ഷകരും സിനിമ പ്രവർത്തകരും അദ്ദേഹത്തിന്റെ വിയോഗത്തിലുള്ള ദുഃഖം രേഖപ്പെടുത്തുന്നുണ്ട്.

അദ്ദേഹത്തെ ഓർമിച്ചുക്കൊണ്ട് ഫേസ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ ലാൽ ജോസ്. അയാളും ഞാനും തമ്മിൽ എന്ന ചിത്രത്തിൽ ഇരുവരും ഒന്നിച്ച് പ്രവർത്തിച്ചിരുന്നു. ഡോക്ടർ സാമുവൽ എന്ന കഥാപാത്രത്തെയാണ് അദ്ദേഹം ചിത്രത്തിൽ അവതരിപ്പിച്ചിരുന്നത്. പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട പ്രതാപ് പോത്തൻ ക്യാരക്ടറുകളിൽ ഒന്നായിരുന്നു ഡോക്ടർ സാമുവൽ.

ചെറുപ്പത്തിന്റെ ചിതറലുകളുളള എന്റെ ഹീറോ ആയിരുന്നു ആ മനുഷ്യനെന്നും അയാൾ പിന്നീട് എന്റെ സിനിമയിൽ ഡോക്ടർ സാമുവലായി എന്നത് സ്വപ്നം പോലെ മനോഹരമായ ഒരു അനുഭവമെന്നുമാണ് അദ്ദേഹം പങ്കുവെച്ച ഫേസ്ബുക് കുറിപ്പിൽ പറയുന്നത്.

‘അയാളും ഞാനും തമ്മിലുളള ബന്ധം എന്റെ കൗമാരകാലത്ത് തുടങ്ങിയതാണ്. ചെറുപ്പത്തിന്റെ ചിതറലുകളുളള എന്റെ ഹീറോ ആയിരുന്നു ആ മനുഷ്യൻ. അയാൾ പിന്നീട് എന്റെ സിനിമയിൽ ഡോക്ടർ സാമുവലായി എന്നത് സ്വപ്നം പോലെ മനോഹരമായ ഒരു അനുഭവം.
ഇന്ന് വെളുപ്പിന് അയാൾ പോയി..നിരവധി നല്ലോർമ്മകൾ ബാക്കിവച്ച്…,’ ലാൽ ജോസ് കുറിച്ചു

.

അയാളും ഞാനും എന്ന ചിത്രത്തിൽ മികച്ച അഭിനയമാണ് പ്രതാപ് പോത്തൻ കാഴ്ചവെച്ചത്. പൃഥിരാജ് ചെയ്ത രവി തരകൻ എന്ന കഥാപാത്രവുമായുള്ള കോംപിനേഷൻ സീനുകൾ സിനിമയുടെ സോൾ ആയിരുന്നു.

മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി 12 സിനിമകൾ സംവിധാനം ചെയ്തിട്ടുള്ള പ്രതാപ് പോത്തൻ തകര, ലോറി, ചാമരം എന്നീ ക്ലാസിക്കുകൾ അടക്കം നൂറിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അയാളും ഞാനും തമ്മിൽ, 22 ഫീമെയിൽ കോട്ടയം, ഇടുക്കി ഗോൾഡ് എന്നിവയും അദ്ദേഹത്തിന്റെ ശ്രദ്ധിക്കപ്പെട്ട സിനിമകളാണ്.

Content Highlight: Lal Jose shares face book post about Pratap Pothen