| Monday, 15th April 2024, 3:07 pm

നീ ഈ ചെയ്യുന്നത് ക്രൂരതയാണ്, അഭിനേതാക്കളെ പരിഗണിക്കാന്‍ തയ്യാറാവണമെന്ന് മമ്മൂക്ക; ഇന്ന് എനിക്കത് മനസിലാകും: ലാല്‍ ജോസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടിയുമൊത്തുള്ള ചില സിനിമാ അനുഭങ്ങള്‍ പങ്കുവെക്കുകയാണ് സംവിധായകന്‍ ലാല്‍ ജോസ്. മമ്മൂട്ടിയുമായി വര്‍ഷങ്ങളുടെ പരിചയം തനിക്കുണ്ടെന്നും മമ്മൂക്കയെ ഒരിക്കലും ഒരു അകല്‍ച്ചയോടുകൂടിയോ പേടിയോട് കൂടിയോ നോക്കാന്‍ തനിക്ക് പറ്റിയിട്ടില്ലെന്നും ഒരു വല്യേട്ടന്‍ എന്ന ബഹുമാനവും സ്‌നേഹവുമാണ് അദ്ദേഹത്തോടെന്നുമാണ് ലാല്‍ ജോസ് പറയുന്നത്.

ഒരു സീന്‍ എടുത്തു കഴിഞ്ഞാല്‍ ഒരു അഭിനന്ദന വാക്കുപോലും പറയാതെ ഷോട്ട് ഓക്കെയാണെന്ന് പോലും പറയാതെ അടുത്ത സീനിലേക്ക് പോകുന്ന രീതിയായിരുന്നു തന്റേതെന്നും ഒരിക്കല്‍ മമ്മൂക്ക വിളിച്ച് തന്നോട് ചില കാര്യങ്ങള്‍ പറഞ്ഞെന്നുമാണ് ലാല്‍ ജോസ് സില്ലി മോങ്ക്‌സിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

‘ഞാന്‍ കമല്‍സാറിന്റെ കൂടെ മഴയത്തും മുന്‍പേയില്‍ വര്‍ക്ക് ചെയ്യുമ്പോഴാണ് ആദ്യമായിട്ട് മമ്മൂക്കയെ പരിചയപ്പെടുന്നത്. എന്നെ ചീത്ത പറഞ്ഞുകൊണ്ടാണ് പരിചയം തുടങ്ങുന്നത് തന്നെ. അന്ന് തന്നെ എനിക്ക് മനസിലായ കാര്യം നമ്മള്‍ ഫേക്കല്ലെങ്കില്‍ അദ്ദേഹത്തിന്റെ അടുത്ത ഒന്നും പേടിക്കാനില്ല എന്നതാണ്.

നമുക്ക് തെറ്റ് പറ്റാം, കാര്യങ്ങള്‍ അറിയാതിരിക്കാം. ലോകത്ത് എല്ലാ കാര്യവും എല്ലാവര്‍ക്കും അറിയില്ലല്ലോ. എനിക്ക് അറിയാത്ത കാര്യം അറിയില്ലെന്ന് പറയും. ആ എന്റെ ആറ്റിറ്റിയൂഡാണ് പുള്ളിക്ക് ഇഷ്ടമായതെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഉദ്യാനപാലകന്‍ എന്ന സിനിമിലേക്ക് അസോസിയേറ്റായി എന്നെ റെക്കമെന്റ് ചെയ്യുന്നത് മമ്മൂക്കയാണ്.

കമല്‍സാറിന്റെ സെറ്റില്‍ മൊത്തം എന്നെ മമ്മൂക്ക ചീത്ത വിളിയായിരുന്നു. ആ ആളാണ് എന്നെ പുള്ളിയുടെ അടുത്ത സിനിമയിലേക്ക് റെക്കമെന്റ് ചെയ്യുന്നത്. ഞാന്‍ അന്ന് അസിസ്റ്റന്റ് ആണ്. അസോസിയേറ്റ് പോലുമല്ല. കമലിന്റെ പടത്തില്‍ ഒരു പയ്യനുണ്ട് അവനെ വിളിക്ക് എന്ന് പറഞ്ഞ് വിളിപ്പിച്ചത് പുള്ളിയാണ്.

ഹാന്‍ഡില്‍ ചെയ്യാന്‍ എളുപ്പമുള്ള ആക്ടറായിട്ട് തോന്നിയിട്ടുള്ളത് മമ്മൂക്ക തന്നെയാണ്. ഇത്രയും കാലത്തെ പരിചയം കൊണ്ട് പുള്ളിയെ അസ്വസ്ഥനാക്കുന്നത് എന്താണ് എന്ന് മനസിലാക്കാന്‍ പറ്റും. പുള്ളിയുടെ എക്‌സ്പ്രഷന്‍ മാറുന്നത് മനസിലാകും. കാരണം എന്തിനായിരിക്കും എന്ന് ഏതാണ്ട് ഊഹിക്കാന്‍ പറ്റും.

പിന്നെ കഥ സംസാരിക്കുമ്പോള്‍ സീന്‍ എക്‌സ്‌പ്ലൈന്‍ ചെയ്യുമ്പോള്‍ പുള്ളി ജനുവിന്‍ ആയിട്ടുള്ള കറക്ട് സംശയങ്ങള്‍ ചോദിക്കും. എന്തിനാണ് ഇങ്ങനെ പറയുന്നത് കഴിഞ്ഞ സീന്‍ അത് പറഞ്ഞതല്ലേ എന്നൊക്കെ ചോദിക്കും. അപ്പോള്‍ നമുക്ക് അതില്‍ എക്‌സ്പ്ലനേഷന്‍ ഉണ്ടാകണം. ഇന്ന കാരണം കൊണ്ടാണ് ഇത് എന്ന് പറയണം.

