| Friday, 29th September 2023, 6:50 pm

സഹായം ചെയ്യുമ്പോള്‍ മുതലെടുക്കരുതെന്ന് മമ്മൂക്ക പറഞ്ഞു; ആ അനുഭവം ഒരിക്കലും മറക്കില്ല: ലാല്‍ ജോസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പട്ടാളത്തിന് ശേഷം മമ്മൂട്ടിയുമായി ലാല്‍ ജോസ് ഒന്നിച്ച ചിത്രമായിരുന്നു കേരള കഫേ അന്തോളജിയിലെ പുറം കാഴ്ചകള്‍. ഒരു ഹ്രസ്വ ചിത്രമായി ഒരുക്കിയ സിനിമയുടെ ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് സംവിധായകന്‍ ലാല്‍ ജോസ്.

ഒരു കാട്ട് വഴിയിലൂടെ ഓടുന്ന ബസിലാണ് സിനിമയുടെ കഥ നടക്കുന്നത്. അത് ഷൂട്ട് ചെയ്യാനുള്ള ആദ്യ ദിവസം റംസാന്‍ വ്രതാരംഭം ആയിരുന്നുവെന്നും ഷൂട്ടിങ് തുടങ്ങുന്നത്തിന് കുറച്ച് നേരം മുമ്പായി ഫോറസ്റ്റുകാര്‍ വന്ന് ഷൂട്ടിങ് തടസപ്പെടുത്തിയെന്നും ലാല്‍ ജോസ് ഓര്‍ക്കുന്നു.

‘രഞ്ജിത്തുമായുള്ള ബന്ധം കൊണ്ട് മമ്മൂക്ക ഫ്രീ ആയിട്ടാണ് പുറംകാഴ്ചകളില്‍ അഭിനയിക്കാന്‍ വന്നത്. ഷൂട്ടിങ് തുടങ്ങുന്ന ആദ്യ ദിവസം ഫോറസ്റ്റുകാര്‍ വന്ന് ഷൂട്ട് ചെയ്യാന്‍ പറ്റില്ലായെന്ന് പറഞ്ഞു. വണ്ടിയിലും റോഡിലുമാണ് ഷൂട്ട് ചെയ്യാന്‍ അനുവാദം ഉള്ളത്. അതുകൊണ്ട് ഷൂട്ട് ചെയ്യുമ്പോള്‍ ഫോറസ്റ്റ് വരാന്‍ പാടില്ലായെന്ന് പറഞ്ഞു. ഒടുവില്‍ മമ്മൂക്ക ഇടപെട്ട് മിനിസ്റ്ററിനെ കൊണ്ടാണ് സംഭവം റെഡിയാക്കിയത്,’ ലാല്‍ ജോസ് പറയുന്നു.

അന്ന് തിരിച്ച് പോകാന്‍ നേരം മമ്മൂട്ടിയുടെ വണ്ടിയിലാണ് താനും പോയതെന്നും അപ്പോള്‍ കാറില്‍ വെച്ച് തന്നോട് മമ്മൂട്ടി ഷൂട്ടിനെ പറ്റി ചോദിച്ചുവെന്നും ലാല്‍ ജോസ് പറയുന്നുണ്ട്.

കാടിന്റെ ഉള്ളില്‍ ഷൂട്ട് ചെയ്യുമ്പോള്‍ ഇതൊക്കെ ആലോചിക്കണം, പെര്‍മിഷന്‍ ഒക്കെ എടുക്കണ്ടേയെന്നും താന്‍ ഒരു സഹായം ചെയ്യുമ്പോള്‍ അത് മുതലെടുക്കരുതെന്ന് മമ്മൂട്ടി പറഞ്ഞുവെന്നും ലാല്‍ ജോസ് കൂട്ടിച്ചേര്‍ക്കുന്നു.

താന്‍ ഒരിക്കലും മറക്കാത്ത അനുഭവമാണ് അന്ന് നടന്നതെന്നും ലാല്‍ ജോസ് ഓര്‍മിക്കുന്നു. സഫാരി ടി.വിയിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിലാണ് ലാല്‍ ജോസ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

Content Highlights: Lal Jose shares an unforgettable memory with Mammootty by remembering the shooting days of Puramkazhchakal

We use cookies to give you the best possible experience. Learn more