ആടുജീവിതം സിനിമയാക്കാന്‍ വേണ്ടിയായിരുന്നു സ്വന്തമായി പ്രൊഡക്ഷന്‍ കമ്പനി വരെ തുടങ്ങിയത്, പക്ഷേ...: ലാല്‍ ജോസ്
Entertainment
ആടുജീവിതം സിനിമയാക്കാന്‍ വേണ്ടിയായിരുന്നു സ്വന്തമായി പ്രൊഡക്ഷന്‍ കമ്പനി വരെ തുടങ്ങിയത്, പക്ഷേ...: ലാല്‍ ജോസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 7th April 2024, 5:48 pm

തിയേറ്ററുകളില്‍ ഗംഭീര പ്രതികരണങ്ങളുമായി മുന്നേറുകയാണ് ആടുജീവിതം. മലയാളത്തില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട നോവലുകളിലൊന്നിന്റെ ചലച്ചിത്രാവിഷ്‌കാരമാണ് ആടുജീവിതം. റിലീസ് ചെയ്ത് 10 ദിവസം പിന്നിടുമ്പോള്‍ തന്നെ 100 കോടിയിലധികം കളക്ട് ചെയ്തുകഴിഞ്ഞു. ബെന്യാമിന്റെ നോവലിന് ചലച്ചിത്രഭാഷ്യം ഒരുക്കിയത് ബ്ലെസിയാണ്. പൃഥ്വിരാജാണ് ചിത്രത്തിലെ നായകനായ നജീബിനെ അവതരിപ്പിച്ചത്. പൃഥ്വിയുടെ കരിയര്‍ ബെസ്റ്റ് പ്രകടനമാണ് സിനിമയില്‍ കാണാന്‍ സാധിച്ചത്.

സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടത്തിയ അഭിമുഖത്തില്‍ ആടുജീവിതം സിനിമയാക്കാന്‍ ലാല്‍ ജോസും തന്നെ സമീപിച്ചിരുന്നുവെന്ന് ബെന്യാമിന്‍ പറഞ്ഞിരുന്നു. ഇതിനോട് സംവിധായകന്‍ ലാല്‍ ജോസ് പ്രതികരിച്ചു. ബഹ്‌റൈനില്‍ ചെന്ന് ബെന്യാമിനെ കണ്ടിരുന്നുവെന്നും സിനിമയാക്കാനുള്ള ചര്‍ച്ചകള്‍ നടത്തിയിരുന്നുവെന്നും ലാല്‍ജോസ് പറഞ്ഞു. എന്നാല്‍ തന്റെ മനസില്‍ ഉണ്ടായിരുന്നത ഒരു പുതുമുഖ നടനായിരുന്നുവെന്നും ലാല്‍ജോസ് കൂട്ടിച്ചേര്‍ത്തു. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് ലാല്‍ജോസ് ഇക്കാര്യം പറഞ്ഞത്.

‘ആടുജീവിതം നോവല്‍ വായിച്ചു തീര്‍ത്ത സമയത്ത് തന്നെ ഇതില്‍ ഒരു സിനിമക്കുള്ള കഥയുണ്ടെന്ന് മനസിലായി. സിനിമയാക്കിയാല്‍ കൊള്ളാമെന്നും എനിക്ക് തോന്നി. അതിന് വേണ്ടി ബഹ്‌റൈനില്‍ പോയി ബെന്യാമിനുമായി സംസാരിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന് ആ സമയത്ത് അത് ഓക്കെയായിരുന്നു. പിന്നീട് ഈ സിനിമ ആര് പ്രൊഡ്യൂസ് ചെയ്യുമെന്നായി ചിന്ത. മറ്റുള്ളവരെ സമീപിക്കാതെ ഞാന്‍ തന്നെ ഒരു പ്രൊഡക്ഷന്‍ കമ്പനി ഉണ്ടാക്കി. എല്‍.ജെ ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ് എന്നായിരുന്നു അതിന്റെ പേര്.

നജീബായിട്ട് ഒരു പുതുമുഖ നടനെയായിരുന്നു മനസില്‍ കണ്ടിരുന്നത്. കാരണം, ഈ സിനിമയിലെ ഫിസിക്കല്‍ ട്രാന്‍സ്‌ഫോര്‍മേഷന് വേണ്ടി ഒരുപാട് സമയം മാറ്റിവെക്കേണ്ടി വരും. ഒരു സൂപ്പര്‍ താരത്തിനെക്കൊണ്ട് അത്ര വലിയ റിസ്‌ക് എടുക്കാന്‍ താത്പര്യമില്ലായിരുന്നു. അതുപോലെ ഈ സിനിമയിലേക്ക് വിദേശത്തു നിന്നുള്ള ഒരു പ്രൊഡക്ഷന്‍ കമ്പനിയെയും നോക്കിയിരുന്നു. പ്രീ പ്രൊഡക്ഷനും, നാട്ടിലെ സീക്വന്‍സുകളും പോസ്റ്റ് പ്രൊഡക്ഷനുമെല്ലാം എല്‍.ജെ. ഫിലിസും, വിദേശത്തെ ഷൂട്ടിന് വിദേശത്തെ പ്രൊഡക്ഷന്‍ കമ്പനിയും. അതായിരുന്നു പ്ലാന്‍ ചെയ്തത്.

അതിന്റെ ബാക്കി പരിപാടികളുമായി മുന്നോട്ട് പൊയ്‌ക്കൊണ്ടിരുന്നപ്പോളാണ് ബെന്യാമിന്‍ എന്നെ വിളിച്ചിട്ട്, ബ്ലെസിയും നോവല്‍ സിനിമയാക്കാന്‍ വേണ്ടി
സമീപിച്ചിട്ടുണ്ടന്ന് പറഞ്ഞത്. അതിന്റെ സ്‌ക്രിപ്റ്റ് പകുതിയോളം എഴുതിയിട്ടുണ്ടെന്നും പറഞ്ഞു. പിന്നീട് ഞാന്‍ ബ്ലെസിയുമായി സംസാരിച്ച്, അയാള്‍ക്ക് ഈ പ്രൊജക്ടിലുള്ള വിശ്വാസവും കണ്ട് ഞാന്‍ പിന്മാറുകയായിരുന്നു ഇത്ര മികച്ച രീതിയില്‍ ബ്ലെസി ആടുജീവിതം അണിയിച്ചൊരുക്കുമെന്ന് ആ സമയത്ത് തന്നെ മനസിലായിരുന്നു,’ ലാല്‍ ജോസ് പറഞ്ഞു.

Content highlight: Lal Jose saying that he stated a production company for doing Aadujeevitham movie