പൃഥ്വിയെ വെച്ച് ഇന്ന് അതുപോലൊരു സിനിമ എനിക്ക് ചെയ്യാന്‍ സാധിക്കില്ല: ലാല്‍ ജോസ്
Entertainment
പൃഥ്വിയെ വെച്ച് ഇന്ന് അതുപോലൊരു സിനിമ എനിക്ക് ചെയ്യാന്‍ സാധിക്കില്ല: ലാല്‍ ജോസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 23rd October 2024, 10:18 pm

അസിസ്റ്റന്റ് ഡയറക്ടറായി സിനിമാ കരിയര്‍ ആരംഭിച്ചയാളാണ് ലാല്‍ ജോസ്. കമലിനൊപ്പം പതിനാലോളം സിനിമകളില്‍ സഹായിയായി പ്രവര്‍ത്തിച്ച ലാല്‍ ജോസ് ഒരു മറവത്തൂര്‍ കനവ് എന്ന ചിത്രത്തിലൂടെ സ്വതന്ത്രസംവിധായകനായത്. പിന്നീട് ഒരുപിടി മികച്ച സിനിമകള്‍ മലയാളികള്‍ക്ക് സമ്മാനിക്കാന്‍ ലാല്‍ ജോസിന് സാധിച്ചു. മീശമാധവന്‍, ചാന്തുപൊട്ട്, അറബിക്കഥ തുടങ്ങിയ ചിത്രങ്ങള്‍ സൂപ്പര്‍ഹിറ്റാക്കിയപ്പോള്‍ ക്ലാസ്‌മേറ്റ്‌സ് എന്ന ചിത്രം ഇന്‍ഡസ്ട്രിയല്‍ ഹിറ്റാക്കാനും ലാല്‍ ജോസിന് സാധിച്ചു.

പൃഥ്വിരാജിനെ നായകനാക്കി 2012ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത ചിത്രമായിരുന്നു അയാളും ഞാനും തമ്മില്‍. പൃഥ്വിരാജിന് ആ വര്‍ഷത്തെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡും ലാല്‍ ജോസിന് മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡും ആ ചിത്രത്തിലൂടെ ലഭിച്ചു. ആ വര്‍ഷത്തെ ജനപ്രിയ ചിത്രത്തിനുള്ള അവാര്‍ഡ് സ്വന്തമാക്കിയതും അയാളും ഞാനും തമ്മിലായിരുന്നു. ചിത്രത്തെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് ലാല്‍ ജോസ്.

പൃഥ്വിരാജിനെയും മോഹന്‍ലാലിനെയും വെച്ച് കസിന്‍സ് എന്ന സിനിമ പ്ലാന്‍ ചെയ്യുന്നതിനിടയിലാണ് ഈ സിനിമയുടെ കഥ കേട്ടതെന്ന് ലാല്‍ ജോസ് പറഞ്ഞു. കഥ കേട്ടപ്പോള്‍ തന്നെ തനിക്ക് ഇഷ്ടമായെന്നും തന്റെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നായാണ് ആ സിനിമയെ കാണുന്നതെന്നും ലാല്‍ ജോസ് കൂട്ടിച്ചേര്‍ത്തു. പൃഥ്വിയുടെ കരിയറിലെ മികച്ച സിനിമകളിലൊന്നായി പലരും അതിനെ പറയാറുണ്ടെന്നും ലാല്‍ ജോസ് പറഞ്ഞു.

എന്നാല്‍ ഇന്ന് പൃഥ്വിയെ വെച്ച് അതുപോലൊരു ചിത്രം ചെയ്യാന്‍ തനിക്ക് സാധിക്കില്ലെന്നും പൃഥ്വിയുടെ ശരീരം ഇപ്പോള്‍ ഒരു യോദ്ധാവിന്റേത് പോലെയാണെന്നും ആ സിനിമയിലേതുപോലെ എല്ലാ അര്‍ത്ഥത്തിലും തകര്‍ന്നുപോയ കഥാപാത്രം പൃഥ്വിക്ക് ചെയ്യാന്‍ പറ്റുമോ എന്ന് സംശയമാണെന്നും ലാല്‍ ജോസ് പറഞ്ഞു. റെഡ് എഫ്.എം. മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് ലാല്‍ ജോസ് ഇക്കാര്യം പറഞ്ഞത്.

‘രാജുവിനെയും ലാലേട്ടനെയും വെച്ച് കസിന്‍സ് എന്ന സിനിമ ചെയ്യാന്‍ പറ്റുമോ എന്നാലോചിച്ചുകൊണ്ടുള്ള ഓട്ടത്തിനിടയിലാണ് അയാളും ഞാനും തമ്മിലിന്റെ കഥ എന്റെയടുത്ത് എത്തുന്നത്. പൃഥ്വി വഴിയാണ് ആ സിനിമയുടെ കഥ ഞാന്‍ കേട്ടത്. പ്രേം പ്രകാശും ബോബി സഞ്ജയ്മാരും ഒരുമിച്ചാണ് കഥ പറയാന്‍ എന്റെയടുത്ത് വന്നത്. എന്റെയും പൃഥ്വിയുടെയും കരിയറിലെ മികച്ച സിനിമകളിലൊന്നായാണ് ഞാന്‍ ആ സിനിമയെ കാണുന്നത്.

പക്ഷേ ഇന്ന് അതുപോലൊരു സിനിമ രാജുവിനെ വെച്ച് ചെയ്യാന്‍ എനിക്ക് സാധിക്കില്ല. കാരണം, ആ സിനിമയിലെ രവി തരകന്‍ ജീവിതത്തില്‍ പ്രണയമെല്ലാം നഷ്ടപ്പെട്ട് ഉടഞ്ഞുപോയ ഒരാളാണ്. രാജുവിന്റെ ഇപ്പോഴത്തെ ശരീരം എന്നു പറയുന്നത് ഒരു യോദ്ധാവിനെപ്പോലെയാണ്. അത്തരത്തില്‍ ഒരു ഫിസീക് വെച്ചുകൊണ്ട് രവി തരകനെപ്പോലെ തകര്‍ന്ന ഒരാളെ അവതരിപ്പിക്കാന്‍ രാജുവിന് കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല,’ ലാല്‍ ജോസ് പറഞ്ഞു.

Content Highlight: Lal Jose saying that he can’t do another movie like Ayalum Njanum Thammil with Prithviraj now