| Wednesday, 6th November 2024, 1:48 pm

ഡോക്ടര്‍ സാമുവലായി ആദ്യം തീരുമാനിച്ചത് ആ ബോളിവുഡ് താരത്തെ; പ്രതാപേട്ടന്‍ വേണ്ടെന്ന് എല്ലാവരും പറഞ്ഞു: ലാല്‍ ജോസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബോബി – സഞ്ജയ് ചേര്‍ന്ന് തിരക്കഥ രചിച്ച് ലാല്‍ ജോസ് സംവിധാനം ചെയ്ത ചിത്രമാണ് അയാളും ഞാനും തമ്മില്‍. മലയാളത്തിലെ മികച്ച ചിത്രങ്ങളുടെ ഗണത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിയുന്ന ചിത്രത്തില്‍ നായകനായെത്തിയത് പൃഥ്വിരാജാണ്. ഡോക്ടര്‍ സാമുവല്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് പ്രതാപ് പോത്തനായിരുന്നു.

ചിത്രത്തിലെ ഡോക്ടര്‍ സാമുവല്‍ എന്ന കഥാപാത്രമായി ആദ്യം മനസില്‍ കണ്ടത് നസറുദ്ദീന്‍ ഷായെ ആണെന്ന് പറയുകയാണ് ലാല്‍ ജോസ്. അതിന് വേണ്ടി നസറുദ്ദീന്‍ ഷായെ സമീപിച്ചപ്പോള്‍ മലയാളം അറിയാത്തതുകൊണ്ട് ചെയ്യാന്‍ താത്പര്യമില്ലെന്ന് പറഞ്ഞെന്ന് ലാല്‍ ജോസ് പറയുന്നു.

അതിന് ശേഷം തന്റെ മനസിലേക്ക് ആ കഥാപാത്രത്തെ ചെയ്യാന്‍ പ്രതാപ് പോത്തനാണ് വന്നതെന്നും എന്നാല്‍ 22 ഫീമെയില്‍ കോട്ടയം എന്ന സിനിമയില്‍ അദ്ദേഹം ഒരു റേപ്പിസ്റ്റായി അഭിനയിച്ചതുകൊണ്ട് എല്ലാവരും വേണ്ടെന്ന് പറഞ്ഞെന്നും ലാല്‍ ജോസ് പറയുന്നു. ചരിത്രം എന്നിലൂടെ എന്ന സഫാരി ചാനലിലെ പരിപാടിയിയില്‍ സംസാരിക്കുകയായിരുന്നു ലാല്‍ ജോസ്.

‘കഥ പറയുന്ന കാലത്ത് ബോബിയും സഞ്ജയും പറഞ്ഞുകൊണ്ടിരുന്നത് ഡോക്ടര്‍ സാമുവല്‍ എന്ന കഥാപാത്രം നസറുദ്ദീന്‍ ഷാ ചെയ്യണം എന്നായിരുന്നു. അങ്ങനെ അത് കേട്ട് കേട്ട് നസറുദ്ദീന്‍ ഷായായി ഞങ്ങളുടെ മനസിലെ ആ കഥാപാത്രം. അതുകഴിഞ്ഞ് ആ കഥാപാത്രത്തിന് വേണ്ടി ഞങ്ങള്‍ നസറുദ്ദീന്‍ ഷായെ സമീപിച്ചപ്പോള്‍ മലയാളം അറിയാത്തതുകൊണ്ട് വേറൊരാള്‍ ഡബ്ബ് ചെയ്യുന്നതിനോട് താത്പര്യമില്ല. അദ്ദേഹത്തിന് നേരിട്ട് ശബ്ദം കൊടുക്കാന്‍ കഴിയാത്തതുകൊണ്ട് ചെയ്യുന്നില്ല എന്നാണ് ഞങ്ങളോട് പറഞ്ഞത്.

നസറുദ്ദീന്‍ ഷായെ കിട്ടില്ലെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ആദ്യം പറഞ്ഞ പേര് പ്രതാപ് പോത്തന്റെതാണ്. പ്രതാപേട്ടന്‍ കറക്ട് ആയിരിക്കും എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ എല്ലാവരും പറഞ്ഞു, അത് ശരിയാകില്ല കാരണം 22 ഫീമെയില്‍ കോട്ടയം എന്ന സിനിമയില്‍ അദ്ദേഹമൊരു കൊടും വില്ലനായിട്ട്, ഒരു റേപ്പിസ്റ്റ് ആയിട്ടൊക്കെയാണ് അഭിനയിച്ചിരിക്കുന്നതെന്ന്.

എല്ലാവരും അപ്പോള്‍ തന്നെ പ്രതാപ് പോത്തന്‍ വേണ്ടെന്ന് പറഞ്ഞ് റിജക്ട് ചെയ്തു. പ്രതാപേട്ടന്‍ ചെയ്തതുകൊണ്ടാണ് ആ കഥാപാത്രം അത്രയും മനസില്‍ തട്ടുന്ന രീതിയില്‍ വന്നത്. ഒരു ഡോക്ടര്‍ ആണെന്നൊക്കെ പറഞ്ഞാല്‍ അദ്ദേഹത്തെ കണ്ടാല്‍ അത് മനസിലാകും,’ ലാല്‍ ജോസ് പറയുന്നു.

Content Highlight: Lal Jose Says Naseeruddin Shah Was The First Option To Play Dr. Samuel’s Character In Ayalum Njaanum Thammil Movie

We use cookies to give you the best possible experience. Learn more