| Thursday, 26th December 2024, 2:02 pm

ജോജുവിന്റെ വളര്‍ച്ച ആ തമിഴ് സൂപ്പര്‍സ്റ്റാറിനെ ഓര്‍മിപ്പിക്കുന്നതായി എനിക്ക് തോന്നിയിട്ടുണ്ട്: ലാല്‍ ജോസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ മികച്ച സംവിധായകരിലൊരാളാണ് ലാല്‍ ജോസ്. മീശമാധവന്‍, ക്ലാസ്‌മേറ്റ്‌സ്, ഒരു മറവത്തൂര്‍ കനവ് തുടങ്ങി ഒരുപിടി മികച്ച ചിത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിക്കാന്‍ ലാല്‍ ജോസിന് സാധിച്ചു. നടന്‍ ജോജു ജോര്‍ജിനെക്കുറിച്ച് സംസാരിക്കുകയാണ് ലാല്‍ ജോസ്. 20 വര്‍ഷത്തിലധികമായി തനിക്ക് ജോജുവിനെ അറിയാമെന്ന് ലാല്‍ ജോസ് പറഞ്ഞു.

തുടക്കകാലത്ത് ജൂനിയര്‍ ആര്‍ട്ടിസ്റ്റായും പിന്നീട് പല സിനിമകളിലും ചെറിയ വേഷങ്ങള്‍ ചെയ്തുമാണ് ജോജു ആളുകള്‍ക്ക് പരിചിതനായതെന്ന് ലാല്‍ ജോസ് കൂട്ടിച്ചേര്‍ത്തു. തന്റെ ഒരുപാട് സിനിമകളില്‍ ജോജുവിന് നല്ല വേഷങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും ലാല്‍ ജോസ് പറഞ്ഞു. പല കാലഘട്ടങ്ങളിലായി പല റോളുകളില്‍ താന്‍ ജോജുവിനെ കണ്ടുമുട്ടിയിട്ടുണ്ടെന്നും പല ജോലികള്‍ അയാള്‍ ചെയ്തിട്ടുണ്ടെന്നും ലാല്‍ ജോസ് കൂട്ടിച്ചേര്‍ത്തു.

ചിലപ്പോള്‍ വണ്ടിക്കച്ചവടവും ചിലപ്പോള്‍ സ്ഥലക്കച്ചടവും ഇത് രണ്ടും കഴിഞ്ഞ് ഹോട്ടല്‍ ബിസിനസുമെല്ലാം ജോജു ചെയ്തിട്ടുണ്ടെന്നും സിനിമയില്‍ നില്‍ക്കാന്‍ വേണ്ടി അയാള്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ടെന്നും ലാല്‍ ജോസ് പറഞ്ഞു. ഇന്ന് മലയാളത്തിലെ മുന്‍നിരയില്‍ ജോജു ഇടം നേടിയെന്നും അയാളുടെ വളര്‍ച്ച കാണുമ്പോള്‍ തനിക്ക് തമിഴ് നടന്‍ വിക്രമിനെ ഓര്‍മ വരുമെന്നും ലാല്‍ ജോസ് കൂട്ടിച്ചേര്‍ത്തു.

കരിയറിന്റെ തുടക്കത്തില്‍ 10 വര്‍ഷത്തോളം വിക്രമും ഇതുപോലെ ചെറിയ വേഷങ്ങളില്‍ മാത്രമായിരുന്നു അഭിനയിച്ചിരുന്നതെന്നും മലയാളത്തിലും തമിഴിലും ഒരുപാട് സൈഡ് റോളുകള്‍ ചെയ്തിരുന്നുവെന്നും ലാല്‍ ജോസ് പറഞ്ഞു. ഇന്ന് തമിഴ് സിനിമയിലെ സൂപ്പര്‍താരങ്ങളിലൊരാളായി വിക്രം മാറിയെന്നും ജോജുവും അതുപോലെയാണെന്നും ലാല്‍ ജോസ് കൂട്ടിച്ചേര്‍ത്തു. സിനിപ്ലസ് എന്റര്‍ടൈന്മെന്റ്‌സിനോട് സംസാരിക്കുകയായിരുന്നു ലാല്‍ ജോസ്.

‘ജോജുവിനെ എനിക്ക് 20 വര്‍ഷത്തോളമായി അറിയാം. തുടക്കത്തില്‍ ചെറിയ ചെറിയ വേഷങ്ങളില്‍ മാത്രമായിരുന്നു അയാളെ കണ്ടിരുന്നത്. എന്റെ ഒരുപാട് സിനിമകളില്‍ അയാള്‍ വേഷമിട്ടിട്ടുണ്ട്. അയാളെ പല കാലഘട്ടത്തിലും ഞാന്‍ കണ്ടിട്ടുണ്ട്. സിനിമയില്‍ നില്‍ക്കണമെന്ന ആഗ്രഹത്തില്‍ ഒരുപാട് പണികള്‍ ജോജു ചെയ്തിട്ടുണ്ട്. ചില സമയത്ത് സ്ഥലക്കച്ചവടം, ചിലപ്പോള്‍ വണ്ടിക്കച്ചവടം, പിന്നെ ഹോട്ടല്‍ ബിസിനസ് അങ്ങനെ ഒരുപാട് കാര്യങ്ങള്‍ ജോജു ചെയ്തിട്ടുണ്ട്.

അങ്ങനെയാണ് അയാള്‍ ഇന്ന് കാണുന്ന നിലയിലേക്ക് എത്തിയത്. മലയാളത്തിന് പുറമെ തമിഴിലും ജോജു സാന്നിധ്യമറിയിച്ചു. അയാളുടെ വളര്‍ച്ച കാണുമ്പോള്‍ എനിക്ക് തമിഴ് നടന്‍ വിക്രമിനെ ഓര്‍മ വരും. അയാളും ഇതുപോലെ പത്തു പതിനഞ്ച് വര്‍ഷക്കാലം തമിഴിലും മലയാളത്തിലും ചെറിയ വേഷങ്ങള്‍ ചെയ്താണ് ഇന്ന് കാണുന്ന സൂപ്പര്‍സ്റ്റാര്‍ ലെവലിലേക്ക് എത്തിയത്. ജോജുവും അതുപോലെയാണെന്ന് തോന്നിയിട്ടുണ്ട്,’ ലാല്‍ ജോസ് പറയുന്നു.

Content Highlight: Lal Jose says that Joju George’s growth remembers him of  Chiyaan Vikram

We use cookies to give you the best possible experience. Learn more