| Tuesday, 9th April 2024, 9:19 am

ഹാന്‍ഡില്‍ ചെയ്യാന്‍ ഏറ്റവും എളുപ്പമുള്ള നടന്‍ മമ്മൂട്ടി; നമ്മള്‍ ഫേക്കല്ലെങ്കില്‍ അദ്ദേഹത്തിന്റെ മുന്നില്‍ പേടിക്കേണ്ട: ലാല്‍ ജോസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തനിക്ക് ഹാന്‍ഡില്‍ ചെയ്യാന്‍ ഏറ്റവും എളുപ്പമുള്ളതായി തോന്നിയിട്ടുള്ളത് മമ്മൂട്ടിയെ ആണെന്ന് പറയുകയാണ് സംവിധായകന്‍ ലാല്‍ ജോസ്. ഇത്രയും നാളത്തെ പരിചയമുള്ളത് കാരണം അദ്ദേഹത്തെ അസ്വസ്ഥനാക്കുന്നത് എന്താണെന്ന് മനസിലാക്കാന്‍ കഴിയാറുണ്ടെന്നും ലാല്‍ ജോസ് പറയുന്നു.

സില്ലിമോങ്ക്സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സംവിധായകന്‍. മമ്മൂട്ടിയുടെ ഭാവം മാറുമ്പോള്‍ തന്നെ അത് മനസിലാകാറുണ്ടെന്നും എന്തുകൊണ്ടാണ് ഭാവം മാറുന്നതെന്ന് ഊഹിക്കാവുന്നതേയുള്ളൂ എന്നും ലാല്‍ ജോസ് പറഞ്ഞു.

‘എനിക്ക് ഏറ്റവും ഹാന്‍ഡില്‍ ചെയ്യാന്‍ എളുപ്പമുള്ളതായി തോന്നിയിട്ടുള്ളത് മമ്മൂക്കയെ ആണ്. ഇത്രയും നാളത്തെ പരിചയം കൊണ്ട് അദ്ദേഹത്തെ അസ്വസ്ഥനാക്കുന്നത് എന്താണെന്ന് നമുക്ക് അറിയാം. അദ്ദേഹത്തിന്റെ ഭാവം മാറുമ്പോള്‍ തന്നെ മനസിലാകും. എന്തുകൊണ്ടാണ് അതെന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ,’ ലാല്‍ ജോസ് പറഞ്ഞു.

തനിക്ക് ഒരിക്കലും മമ്മൂട്ടി എന്ന നടനെ അകല്‍ച്ചയോടെയോ പേടിയോടെയോ കാണേണ്ടി വന്നിട്ടില്ലെന്നും സംവിധായകന്‍ അഭിമുഖത്തില്‍ പറയുന്നു. ഒരു വല്ല്യേട്ടന്‍ എന്ന ബഹുമാനത്തോടെയാണ് താന്‍ അദ്ദേഹത്തെ കാണുന്നതെന്നും ലാല്‍ ജോസ് കൂട്ടിച്ചേര്‍ത്തു.

‘എനിക്ക് ഒരിക്കലും മമ്മൂക്കയെ അകല്‍ച്ചയോടെയോ പേടിയോടെയോ കാണേണ്ടി വന്നിട്ടില്ല. എന്നും ഒരു വല്ല്യേട്ടന്‍ എന്ന റെസ്‌പെക്റ്റോടെയാണ് അദ്ദേഹത്തെ ഞാന്‍ കാണുന്നത്. കമല്‍ സാറിന്റെ മഴയെത്തും മുമ്പേ എന്ന സിനിമയില്‍ വര്‍ക്ക് ചെയ്യുമ്പോഴാണ് ഞാന്‍ അദ്ദേഹത്തെ പരിചയപെടുന്നത്.

അന്ന് തന്നെ എന്നെ ചീത്ത പറഞ്ഞു കൊണ്ടാണ് ഞങ്ങള്‍ തമ്മില്‍ പരിചയം തുടങ്ങുന്നത്. എനിക്ക് അന്ന് തന്നെ അദ്ദേഹത്തെ കുറിച്ച് മനസിലായ ഒരു കാര്യമുണ്ട്. നമ്മള്‍ ഫേക്കല്ലെങ്കില്‍ അദ്ദേഹത്തിന്റെ അടുത്ത് ഒന്നും പേടിക്കേണ്ട ആവശ്യമില്ല.

നമുക്ക് ചിലപ്പോള്‍ തെറ്റു സംഭവിക്കാം, ചില കാര്യങ്ങള്‍ അറിയാതിരിക്കാം. കാരണം ലോകത്ത് ഒരാള്‍ക്ക് എല്ലാ കാര്യങ്ങളും അറിയണമെന്നില്ലല്ലോ. എന്നോട് ചോദിക്കുന്ന കാര്യങ്ങള്‍ക്ക് ഞാന്‍ അറിയില്ലെങ്കില്‍ അറിയില്ലെന്ന് തന്നെ പറയും. എന്റെ ആ ആറ്റിറ്റിയൂഡാണ് പുള്ളിക്ക് ഇഷ്ടമായിട്ടുള്ളത് എന്നാണ് ഞാന്‍ കരുതുന്നത്.

കാരണം പിന്നീട് ഹരിഹരന്‍ സാറിന്റെ ഉദ്യാനപാലകന്‍ എന്ന സിനിമയിലേക്ക് എന്നെ അസോസിയേറ്റായി റെക്കമെന്റ് ചെയ്യുന്നത് മമ്മൂക്ക തന്നെയാണ്. കമല്‍ സാറിന്റെ ലൊക്കേഷനില്‍ എന്നെ ചീത്തവിളിയായിരുന്നു. പല കാര്യങ്ങള്‍ക്കും ചീത്ത പറഞ്ഞു.

ഞാന്‍ അന്ന് അസിസ്റ്റന്റ് ഡയറക്ടറാണ്. അസോസിയേറ്റ് പോലും അല്ലായിരുന്നു. പക്ഷേ അതേ ആളാണ് ‘കമലിന്റെ കൂടെ ഒരു പയ്യനുണ്ട്, ലാല്‍ ജോസഫ് എന്നാണ് പേര്. അവന്‍ നല്ല പയ്യനാണ്. അവനെ വിളിക്കാം’ എന്ന് പറയുന്നത്. അദ്ദേഹത്തിന്റെ സ്വഭാവം മനസിലാക്കി കഴിഞ്ഞാല്‍ പിന്നെ കുഴപ്പമില്ല,’ ലാല്‍ ജോസ് പറയുന്നു.


Content Highlight: Lal Jose Says Mammootty Is The Easiest Actor To Handle

We use cookies to give you the best possible experience. Learn more