| Thursday, 14th November 2024, 2:16 pm

നിറം കാരണം ശ്രദ്ധിക്കപ്പെടാതെ പോയ എന്റെ സിനിമയായിരുന്നു അത്: ലാല്‍ ജോസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അസിസ്റ്റന്റ് ഡയറക്ടറായി സിനിമാ കരിയര്‍ ആരംഭിച്ചയാളാണ് ലാല്‍ ജോസ്. കമലിനൊപ്പം പതിനാലോളം സിനിമകളില്‍ സഹായിയായി പ്രവര്‍ത്തിച്ച ലാല്‍ ജോസ് ഒരു മറവത്തൂര്‍ കനവ് എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്രസംവിധായകനായത്. പിന്നീട് ഒരുപിടി മികച്ച സിനിമകള്‍ മലയാളികള്‍ക്ക് സമ്മാനിക്കാന്‍ ലാല്‍ ജോസിന് സാധിച്ചു.

മീശമാധവന്‍, ചാന്തുപൊട്ട്, അറബിക്കഥ തുടങ്ങിയ ചിത്രങ്ങള്‍ സൂപ്പര്‍ഹിറ്റാക്കിയപ്പോള്‍ ക്ലാസ്‌മേറ്റ്‌സ് എന്ന ചിത്രം ഇന്‍ഡസ്ട്രിയല്‍ ഹിറ്റാക്കാനും ലാല്‍ ജോസിന് സാധിച്ചു.ആദ്യ ചിത്രം സൂപ്പര്‍ഹിറ്റാക്കിയ ലാല്‍ ജോസിന്റെ രണ്ടാമത്തെ ചിത്രമായിരുന്നു ചന്ദ്രനുദിക്കുന്ന ദിക്കില്‍. ദിലീപ് നായകനായ ചിത്രത്തില്‍ ബിജു മേനോന്‍, കാവ്യ മാധവന്‍, സംയുക്ത വര്‍മ എന്നിവര്‍ പ്രധാനവേഷത്തിലെത്തിയിരുന്നു. ചിത്രത്തെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് ലാല്‍ ജോസ്.

ആ ചിത്രത്തില്‍ തനിക്ക് നല്ല പ്രതീക്ഷയായിരുന്നെന്നും എന്നാല്‍ ദിലീപിന് അത്രകണ്ട് പ്രതീക്ഷയില്ലായിരുന്നെന്നും ലാല്‍ ജോസ് പറഞ്ഞു. ആ സിനിമക്ക് പകരം ഉദയപുരം സുല്‍ത്താനിലാണ് തന്റെ പ്രതീക്ഷയെന്ന് ദിലീപ് പറഞ്ഞിരുന്നുവെന്നും ലാല്‍ ജോസ് കൂട്ടിച്ചേര്‍ത്തു. തങ്ങള്‍ രണ്ടുപേരുടെയും സിനിമാസങ്കല്പങ്ങള്‍ തമ്മില്‍ വളരെയധികം വ്യത്യാസമുണ്ടായിരുന്നെന്ന് ലാല്‍ ജോസ് പറഞ്ഞു.

ചന്ദ്രനുദിക്കുന്ന ദിക്കില്‍ തിയേറ്ററുകളിലെത്തിയപ്പോള്‍ ആ സിനിമക്ക് നേരിടേണ്ടിവന്നത് തന്റെ ഗുരുവായ കമലിന്റെ നിറം എന്ന സിനിമയോടായിരുന്നെന്നും ലാല്‍ ജോസ് കൂട്ടിച്ചേര്‍ത്തു. നിറം തിയേറ്ററുകളില്‍ നല്ല രീതിയില്‍ മുന്നേറുന്ന സമയത്തായിരുന്നു ചന്ദ്രനുദിക്കുന്ന ദിക്കില്‍ റിലീസ് ചെയ്തതെന്നും ആ സിനിമ കാരണം തന്റെ ചിത്രം ശ്രദ്ധിക്കപ്പെടാതെ പോയെന്നും ലാല്‍ ജോസ് പറഞ്ഞു. സിനിപ്ലസ് എന്റര്‍ടൈന്മെന്റ്‌സിനോട് സംസാരിക്കുകയായിരുന്നു ലാല്‍ ജോസ്.

‘മറവത്തൂര്‍ കനവിന് ശേഷം ഞാന്‍ ചെയ്ത സിനിമയായിരുന്നു ചന്ദ്രനുദിക്കുന്ന ദിക്കില്‍. ദിലീപുമായി ഞാന്‍ ആദ്യമായി ഒന്നിച്ച സിനിമയായിരുന്നു അത്. ഞങ്ങള്‍ അടുത്ത സുഹൃത്തുക്കളായിരുന്നെങ്കിലും എന്റെയും ദിലീപിന്റെയും സിനിമാ സങ്കല്പങ്ങള്‍ തമ്മില്‍ നല്ല വ്യത്യാസമുണ്ടായിരുന്നു. ദിലീപിന് എന്റെ സിനിമയെക്കാള്‍ വിശ്വാസം ഉദയപുരം സുല്‍ത്താനിലായിരുന്നു.

ചന്ദ്രനുദിക്കുന്ന ദിക്കില്‍ തിയേറ്ററുകളിലെത്തിയപ്പോള്‍ എന്റെ ഗുരുവായ കമല്‍ സാര്‍ സംവിധാനം ചെയ്ത നിറവുമായിട്ടായിരുന്നു മത്സരിക്കേണ്ടിയിരുന്നത്. നിറം ആ സമയത്ത് തിയേറ്ററുകളില്‍ നല്ല രീതിയില്‍ മുന്നേറുകയായിരുന്നു. ആ സിനിമ കാരണം ചന്ദ്രനുദിക്കുന്ന ദിക്കില്‍ വേണ്ട രീതിയില്‍ ശ്രദ്ധിക്കപ്പെടാതെ പോയി,’ ലാല്‍ ജോസ് പറയുന്നു.

Content Highlight: Lal Jose saying that Chandranudikkunna Dikkil failed because of Niram movie

We use cookies to give you the best possible experience. Learn more