Entertainment
മമ്മൂക്കയുടെ അടുത്ത് എപ്പോള്‍ പോയി വേണമെങ്കിലും കഥ പറയാനുള്ള അവകാശവും അധികാരവും എനിക്ക് തന്നിട്ടുണ്ട്; ലാല്‍ ജോസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Jul 06, 04:55 am
Tuesday, 6th July 2021, 10:25 am

നടന്‍ മമ്മൂട്ടിയുടെ അടുത്ത് എപ്പോള്‍ വേണമെങ്കിലും പോയി കഥ പറയാനുള്ള അവകാശവും അധികാരവും തനിക്കുണ്ടെന്ന് സംവിധായകന്‍ ലാല്‍ ജോസ്. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ലാല്‍ ജോസിന്റെ തുറന്നുപറച്ചില്‍.

ഇമ്മാനുവലിന് ശേഷം മമ്മൂട്ടിയുമൊത്ത് പടം പ്രതീക്ഷിക്കാമോയെന്ന അവതാരകന്റെ ചോദ്യത്തിനാണ് ലാല്‍ ജോസ് മറുപടി പറയുന്നത്.

‘മമ്മൂക്കയുമായി എപ്പോള്‍ വേണമെങ്കിലും സിനിമ സംഭവിക്കും. കാരണം എനിക്ക് അവകാശമുള്ള ഒരു സ്ഥലമാണത്. മമ്മൂക്ക ചെയ്താല്‍ നന്നാവുമെന്ന് എനിക്ക് തോന്നുന്ന ഒരു കഥ എനിക്ക് കിട്ടുന്നോ, അന്ന് നേരെ ചെന്ന് കഥ പറയാനുള്ള അവകാശവും അധികാരവും എനിക്ക് തന്നിട്ടുണ്ട്,’ ലാല്‍ ജോസ് പറഞ്ഞു.

മമ്മൂട്ടി ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന കഥാപാത്രങ്ങളില്‍ നിന്നും വ്യത്യസ്തമായ എന്തെങ്കിലും ചെയ്യാന്‍ വേണ്ടി താന്‍ കഥ കാത്തിരിക്കുകയാണെന്നും ലാല്‍ ജോസ് പറയുന്നു.

ലാല്‍ ജോസിന്റെ സംവിധാനത്തില്‍ 2013 ഏപ്രിലില്‍ പുറത്തിറങ്ങിയ ചിത്രമാണ് ഇമ്മാനുവല്‍. മമ്മൂട്ടി, ഫഹദ് ഫാസില്‍, റീനു മാത്യൂസ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ച ചിത്രം നിര്‍മിച്ചത് എസ്. ജോര്‍ജ്ജാണ്. അഫ്‌സല്‍ യൂസഫാണ് ഈ ചിത്രത്തിലെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയത്. സാമ്പത്തികമായി മികച്ച വിജയം നേടിയ ചിത്രമായിരുന്നു ഇമ്മാനുവല്‍.

മറവത്തൂര്‍ കനവ്, പട്ടാളം പോലെ തിയ്യേറ്ററില്‍ വിജയിച്ച ഒരുപിടി ചിത്രങ്ങള്‍ ലാല്‍ ജോസ്-മമ്മൂട്ടി കൂട്ടുകെട്ടില്‍ പുറത്തുവന്നിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Lal Jose says about Mammootty