അസിസ്റ്റന്റ് ഡയറക്ടറായി കരിയര്‍ ആരംഭിച്ച് സ്വതന്ത്ര സംവിധായകനായി ഒരുപിടി നല്ല സിനിമകള്‍ മലയാളത്തിന് സമ്മാനിച്ചയാളാണ് ലാല്‍ ജോസ്. ഒരുപാട് സിനിമകളില്‍ കമലിന്റെ അസിസ്റ്റന്റ് ആയി വര്‍ക്ക് ചെയ്ത ലാല്‍ ജോസിന്റെ ആദ്യ ചിത്രം 1998ല്‍ റിലീസായ ഒരു മറവത്തൂര്‍ കനവാണ്. മമ്മൂട്ടി നായകനായി എത്തിയ മറവത്തൂര്‍ കനവിന്റെ വിജയാഘോഷവുമായി ബന്ധപ്പെട്ട ഓര്‍മകള്‍ ലാല്‍ ജോസ് തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചു.
‘കമല്‍ സാറിന്റെ ആദ്യ സിനിമയിലെ നായകന്‍ ലാലേട്ടനായിരുന്നു. മിഴിനീര്‍പൂക്കളെന്നായിരുന്നു ആ സിനിമയുടെ പേര്. അത് കഴിഞ്ഞ് കമല്‍ സാര്‍ ലാലേട്ടനെ വെച്ച് ഉണ്ണികളേ ഒരു കഥ പറയാം എന്നൊരു സിനിമ കൂടി ചെയ്തു. അതിന് ശേഷം ലാലേട്ടനെ നായകനാക്കി ഒരു സിനിമ ചെയ്യാന്‍ കമല്‍ സാറിന് സാധിച്ചില്ല. അങ്ങനെ കുറേക്കാലത്തിന് ശേഷം രണ്ടുപേരും വിഷ്ണുലോകം എന്നൊരു സിനിമ ചെയ്തു. അതില്‍ ഞാന്‍ അസിസ്റ്റന്റ് ആയിരുന്നു. ആ സെറ്റില്‍ ലാലേട്ടന്‍ നമമ്‌ളെയൊക്കെ ശ്രദ്ധിക്കില്ല എന്നായിരുന്നു എന്റെ ധാരണ.
പിന്നീട് ഞാന്‍ എന്റെ ആദ്യ സിനിമയായ ഒരു മറവത്തൂര്‍ കനവ് ചെയ്തു. ആ സിനിമ റിലീസാകുന്നതിന് മുന്നേ അതിന്റെ പ്രൊഡ്യൂസര്‍ സിയാദ് കോക്കര്‍ അടുത്ത സിനിമ അനൗണ്‍സ് ചെയ്തു. സമ്മര്‍ ഇന്‍ ബെത്‌ലഹേം എന്നായിരുന്നു ആ സിനിമയുടെ പേര്. അതിന്റെ സെറ്റില്‍ വെച്ച് മറവത്തൂര്‍ കനവിന്റെ വിജയാഘോഷം നടത്താന്‍ പ്ലാന്‍ ചെയ്തു. അതിന് വേണ്ടി ഞാനും എന്റെ ഭാര്യയും എത്തി. ഊട്ടിയിലായിരുന്നു ഫങ്ഷന്‍.
ആ പരിപാടിക്ക് മൈക്കില്‍ സംസാരിക്കാന്‍ സിബി മലയില്‍ സാര്‍ എത്തിയപ്പോള്‍ മറവത്തൂര്‍ കനവിനെ അഭിനന്ദിക്കുന്നതിന്റെ കൂട്ടത്തില്‍ വേറൊരു കാര്യം പങ്കുവെച്ചു. ‘ലാല്‍ ജോസ് ഒരു സംവിധായകനാകുമെന്ന് എനിക്ക് നേരത്തെ അറിയാമായിരുന്നു,’ ഞാന്‍ അത്ഭുതപ്പെട്ടു, കാരണം അദ്ദേഹം എന്നെ കണ്ടിട്ടുന്നെല്ലാതെ എന്നെ അറിയില്ല. അതിന് അദ്ദേഹം പറഞ്ഞ കഥ ഇതായിരുന്നു.
‘വിഷ്ണുലോകം സിനിമയുടെ സെറ്റില്‍ മോഹന്‍ലാലിനെ കാണാന്‍ പോയപ്പോള്‍, സെറ്റില്‍ എല്ലാവരും ലാലേ, അതെടുക്ക്, ലാലേ ഇതെടുക്ക് എന്നൊക്കെ പറയുന്നത് കേട്ടു. ഞാന്‍ അന്തംവിട്ടുപോയി. ഓരോ തവണ ലാല്‍ എന്നുള്ള വിളി കേള്‍ക്കുമ്പോ ഞാന്‍ മോഹന്‍ലാലിനെയാണ് നോക്കുന്നത്. ലാലിനെ ഇങ്ങനെയാണോ സെറ്റില്‍ വിളിക്കുന്നത് എന്ന ഞാന്‍ വിചാരിച്ചു.
അപ്പോള്‍ ലാലേട്ടന്‍ പറഞ്ഞു, പേടിക്കണ്ട അത് എന്നെയല്ല, കമലിന്റെ കൂടെ ഒരു അസിസ്റ്റന്റ് ഉണ്ട്. ലാല്‍ എന്നാണ് അവന്റെ പേര്. ലാല്‍ജോസ് എന്നാണ് മുഴുവന്‍ പേര്. സിബി കുറിച്ച് വെച്ചോ, അവന്‍ മലയാളത്തിലെ അറിയപ്പെടുന്ന ഒരു സംവിധായകനാവും എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല എന്ന് മോഹന്‍ലാല്‍ സിബി സാറിനോട് പറഞ്ഞത്രേ.
എനിക്ക് ഇത് കേട്ടിട്ട് അത്ഭുതമായി. മോഹന്‍ലാലിനെപ്പോലെ ഒരു നടന്‍ നമ്മളെയൊക്കെ ശ്രദ്ധിക്കും എന്ന അപ്പോഴാണ് മനസിലായത്,’ ലാല്‍ ജോസ് പറഞ്ഞു.
Contnet Highlight: Lal Jose share his experience from Moahnlal in Vishnulokam movie