Entertainment
മമ്മൂട്ടിയെപ്പോലൊരു മഹാനടനെ കോമാളിയാക്കിയതിന് എന്റെ കൈവെട്ടുമെന്ന് ചില ആരാധകര്‍ മകളെ ഫോണ്‍ വിളിച്ച് പറഞ്ഞു: ലാല്‍ ജോസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Feb 22, 02:35 am
Saturday, 22nd February 2025, 8:05 am

മമ്മൂട്ടിയെ നായകനാക്കി ലാല്‍ ജോസ് സംവിധാനം ചെയ്ത് 2003ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു പട്ടാളം. മീശമാധവന്റെ വന്‍ വിജയത്തിന് ശേഷം ലാല്‍ ജോസ് സംവിധാനം ചെയ്ത ചിത്രം ബോക്‌സ് ഓഫീസില്‍ വലിയ പരാജയമായി മാറി. കാലങ്ങള്‍ക്കിപ്പുറം ചിത്രത്തിന് ആരാധകരുണ്ടായെങ്കിലും അന്നത്തെ പരാജയം തന്നെ പല തരത്തില്‍ ബാധിച്ചിരുന്നെന്ന് പറയുകയാണ് ലാല്‍ ജോസ്.

ചിത്രത്തിന്റെ റിലീസിന് ശേഷം തന്റെ വീട്ടിലേക്ക് ഒരു ഫോണ്‍ കോള്‍ വന്നെന്നും തന്റെ ഇളയ മകളാണ് അന്ന് ഫോണെടുത്തതെന്നും ലാല്‍ ജോസ് പറഞ്ഞു. മമ്മൂട്ടിയുടെ ആരാധകരെന്ന് പറയുന്നവരാണ് വിളിച്ചതെന്നും പട്ടാളത്തെക്കുറിച്ചാണ് അവര്‍ സംസാരിച്ചതെന്നും ലാല്‍ ജോസ് കൂട്ടിച്ചേര്‍ത്തു. മമ്മൂട്ടിയെപ്പോലെ ഒരു മഹാനടനെ ഓടിന്റെ പുറത്ത് കയറ്റിയും പട്ടിയുടെ പിന്നാലെ ഓടിച്ചും കോമാളിയാക്കിയത് മറക്കില്ലെന്നായിരുന്നു അവര്‍ പറഞ്ഞതെന്നും ലാല്‍ ജോസ് പറയുന്നു.

ഇനി സിനിമ ചെയ്യാന്‍ നിന്നാല്‍ തന്റെ കൈവെട്ടുമെന്നാണ് അവര്‍ പറഞ്ഞതെന്നും മകള്‍ അത് കേട്ട് പേടിച്ചെന്നും ലാല്‍ ജോസ് പറഞ്ഞു. പിന്നീട് തന്നോട് സിനിമ വിടാന്‍ ആവശ്യപ്പെട്ടെന്നും ലാല്‍ ജോസ് കൂട്ടിച്ചേര്‍ത്തു. തന്നെ വീടിന്റെ പുറത്തേക്ക് മകള്‍ പിന്നീട് വിടാറില്ലായിരുന്നെന്നും ലാല്‍ ജോസ് പറഞ്ഞു. ചാവക്കാടുള്ള ഫാന്‍സായിരുന്നു അന്ന് വിളിച്ചതെന്നും ലാല്‍ ജോസ് പറയുന്നു.

ഒരു സിനിമ പരാജയമാകുമ്പോഴേക്ക് അതിന് വേണ്ടി എടുത്ത എഫര്‍ട്ടും സ്‌ട്രെയിനുമെല്ലാം പലരും മറക്കുമെന്നും ലാല്‍ ജോസ് കൂട്ടിച്ചേര്‍ത്തു. അതുവരെ ചെയ്ത എല്ലാ പുണ്യങ്ങളും പാപമായി മാറുമെന്നും അതിനെ അതിജീവിക്കുന്നത് ചെറിയ കാര്യമല്ലെന്നും ലാല്‍ ജോസ് പറഞ്ഞു. സഫാരി ചാനലില്‍ സംസാരിക്കുകയായിരുന്നു ലാല്‍ ജോസ്.

‘പട്ടാളം എന്ന സിനിമ റിലീസായിക്കഴിഞ്ഞ് എന്റെ വീട്ടിലേക്ക് ഒരു ഫോണ്‍ കോള്‍ വന്നു. എന്റെ ഇളയ മകളായിരുന്നു അന്ന് ഫോണെടുത്തത്. ‘നിന്റെ തന്ത വീട്ടിലുണ്ടോ’ എന്നായിരുന്നു വിളിച്ച ആള്‍ ചോദിച്ചത്. ‘മമ്മൂട്ടിയെപ്പോലെ ഒരു മഹാനടനെ ഓടിന്റെ പുറത്ത് കയറ്റുകയും പട്ടിയുടെ പിന്നാലെ ഓടിക്കുകയും ചെയ്ത് കോമാളിയാക്കിയതിന് അയാള്‍ക്ക് മാപ്പില്ല. ഇനി സിനിമ ചെയ്യാന്‍ നിന്നാല്‍ അയാളുടെ കൈ വെട്ടും’ എന്നായിരുന്നു അയാള്‍ പറഞ്ഞത്.

അതിന് ശേഷം എന്നോട് സിനിമ വിടാന്‍ മകള്‍ ആവശ്യപ്പെട്ടു. വീട്ടില്‍ തന്നെ ഊണ് കഴിച്ച് കൂടാം എന്നായിരുന്നു മകള്‍ പറഞ്ഞുകൊണ്ടിരുന്നത്. എന്നെ പിന്നീട് പുറത്തേക്ക് വിടാന്‍ അവള്‍ക്ക് പേടിയായിരുന്നു. ഒരു സിനിമ പരാജയപ്പെട്ടാല്‍ അതിന് വേണ്ടി നമ്മള്‍ എടുത്ത എഫര്‍ട്ടും സ്‌ട്രെയിനും എല്ലാം പലരും മറക്കും. അതുവരെ നമ്മള്‍ ചെയ്ത പുണ്യങ്ങളെല്ലാം പാപമായി മാറും. അതിനെ അതിജീവിക്കുന്നത് വലിയൊരു കാര്യമാണ്,’ ലാല്‍ ജോസ് പറഞ്ഞു.

Content Highlight: Lal Jose shares an incident after the failure of Pattalam movie