ഇത് പറയാന്‍ അറിയാതെ ബ്ബ ബ്ബ ബ്ബ എന്ന് പറഞ്ഞ് സ്‌ക്രിപ്റ്റ് റൈറ്ററുടെ തലക്കിടാന്‍ നോക്കിയാല്‍ പുള്ളിക്ക് ദേഷ്യം വരും. അത് സ്വാഭാവികമായ ദേഷ്യമാണ്. നമുക്ക് കാര്യങ്ങള്‍ വ്യക്തമാണെന്നും നമ്മള്‍ സത്യസന്ധമാണെന്നും ഓപ്പോസിറ്റ് ഉള്ള ആള്‍ക്ക് മനസിലാകുക എന്നതാണ്. പോളിഷ് ചെയ്യാന്‍ വേണ്ടി ഒരു കാര്യവും പറയില്ല എന്ന് ബോധ്യപ്പെട്ടു കഴിഞ്ഞാല്‍ പിന്നെ കുഴപ്പമില്ല.

ഫേക്കാവാതെ ഇരിക്കുക. എനിക്ക് മമ്മൂക്കയോട് ചീത്ത കേട്ട ഒരു കാര്യമുണ്ട്. ഒരു ഷോട്ട് ഓക്കെയാണെങ്കില്‍, റെഡി നെക്‌സ് എന്ന് പറഞ്ഞ് ഞാന്‍ അടുത്ത പരിപാടിക്ക് പോകും. ഷോട്ട് ഓക്കെയാണെങ്കില്‍ ഓക്കെയാണെന്ന് പറയണം, അഭിനേതാക്കളെ ഒന്ന് അഭിനന്ദിക്കാന്‍ തയ്യാറാകണം. ഞാന്‍ അങ്ങനെ പറയാറില്ലായിരുന്നു.

ഇതുപോലെ നെക്സ്റ്റ് ഷോട്ട് എന്ന് പറഞ്ഞ് പോയ ഒരു ദിവസം മമ്മൂക്ക എന്നെ വിളിച്ചു, നീ എന്ത് ദ്രോഹമാണ് ചെയ്യുന്നത് എന്നറിയുമോ, നീ ഒട്ടും ആക്ടേഴ്‌സിനെ മതിക്കാത്ത ആളാണ് എന്നൊക്കെ പറഞ്ഞു.

ഷോട്ട് ഓക്കെയാണെങ്കില്‍ പറയണം. നിങ്ങള്‍ വണ്‍ മോര്‍ എന്ന് പറയുന്നുണ്ടല്ലോ അപ്പോള്‍ പിന്നെ ഓക്കെ ആണെന്ന് എന്താണ് പറയാത്തത് എന്ന് ചോദിച്ചു. കുറേക്കാലം അസോസിയേറ്റ് ആയി ഡയറക്ടര്‍ ആയ എല്ലാവര്‍ക്കും ആ പ്രശ്‌നമുണ്ടാകും. നമ്മള്‍ ടൈമിന്റെ കാര്യത്തില്‍ ഭയങ്കര കണ്‍സേണ്‍ ആണ്.

മമ്മൂക്ക പോകുന്നതിന് മുന്‍പേ അത് തീര്‍ക്കണം എന്ന ചിന്തയേ ഉണ്ടാകുള്ളൂ. ഓക്കെ ആണെന്ന് ഇപ്പോള്‍ എന്ത് പറയാനാണ് എന്ന് തോന്നലാണ്. നീ ആക്ടര്‍ ആയാലേ അത് മനസിലാകുള്ളൂ എന്ന് മമ്മൂക്ക എന്നോട് പറഞ്ഞു.

എത്ര ചെറിയ ആളായിക്കോട്ടെ വലിയ ആളായിക്കോട്ടെ ഒരു ആക്ടര്‍ പെര്‍ഫോം ചെയ്ത് കഴിഞ്ഞാല്‍ നന്നായി, വെല്‍ഡണ്‍ എന്നൊക്കെ പറയുന്നത് കേള്‍ക്കാന്‍ അവര്‍ക്ക് ആഗ്രഹം ഉണ്ടാകും. അയാള്‍ക്ക് കിട്ടുന്ന ആദ്യത്തെ അഭിനന്ദമാണ് നീ നിഷേധിക്കുന്നത്. അത് ക്രൂരതയാണെന്ന് പറഞ്ഞു.

അതിന് ശേ്ഷം ആരെ വെച്ച് പടം ചെയ്യുമ്പോഴായാലും ജൂനിയര്‍ ആര്‍ടിസ്റ്റ് അഭിനയിക്കുന്ന ഷോട്ടാണെങ്കില്‍ പോലും ഞാന്‍ അവരോട് നന്നായിരുന്നു ട്ടോ അസ്സലായി എന്ന് പറയും.

ഞാന്‍ ക്യാമറക്ക് മുന്‍പില്‍ നിന്നപ്പോള്‍ എനിക്കത് വ്യക്തമായി. ഇയാള്‍ക്ക് അത് ഇഷ്ടമായോ, ഇല്ലേ, എന്താണ് ചിരിക്കാത്തത്, നമ്മളെ വെച്ച് കുടുങ്ങി എന്നാണോ ഇനി പുള്ളി വിചാരിക്കുന്നത് തുടങ്ങി ഒരു നടന്റെ ഉള്ളില്‍ നൂറ് ചോദ്യങ്ങളുണ്ടാകും. ഒരു നടനായപ്പോഴാണ് എനിക്ക് അത് മനസിലായത്,’ ലാല്‍ ജോസ് പറഞ്ഞു.

Content Highlight: Lal jose share an incident with mammootty

We use cookies to give you the best possible experience. Learn more