| Monday, 8th April 2024, 4:34 pm

ആടുജീവിതം ഞാന്‍ ചെയ്യാന്‍ ഉദ്ദേശിച്ചപ്പോള്‍ അതില്‍ നായകനായി പുതുമുഖനടനെയാണ് ഉദ്ദേശിച്ചത്, അതിന്റെ കാരണം....: ലാല്‍ ജോസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബ്ലെസി എന്ന സംവിധായകന്റെ 16 വര്‍ഷത്തെ സമര്‍പ്പണമാണ് ആടുജീവിതം എന്ന സിനിമ. 2008ല്‍ പുറത്തിറങ്ങിയ ഇതേ പേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്‌കാരത്തിനായി കരിയറിലെ 16 വര്‍ഷമാണ് ബ്ലെസി മാറ്റി വെച്ചത്. ഗംഭീര പ്രതികരണവുമായി മുന്നേറുന്ന സിനിമക്കൊപ്പം ബ്ലെസിക്ക് മുന്നേ ആടുജീവിതം സിനിമയാക്കാന്‍ ശ്രമിച്ചവരെക്കുറിച്ചും ചര്‍ച്ചകളുണ്ടായി. 2008ല്‍ തന്നെ സംവിധായകന്‍ ലാല്‍ ജോസ് ആടുജീവിതം സിനിമയാക്കാന്‍ തന്നെ സമീപിച്ചിരുന്നുവെന്ന് ബെന്യാമിന്‍ പറഞ്ഞിരുന്നു.

ബെന്യാമിന്റെ പ്രസ്താവനക്ക് പിന്നാലെ ആടുജീവിതം സിനിമയാക്കാന്‍ വേണ്ടി താന്‍ നടത്തിയ തയാറെടുപ്പുകളെക്കുറിച്ച് ലാല്‍ ജോസ് സംസാരിച്ചു. ലാല്‍ ജോസ് അഭിനയിക്കുന്ന പുതിയ ചിത്രമായ മന്ദാകിനിയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് മൂവീവേള്‍ഡ് മീഡിയക്ക്  നല്‍കിയ അഭിമുഖത്തിലാണ് ലാല്‍ ജോസ് ഇക്കാര്യം പറഞ്ഞത്. ചിത്രത്തിനായി താന്‍ മനസില്‍ കണ്ടത് ഒരു പുതുമുഖ നടനെയായിരുന്നുവെന്നും ലാല്‍ ജോസ് പറഞ്ഞു.

‘ആടുജീവിതം നോവല്‍ വായിച്ചപ്പോള്‍ തന്നെ അതിലൊരു സിനിമയുടെ എലമെന്റുണ്ടെന്ന് മനസിലായി. പക്ഷേ ഒരു മലയാളസിനിമക്ക് താങ്ങാന്‍ പറ്റുന്നതിലപ്പുറമാവും അതിന്റെ ബജറ്റെന്ന് അന്ന് മനസിലായി. പക്ഷേ ഇന്ന് കാണുന്ന പോലെ ഗ്രാന്‍ഡ് ആയിട്ടൊന്നും ആയിരുന്നില്ല അന്ന് പ്ലാന്‍ ചെയ്തിരുന്നത്. അതുപോലെ നജീബായിട്ട് എന്റെ മനസിലുണ്ടായിരുന്നത് ഒരു പുതുമുഖനടനായിരുന്നു.

അതിനൊരു കാരണവുമുണ്ട്. വലിയ നടന്മാരെ ഈ റോളിലേക്ക് പരിഗണിച്ചാല്‍ നജീബ് എന്ന കഥാപാത്രത്തിന്റെ ട്രാന്‍സ്‌ഫോര്‍മേഷന് വേണ്ടി ഒരുപാട് സമയം മാറ്റിവെക്കേണ്ടി വരും. അത് അവരുടെ മറ്റ് സിനിമകളെ ബാധിക്കും. എല്ലാം കൊണ്ടും ഒരു പുതുമുഖ നടന്‍ തന്നെയാണ് നല്ലതെന്ന് തോന്നി. നാടകത്തിന്റെ ബാക്ക്ഗ്രൗണ്ടുള്ള ഒരു നടനെ ആ സമയം മനസില്‍ കണ്ടിരുന്നു.

അങ്ങനെയിരിക്കുന്ന സമയത്താണ് ബെന്യാമിന്‍ സാര്‍ ഒന്നുകൂടി വിളിക്കുന്നത്. ‘ബ്ലെസി വന്നിരുന്നു, അയാള്‍ക്കും ഈ നോവല്‍ സിനിമ ചെയ്യണമെന്നുണ്ട്. നിങ്ങള്‍ രണ്ടുപേരും സംസാരിച്ച് ഒരു തീരുമാനത്തില്‍ വരൂ’ എന്ന് പറഞ്ഞു. ഞാന്‍ ബ്ലെസിയെ വിളിച്ച് സംസാരിച്ചപ്പോള്‍ അയാള്‍ പകുതിയോളം സ്‌ക്രിപ്റ്റ് പൂര്‍ത്തിയാക്കി എന്ന് അറിഞ്ഞു.

മാത്രമല്ല, നോവലിനെ സിനിമയാക്കുമ്പോളുള്ള ബ്ലെസിയുടെ വിഷനും ഗംഭീരമായി തോന്നി. ഞാന്‍ ഇതില്‍ നിന്ന് പിന്മാറുന്നതാണ് നല്ലെതന്ന് എനിക്ക് തോന്നിയതുകൊണ്ട് ഞാന്‍ പിന്മാറി. ഇത്രയും മികച്ചതായി ബ്ലെസിക്ക് ചെയ്യാന്‍ കഴിയുമെന്ന് അന്നേ തോന്നിയിരുന്നു,’ ലാല്‍ ജോസ് പറഞ്ഞു.

Content Highlight: Lal Jose saying that he planned a debut actor in Najeeb’s role in Aadujeevitham

We use cookies to give you the best possible experience. Learn more