12 വര്‍ഷത്തിന് ശേഷം ഫഹദുമായി ഒന്നിക്കുന്ന സിനിമയാണത്, ടൊവിനോയെയും നോക്കി പക്ഷേ.... ലാല്‍ ജോസ്
Entertainment
12 വര്‍ഷത്തിന് ശേഷം ഫഹദുമായി ഒന്നിക്കുന്ന സിനിമയാണത്, ടൊവിനോയെയും നോക്കി പക്ഷേ.... ലാല്‍ ജോസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 18th October 2024, 8:38 pm

അസിസ്റ്റന്റ് ഡയറക്ടറായി കരിയര്‍ ആരംഭിച്ച് സ്വതന്ത്ര സംവിധായകനായി ഒരുപിടി നല്ല സിനിമകള്‍ മലയാളത്തിന് സമ്മാനിച്ചയാളാണ് ലാല്‍ ജോസ്. ഒരുപാട് സിനിമകളില്‍ കമലിന്റെ അസിസ്റ്റന്റ് ആയി വര്‍ക്ക് ചെയ്ത ലാല്‍ ജോസിന്റെ ആദ്യ ചിത്രം 1998ല്‍ റിലീസായ ഒരു മറവത്തൂര്‍ കനവാണ്. പിന്നീട് മീശമാധവന്‍, ക്ലാസ്‌മേറ്റ്‌സ്, പട്ടാളം തുടങ്ങിയ മികച്ച ചിത്രങ്ങള്‍ ലാല്‍ ജോസ് മലയാളികള്‍ക്ക് സമ്മാനിച്ചു. സംവിധാനത്തിന് അഭിനയത്തിലും തന്റെ സാന്നിധ്യമറിയിച്ച ലാല്‍ ജോസ് തന്റെ പുതിയ ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ്.

കെ.എന്‍. പ്രശാന്തിന്റെ ‘പൊനം’ എന്ന നോവലാണ് താന്‍ സിനിമയാക്കുന്നതെന്ന് ലാല്‍ ജോസ് പറഞ്ഞു. സ്‌ക്രിപ്റ്റ് ഏതാണ്ട് പൂര്‍ത്തിയായെന്നും ഫഹദാണ് ചിത്രത്തിലെ നായകനെന്നും ലാല്‍ ജോസ് കൂട്ടിച്ചേര്‍ത്തു. 12 വര്‍ഷത്തിന് ശേഷമാണ് താനും ഫഹദും ഒന്നിക്കുന്നതെന്നും ഇതിന് മുമ്പ് ചെയ്ത ചിത്രം ഡയമണ്ട് നെക്ലേസ് ആയിരുന്നെന്നും ലാല്‍ ജോസ് പറഞ്ഞു. രണ്ട് നായകന്മാരുള്ള ചിത്രത്തില്‍ രണ്ടാമത്തെ നായകനായി ടൊവിനോയെ സമീപിച്ചെന്നും എന്നാല്‍ ഡേറ്റ് ഇല്ലാത്തതുകൊണ്ട് ടൊവിനോ പിന്മാറിയെന്നും ലാല്‍ ജോസ് കൂട്ടിച്ചേര്‍ത്തു.

വലിയ ബജറ്റ് ആവശ്യമുള്ള ചിത്രമാണ് ഇതെന്നും ഫഹദിനെപ്പൊലൊരു പാന്‍ ഇന്ത്യന്‍ സ്വീകാര്യതയുള്ള നടനെ പരിഗണിക്കുന്നത് ആ കാരണം കൊണ്ടാണെന്നും ലാല്‍ ജോസ് പറഞ്ഞു. ഒരുപാട് വയലന്‍സും ആക്ഷനും നിറഞ്ഞ സിനിമയാണെന്നും അടുത്ത വര്‍ഷം ചിത്രീകരണം ആരംഭിക്കുമെന്നാണ് കരുതുന്നതെന്നും ലാല്‍ ജോസ് കൂട്ടിച്ചേര്‍ത്തു. റെഡ് എഫ്.എം. മലയാളത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അടുത്ത സിനിമ പൊനം ആണ്. പി.എന്‍. പ്രശാന്തിന്റെ നോവലിനെ ബേസ് ചെയ്തിട്ടുള്ള സിനിമയാണ് അത്. ഫഹദാണ് നായകന്‍. ഡയമണ്ട് നെക്ലേസ് റിലീസ് ചെയ്ത് 12 വര്‍ഷത്തിന് ശേഷം ഞാനും ഫഹദും ഒന്നിക്കുന്ന സിനിമയാണ് പൊനം. രണ്ട് നായകന്മാരാണ് കഥയിലുള്ളത്. രണ്ടാമത്തെ നായകനായി മനസില്‍ കണ്ടത് ടൊവിനോയെയായിരുന്നു. പക്ഷേ അയാള്‍ക്ക് ഡേറ്റ് ഇല്ലാത്തതുകൊണ്ട് ഈ പ്രൊജക്ടില്‍ നിന്ന് പിന്മാറി.

വലിയ ബജറ്റില്‍ ഒരുങ്ങുന്ന സിനിമയാണ് ഇത്. അതുകൊണ്ടാണ് ഫഹദിനെപ്പോലെ ഒരു പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ ഇതിലേക്ക് വന്നാല്‍ ബിസിനസ് നല്ല രീതിയില്‍ നടക്കും. ഒരുപാട് വയലന്‍സും ആക്ഷനും ഒക്കെയുള്ള കഥയാണ്. സ്‌ക്രിപ്റ്റ് കുറച്ചുകൂടി കംപ്ലീറ്റ് ആകാനുണ്ട്. അടുത്ത വര്‍ഷം ഷൂട്ട് തുടങ്ങുമെന്നാണ് കരുതുന്നത്. ഷൂട്ട് തീരുന്നതിനനുസരിച്ച് ചിത്രം തിയേറ്ററുകളിലെത്തും,’ ലാല്‍ ജോസ് പറഞ്ഞു.

Content Highlight: Lal Jose says that his next movie with Fahadh Faasil