താന്‍ ഏറ്റവും പുതുതായി സംവിധാനം ചെയ്ത സോളമന്റെ തേനീച്ചകള്‍ക്കെതിരെ മനപൂര്‍വമായ ഡ്രീഗ്രേഡിങ് നടക്കുന്നതായി സംശയിക്കുന്നുവെന്ന് ലാല്‍ ജോസ്.
ഓഗസ്റ്റ് 18ന് തിയേറ്ററുകളില്‍ എത്തിയ ചിത്രത്തെ മനപൂര്‍വമായ ഡ്രീഗ്രേഡിങ് കൊണ്ട് തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്. ചിത്രത്തിലെ അഭിനേതാക്കാള്‍ ഉള്‍പ്പെടെ മാധ്യമങ്ങളെ കണ്ടിരുന്നു.
സിനിമ കണ്ടയാളുകള്‍ നല്ല സിനിമയെന്ന് അഭിപ്രായം പറയുന്നത് കേട്ട് റൂമിലേക്ക് വരുമ്പോള്‍ വളരെ മോശം സിനിമ എന്ന തരത്തില്‍ റിവ്യൂ പറയുന്നുവെന്നും ലാല്‍ ജോസ് പറഞ്ഞു.
പൈസ കൊടുത്തവരുടെ സിനിമകള്‍ക്ക് നല്ല അഭിപ്രായം പറയുന്നവര്‍ പൈസ തരാത്തവരുടെ സിനിമകള്‍ മോശം പറയുന്നുവെന്നുമാണ് ലാല്‍ ജോസ് പറയുന്നത്.
‘ പണം തന്ന ആള്‍ക്ക് വേണ്ടി എന്തും പറയും, തരാത്തവരെ മുഴുവന്‍ തട്ടിക്കളയും, ഇത്തരം അനാരോഗ്യകരമായ കാര്യങ്ങള്‍ സിനിമക്കെതിരെ ചെയ്യുന്നത് ശരിയല്ല. ചിലര്‍ വാടക ഗുണ്ടകളെ പോലെയാണ് പെരുമാറുന്നത്. ഒരു സിനിമയെ തകര്‍ത്തു കളയുകയാണ് ഇവരൊക്കെ ചെയ്യുന്നത്,’ ലാല്‍ ജോസ് പറയുന്നു.
എല്ലാവരും ഇത്തരത്തില്‍ അല്ല റിവ്യൂ ചെയ്യുന്നതെന്നും വളരെ സത്യസന്ധമായി റിവ്യൂ ചെയ്യുന്നവര്‍ ഉണ്ടെന്നും ലാല്‍ ജോസ് കൂട്ടിച്ചേര്‍ക്കുന്നുണ്ട്.
സിനിമകള്‍ കാണാന്‍ നില്‍ക്കുന്നവരുടെ അടുത്തേക്ക് ഇത്തരം മോശം അഭിപ്രായങ്ങള്‍ വരുമ്പോള്‍ കാണാന്‍ തിരുമാനിച്ചവര്‍ അതില്‍ നിന്ന് പിന്മാറുമെന്നും കുറഞ്ഞത് ഒരാഴ്ച എങ്കിലും സിനിമയെ പറ്റി ഇങ്ങനെ കുറ്റങ്ങള്‍ പറയരുത് എന്നുമാണ് ചിത്രത്തിലെ നടി വിന്‍സി പ്രസ് മീറ്റില്‍ പറഞ്ഞത്.
മഴവില്‍ മനോരമയിലെ ‘നായിക നായകന്‍’ ഷോ വിജയികളെ കേന്ദ്ര കഥാപാത്രങ്ങളാക്കിയാണ് ലാല്‍ ജോസ് ചിത്രം സംവിധാനം ചെയ്തിരുന്നത്. എല്‍.ജെ. ഫിലിംസാണ് ചിത്രം വിതരണത്തിന് എത്തിച്ചത്.