| Thursday, 31st October 2024, 4:05 pm

ആ പൃഥ്വിരാജ് ചിത്രത്തിന് ടൈറ്റില്‍ കണ്ടുപിടിക്കാന്‍ വല്ലാതെ ബുദ്ധിമുട്ടി: ലാല്‍ ജോസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പൃഥ്വിരാജ്- ലാല്‍ ജോസ് കൂട്ടുകെട്ടില്‍ 2012ല്‍ റിലീസായ ചിത്രമാണ് അയാളും ഞാനും തമ്മില്‍. ബോക്സ് ഓഫീസില്‍ മികച്ച വിജയം സ്വന്തമാക്കിയ ചിത്രം നിരവധി അവാര്‍ഡുകളും വാരിക്കൂട്ടി. മികച്ച നടന്‍, സംവിധായകന്‍, ജനപ്രിയ ചിത്രം, മികച്ച ഹാസ്യനടന്‍ എന്നീ വിഭാഗങ്ങളിലെ അവാര്‍ഡാണ് ചിത്രം നേടിയത്. പൃഥ്വിരാജ് എന്ന നടന്‍ അതിഭീകരമായ സൈബര്‍ അറ്റാക്ക് നേരിടുന്ന കാലത്ത് റിലീസായ ചിത്രം വിമര്‍ശകര്‍ക്കുള്ള മറുപടി കൂടിയായിരുന്നു.

ചിത്രത്തിന് ടൈറ്റില്‍ കണ്ടുപിടിക്കാന്‍ തങ്ങള്‍ ഒരുപാട് കഷ്ടപ്പെട്ടിരുന്നുവെന്ന് പറയുകയാണ് ലാല്‍ ജോസ്. ബോബിയും സഞ്ജയും ആദ്യം പറഞ്ഞ ടൈറ്റില്‍ തനിക്ക് ഇഷ്ടമായില്ലെന്നും താന്‍ നിര്‍ദേശിച്ച ടൈറ്റില്‍ അവര്‍ക്ക് സ്വീകാര്യമായില്ലെന്നും ലാല്‍ ജോസ് പറഞ്ഞു. പിന്നീട് ഒരുപാട് സമയം ടൈറ്റില്‍ ആലോചിച്ച് ഇരുന്നെന്നും സിനിമയിലേക്ക് കണക്ട് ചെയ്യുന്ന ഒരെണ്ണം പോലും കിട്ടിയിരുന്നില്ലെന്നും ലാല്‍ ജോസ് കൂട്ടിച്ചേര്‍ത്തു.

ഒടുവില്‍ ബോബിയും സഞ്ജയും ഒരുദിവസം തന്നെക്കാണാന്‍ വന്നെന്നും ഇതാണ് ലാസ്റ്റ് ടൈറ്റില്‍ ഇത് ഇഷ്ടമായില്ലെങ്കില്‍ തങ്ങളുടെ കൈയില്‍ വേറെ ഇല്ലെന്ന് പറഞ്ഞെന്നും ലാല്‍ ജോസ് പറഞ്ഞു. അയാളും ഞാനും തമ്മില്‍ എന്നാണ് അവര്‍ പറഞ്ഞ ടൈറ്റിലെന്നും അത് കേട്ടയുടനെ ഇതാണ് തനിക്ക് വേണ്ടിയിരുന്നതെന്നും ഈ സിനിമക്ക് ഇതല്ലാതെ വേറൊരു ടൈറ്റിലും ഇല്ലെന്ന് താന്‍ പറഞ്ഞെന്നും ലാല്‍ ജോസ് കൂട്ടിച്ചേര്‍ത്തു. റെഡ് എഫ്.എം. മലയാളത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഒരുപാട് വെല്ലുവിളികള്‍ അയാളും ഞാനും തമ്മില്‍ എന്ന സിനിമയുടെ സമയത്ത് നേരിടേണ്ടി വന്നിരുന്നു. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരുന്നു സിനിമക്ക് പറ്റിയ ടൈറ്റില്‍ കണ്ടുപിടിക്കല്‍. ബോബിയും സഞ്ജയും ആദ്യം പറഞ്ഞ ടൈറ്റില്‍ എനിക്ക് ഇഷ്ടമായില്ല, അത് കഴിഞ്ഞ് ഞാന്‍ പറഞ്ഞ ടൈറ്റില്‍ അവര്‍ക്ക് ഇഷ്ടമായില്ല. അങ്ങനെ ഒരുപാട് പേരുകള്‍ ഞങ്ങള്‍ മുന്നോട്ടുവെച്ചു. ഒരെണ്ണം പോലും ആര്‍ക്കും ഇഷ്ടമായില്ല.

അങ്ങനെയിരിക്കുമ്പോള്‍ ഒരുദിവസം ബോബിയും സഞ്ജയും എന്നെ കാണാന്‍ വന്നിട്ട് ‘ഞങ്ങള്‍ ഒരു ടൈറ്റില്‍ കണ്ടുപിടിച്ചിട്ടുണ്ട്, ഇതാണ് അവസാനത്തേത്. ഇനി ഞങ്ങളെക്കൊണ്ട് വേറെ ടൈറ്റില്‍ കണ്ടുപിടിക്കാന്‍ വയ്യ’ എന്ന് പറഞ്ഞിട്ട് അവര്‍ മുന്നോട്ടുവച്ച ടൈറ്റിലാണ് അയാളും ഞാനും തമ്മില്‍. ആ പേര് കേട്ടതും ഇതാണ് വേണ്ടത് ഈ സിനിമയുടെ കഥ ഇതിലും നന്നായി ആളുകളിലേക്ക് എത്തിക്കാന്‍ പറ്റുന്ന ടൈറ്റില്‍ വേറെയില്ല എന്ന് ഞാന്‍ പറഞ്ഞു. നമുക്ക് ഒരു തൃപ്തി വന്നാല്‍ മാത്രമല്ലേ പ്രേക്ഷകര്‍ക്ക് അതേ ഫീല്‍ ലഭിക്കുള്ളൂ,’ ലാല്‍ ജോസ് പറയുന്നു.

Content Highlight: Lal Jose saying he and the writers faced difficult to find a title for Ayalum Njanum Thammil movie

We use cookies to give you the best possible experience. Learn more