| Friday, 24th May 2024, 9:41 pm

ഒടിയന്‍ പണ്ട് സിനിമയാക്കാന്‍ ഞാന്‍ ആലോചിച്ചിരുന്നു; ഇവന്‍ ഒന്നിനും കൊള്ളാത്ത പച്ച ചാണകമാണെന്ന് ഇനി ആളുകള്‍ പറയും: ലാല്‍ ജോസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒടിയന്റെ സിനിമ ചെയ്യാന്‍ ആഗ്രഹിച്ചിരുന്നെന്നും എന്നാല്‍ തനിക്ക് അതിന് സാധിച്ചില്ലെന്നും പറയുകയാണ് സംവിധായകന്‍ ലാല്‍ ജോസ്. കുറേ സാധനങ്ങള്‍ താന്‍ സിനിമയാക്കാന്‍ ആദ്യം ആലോചിക്കുമെന്നും എന്നാല്‍ പിന്നീട് വേറെ ആളുകള്‍ അത് കൊണ്ടുപോകുമെന്നും സംവിധായകന്‍ ചിരിയോടെ പറയുന്നു.

താന്‍ അഭിനയിച്ച മന്ദാകിനി എന്ന സിനിമയുടെ ഭാഗമായി സില്ലി മോങ്ക്സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അസിസ്റ്റന്റ് ഡയറക്ടറായിരുന്ന കാലത്താണ് ഫാന്റസി ഴോണറിലുള്ള സിനിമ ചെയ്യാന്‍ ആഗ്രഹിച്ചതെന്നും അതിനായി ബി. കണ്ണന്‍കുട്ടിയെ സമീപിച്ചതിനെ കുറിച്ചും ലാല്‍ ജോസ് അഭിമുഖത്തില്‍ പറയുന്നു.

‘കുറേ സാധനങ്ങള്‍ ഞാന്‍ സിനിമയാക്കാന്‍ ആദ്യം ആലോചിക്കും, പിന്നീട് വേറെ ആളുകള്‍ അത് കൊണ്ടുപോകും. ഞാന്‍ ഇനി പറഞ്ഞാല്‍ ഇവന്‍ ഒന്നിനും കൊള്ളാത്ത പച്ച ചാണകമാണെന്ന് ആളുകള്‍ പറയും (ചിരി).

ഒടിയന്‍ എന്ന് പറഞ്ഞ് ബി. കണ്ണന്‍കുട്ടി എഴുതിയ ഒരു പുസ്തകമുണ്ട്. അത് സിനിമയാക്കാന്‍ ഞാന്‍ ഒരുപാട് ആഗ്രഹിച്ചിരുന്നു. അസിസ്റ്റന്റ് ഡയറക്ടറായിരുന്ന കാലത്താണ് ഫാന്റസി ഴോണറിലുള്ള സിനിമ ചെയ്യാന്‍ ആഗ്രഹിച്ചത്.

അതിനായി കണ്ണന്‍കുട്ടിയെ സമീപിച്ചിരുന്നു. പക്ഷെ ആ സമയത്ത് പ്രിയനന്ദന്‍ അതിന്റെ റൈറ്റ്‌സ് വാങ്ങി. ആരെ വെച്ചായിരുന്നു അദ്ദേഹം ആ സിനിമ ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നതെന്ന് എനിക്ക് അറിയില്ല. അങ്ങനെയാണ് എനിക്ക് അത് മിസാകുന്നത്,’ ലാല്‍ ജോസ് പറഞ്ഞു.

അനാര്‍ക്കലി മരയ്ക്കാര്‍, അല്‍ത്താഫ് സലിം എന്നിവര്‍ ഒന്നിച്ച ചിത്രം ഒരു കോമഡി എന്റര്‍ടൈനറാണ് മന്ദാകിനി. ഈ സിനിമ താന്‍ തെരഞ്ഞെടുത്തതിന്റെ കാരണവും ലാല്‍ ജോസ് അഭിമുഖത്തില്‍ തുറന്നു പറയുന്നു.

‘മന്ദാകിനി ഞാന്‍ തെരഞ്ഞെടുക്കുന്നത് അതില്‍ എനിക്ക് അധികം പണിയില്ലാത്തത് കൊണ്ടാണ്. ശരിക്കും ആ സിനിമയിലേക്ക് വരാന്‍ പല കാരണങ്ങളുണ്ട്. ഞാന്‍ രണ്ട് വര്‍ഷം കൂടുമ്പോഴൊക്കെ സിനിമയെടുക്കുന്ന ആളാണ്. ഇപ്പോള്‍ ഒരു സിനിമയെടുത്തിട്ട് ഏതാണ്ട് രണ്ട് വര്‍ഷമാകാറായി.

എന്റെ സിനിമയില്‍ വര്‍ക്ക് ചെയ്തവരും ടെക്നീഷ്യന്‍സുമല്ലാതെ അതിനപ്പുറത്തേക്ക് ആരുമായും എനിക്ക് വലിയ കണക്ഷനൊന്നും ഉണ്ടാവാറില്ല. സിനിമ തുടങ്ങുന്ന സമയത്ത് ഞാന്‍ എറണാകുളത്ത് വരും കഴിഞ്ഞാല്‍ ഒറ്റപ്പാലത്ത് പോയിരിക്കും. വലിയ സോഷ്യലൈസിങ്ങ് ഇല്ലാത്തത് കൊണ്ട് ബന്ധങ്ങളൊക്കെ കുറവാണ്.

പുതിയ സിനിമയിലെ പല ചെറുപ്പക്കാരനെയും ഞാന്‍ നേരിട്ട് കണ്ടിട്ട് പോലുമില്ല. മന്ദാകിനിയെന്ന സിനിമയിലേക്ക് വിളിക്കുമ്പോഴുള്ള ഒരു സന്തോഷം അതില്‍ പുതിയ സിനിമറ്റോഗ്രാഫറും ഡയറക്ടറുമൊക്കെയാണ് എന്നതാണ്. പ്രൊഡ്യൂസറെ ഇന്നാണ് ഞാന്‍ നേരിട്ട് കാണുന്നത്,’ ലാല്‍ ജോസ് പറയുന്നു.


Content Highlight: Lal Jose Says That He Used To Want To Make A Film About Odiyan

We use cookies to give you the best possible experience. Learn more