മലയാളത്തിന് ഒട്ടനവധി ഹിറ്റ് സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് ലാല്‍ ജോസ്. മമ്മൂട്ടിയെ തന്റെ വല്യേട്ടനായാണ് കാണുന്നതെന്ന് ലാല്‍ ജോസ് പറഞ്ഞു. മഴയെത്തും മുമ്പേ എന്ന സിനിമയില്‍ താന്‍ കമലിന്റെ അസിസ്റ്റന്റായിരുന്നെന്നും, ആ സിനിമയില്‍ മമ്മൂട്ടി തന്നോട് ഒരുപാട് ദേഷ്യപ്പെട്ടിട്ടുണ്ടെന്നും ലാല്‍ ജോസ് പറഞ്ഞു. പുതിയ ചിത്രമായ മന്ദാകിനിയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തിലാണ് ലാല്‍ ജോസ് ഇക്കാര്യം പറഞ്ഞത്.
ഒരു ഷോട്ട് ഓക്കെയായി കഴിഞ്ഞാല്‍ നേരെ അടുത്ത ഷോട്ടിലേക്ക് പോകുന്നയാളാണ് താനെന്നും ഇതിന്റെ പേരില്‍ മമ്മൂട്ടി തന്നോട് ദേഷ്യപ്പെട്ടിട്ടുണ്ടെന്നും ലാല്‍ ജോസ് പറഞ്ഞു. ഒന്നുകൂടെ എടുക്കേണ്ടി വരുമ്പോള്‍ അത് പറയുമെന്നും എന്നാല്‍ ഓക്കെയായി കഴിഞ്ഞാല്‍ നന്നായി എന്ന് പറയാന്‍ എന്താണ് മടിയെന്ന് മമ്മൂട്ടി ചോദിച്ചുവെന്നും ലാല്‍ ജോസ് പറഞ്ഞു. അഭിനേതാക്കളെ ഒട്ടും മതിക്കാത്ത സംവിധായകനാണ് ഞാനെന്ന് മമ്മൂട്ടി പറഞ്ഞിട്ടുണ്ടെന്നും ലാല്‍ ജോസ് കൂട്ടിച്ചേര്‍ത്തു.
‘മമ്മൂക്കയുമായി മഴയെത്തും മുമ്പേ എന്ന സിനിമ തൊട്ടാണ് പരിചയം. ഞാനന്ന് കമല്‍ സാറിന്റെ അസിസ്റ്റന്റായിരുന്നു. അന്ന് ഞാന്‍ എന്തെങ്കിലും തെറ്റ് ചെയ്താല്‍ എന്നോട് വല്ലാതെ ദേഷ്യപ്പെടുമായിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ ഉദ്യാനപാലകന്‍ എന്ന സിനിമയിലേക്ക് അസോസിയേറ്റ് ഡയറക്ടറായി നിര്‍ദ്ദേശിച്ചത് മമ്മൂക്കയാണ്. എന്റെ കഴിവ് അദ്ദേഹം മനസിലാക്കിയത് കൊണ്ടാണ് അങ്ങനെ ചെയ്തത്. ഞാന്‍ ആദ്യമായി അസോസിയേറ്റാകുന്നത് ഉദ്യാനപാലകനിലൂടെയാണ്.
പിന്നീട് ഞാന്‍ സ്വതന്ത്ര സംവിധായകനായപ്പോള്‍ മമ്മൂക്കയെ വെച്ച് മൂന്ന് സിനിമ ചെയ്തു. എന്റെ സ്വഭാവം എന്താണെന്ന് വെച്ചാല്‍ ഒരു ഷോട്ട് ഓക്കെയായി കഴിഞ്ഞാല്‍ നേരെ അടുത്ത ഷോട്ടിലേക്ക് പോകും. ഇത് മമ്മൂക്കക്ക് ഇഷ്ടമല്ല. എന്നോട് ഇതിന്റെ പേരില്‍ ചൂടായി. ‘വണ്‍ മോര്‍ പോകേണ്ടി വന്നാല്‍ അത് പറയാന്‍ പറ്റുമെങ്കില്‍ ഷോട്ട് ഓക്കെയായാല്‍ അത് എന്തുകൊണ്ടാണ് പറയാത്തത്’ എന്ന് എന്നോട് ചോദിച്ചു. ആക്ടേഴ്‌സിനെ ഒട്ടും മതിക്കാത്ത സംവിധായകനാണ് ഞാനെന്ന് എന്നോട് മമ്മൂക്ക പറഞ്ഞിട്ടുണ്ട്. അസോസിയേറ്റായിട്ട് പിന്നെ ഡയറക്ടറാകുന്ന എല്ലാവര്‍ക്കും എന്റെ ഇതേ സ്വഭാവമുണ്ട്,’ ലാല്‍ ജോസ് പറഞ്ഞു.
Content Highlight: Lal Jose share the experience when Mammootty got angry to him