| Monday, 21st October 2024, 7:28 pm

ആദ്യ ചിത്രം പരാജയമായ ഫഹദിനെ വെച്ച് സിനിമ ചെയ്യാന്‍ അന്ന് പല നിര്‍മാതാക്കള്‍ക്കും പേടിയായിരുന്നു: ലാല്‍ ജോസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് എക്കാലവും ഓര്‍ത്തിരിക്കാന്‍ ഒരുപിടി മികച്ച സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് ലാല്‍ ജോസ്. നിരവധി ചിത്രങ്ങളില്‍ കമലിന്റെ സംവിധാന സഹായിയായി പ്രവര്‍ത്തിച്ച ലാല്‍ ജോസ് ഒരു മറവത്തൂര്‍ കനവ് എന്ന ചിത്രത്തിലൂടെ സ്വതന്ത്രസംവിധായകനായി. പിന്നീട് മീശമാധവന്‍, പട്ടാളം, ക്ലാസ്‌മേറ്റ്‌സ്, അയാളും ഞാനും തമ്മില്‍ തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ ലാല്‍ ജോസ് ഒരുക്കി.

സംവിധാനത്തിന് പുറമെ അഭിനയത്തിലും ലാല്‍ ജോസ് തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. മലയാളത്തിലെ മികച്ച നടന്മാരിലൊരാളായ ഫഹദ് ഫാസിലിനെക്കുറിച്ച് സംസാരിക്കുകയാണ് ലാല്‍ ജോസ്. ഫഹദ് ആദ്യമായി തന്റെയടുത്തേക്ക് വന്നത് അസിസ്റ്റന്റ് ഡയറക്ടറാകാനായിരുന്നെന്ന് ലാല്‍ ജോസ് പറഞ്ഞു. എന്നാല്‍ അത്രയും ഭംഗിയുള്ള കണ്ണുകളുടെ ഉടമയായ ഫഹദിനെ അസിസ്റ്റന്റ് ഡയറക്ടറാക്കാന്‍ തനിക്ക് മനസു വന്നില്ലെന്നും അഭിനയത്തില്‍ ശ്രദ്ധിക്കാന്‍ ഫഹദിനോട് പറഞ്ഞെന്നും ലാല്‍ ജോസ് കൂട്ടിച്ചേര്‍ത്തു.

രണ്ടാം വരവില്‍ ആദ്യം ഫഹദിനെ നായകനാക്കി സിനിമ പ്ലാന്‍ ചെയ്തത് താനായിരുന്നെന്നും ലാല്‍ ജോസ് കൂട്ടിച്ചേര്‍ത്തു. ബോളിവുഡ് താരങ്ങളായ ഹേമമാലിനി, രേഖ എന്നിവരോടൊപ്പം ഫഹദിനെയും പ്രധാന കഥാപാത്രമാക്കി മദര്‍ ഇന്ത്യ എന്ന പേരില്‍ ഒരു സിനിമ പ്ലാന്‍ ചെയ്‌തെന്നും മുരളി ഗോപി അതിന് തിരക്കഥയെഴുതാന്‍ റെഡിയായിരുന്നെന്നും ലാല്‍ ജോസ് കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ആദ്യസിനിമ പരാജയമായ ഒരു നടനെ വെച്ച് സിനിമ ചെയ്യാന്‍ പല നിര്‍മാതാക്കള്‍ക്കും പേടിയായിരുന്നെന്നും അതിന് ശേഷമാണ് ഫഹദ് മൃത്യുഞ്ജയവും ചാപ്പാ കുരിശുമെല്ലാം ചെയ്തതെന്നും ലാല്‍ ജോസ് പറഞ്ഞു. പിന്നീട് മദര്‍ ഇന്ത്യ എന്ന പ്രൊജക്ട് ഉപേക്ഷിക്കേണ്ടി വന്നെന്നും അതിന് ശേഷമാണ് താനും ഫഹദും ചേര്‍ന്ന് ഡയമണ്ട് നെക്ലേസ് ചെയ്തതെന്നും ലാല്‍ ജോസ് കൂട്ടിച്ചേര്‍ത്തു. റെഡ് എഫ്.എം മലയാളത്തോട് സംസാരിക്കുകയായിരുന്നു ലാല്‍ ജോസ്.

‘ഫഹദ് ആദ്യമായി എന്റെയടുത്തേക്ക് വരുന്നത് അസിസ്റ്റന്റ് ഡയറക്ടറാകാനാണ്. പക്ഷേ അത്രക്ക് സുന്ദരനായ, ഭംഗിയുള്ള കണ്ണുകളുടെ ഉടമയായ ഫഹദിനെ അസിസ്റ്റന്റ് ഡയറക്ടറാക്കി വെയില്‍ കൊള്ളിക്കാന്‍ എനിക്ക് താത്പര്യമില്ലായിരുന്നു. അവനോട് അഭിനയത്തില്‍ കോണ്‍സന്‍ട്രേറ്റ് ചെയ്യാന്‍ ഞാന്‍ പറഞ്ഞു. ‘പോ ചേട്ടാ കളിയാക്കാതെ’ എന്നായിരുന്നു അവന്റെ മറുപടി. ഫഹദിന്റെ തിരിച്ചുവരവില്‍ അവനെ വെച്ച് ആദ്യ സിനിമ ചെയ്യാന്‍ പ്ലാനിട്ടത് ഞാനായിരുന്നു.

ഹേമമാലിനി, രേഖ, പിന്നെ പുതിയൊരു നായിക ഇവരുടെ കൂടെ ഫഹദും ഉള്ള പടം. മദര്‍ ഇന്ത്യ എന്നായിരുന്നു അതിന് ടൈറ്റിലിട്ടിരുന്നത്. മുരളി ഗോപി സ്‌ക്രിപ്റ്റ് എഴുതും എന്നൊക്കെ പ്ലാന്‍ ചെയ്തിരുന്നു. എന്നാല്‍ നായകനായ ആദ്യസിനിമ പരാജയമായ ഫഹദിനെ വീണ്ടും നായകനാക്കി ഒരു പടം ചെയ്യാന്‍ പല നിര്‍മാതാക്കള്‍ക്കും പേടിയായിരുന്നു. പിന്നെയാണ് ഫഹദ് മൃത്യുഞ്ജയവും ചാപ്പാ കുരിശുമൊക്കെ ചെയ്യുന്നത്. മദര്‍ ഇന്ത്യ പിന്നീട് നടക്കാതെ പോയി. പിന്നീടാണ് ഡയമണ്ട് നെക്ലേസ് ചെയ്യുന്നത്,’ ലാല്‍ ജോസ് പറയുന്നു.

Content Highlight: Lal Jose saying that he planned a film with Fahadh Faasil

We use cookies to give you the best possible experience. Learn more