| Saturday, 7th October 2023, 9:32 am

'ഫഹദിനെ വെച്ച് പടം ചെയ്യാൻ നിർമാതാക്കൾ തയ്യാറായില്ല, അങ്ങനെ ആ സിനിമ നടക്കാതെ പോയി'

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഫഹദ് ഫാസിലിനെ വെച്ച് താൻ ആദ്യം ചെയ്യാനിരുന്ന സിനിമ നടക്കാതെ പോയെന്ന് സംവിധായകൻ ലാൽ ജോസ്. മദർ ഇന്ത്യ എന്നായിരുന്നു സിനിമയുടെ പേരെന്നും രേവതിയും ശോഭനയ്ക്കും പുറമെ സിനിമയിലെ നടനായും വില്ലനായും ഫഹദിനെയായിരുന്നു കരുതിയിരുന്നതെന്നും ലാൽ ജോസ് പറഞ്ഞു.

എന്നാൽ ഫഹദിനെവെച്ച് പടം ചെയ്യാൻ നിർമാതാക്കൾ തയ്യാറാവാത്തതുകൊണ്ടാണ് സിനിമ നടക്കാതെ പോയെതെന്നും ലാൽ ജോസ് കൂട്ടിച്ചേർത്തു. സഫാരി ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഫഹദ് അമേരിക്കയിലെ പഠനമൊക്കെ കഴിഞ്ഞ് തിരിച്ച് വന്ന സമയത്ത് എന്റെ പടത്തിൽ അസിസ്റ്റൻറ് ഡയറക്ടർ ആവണം എന്ന് പറഞ്ഞു. ‘വെളുത്ത് തുടുത്ത് ആപ്പിള് പോലിരിക്കുന്ന നീ അസിസ്റ്റൻറ് ഡയറക്ടറായി വെയിൽ കൊണ്ട് കറുക്കുകയൊന്നും വേണ്ട, നിന്നെ ഞാൻ നായകനാക്കിയിട്ട് ഒരു സിനിമ ചെയ്യും’ എന്ന് ഞാൻ അവനോട് അന്ന് പറഞ്ഞിരുന്നു. ‘പോ ചേട്ടാ കളിയാക്കാതെ’ എന്നവൻ പറഞ്ഞു. ഞാനപ്പോൾ അവനോട് പറഞ്ഞു നീ നടനാവേണ്ട ആളാണ് നിനക്കതിന് പറ്റും എന്ന്.

ഞാൻ ആ സമയത്ത് ഒരു സിനിമ പ്ലാൻ ചെയ്തിരുന്നു. ഈ സിനിമയൊക്കെ ഫഹദ് അഭിനയിക്കുന്നതിന് മുൻപ്. ‘മദർ ഇന്ത്യ’ എന്നായിരുന്നു ആ സിനിമയുടെ പേര്. ഫഹദ് ആയിരുന്നു ആ സിനിമയിലെ നായകനും വില്ലനും. രേവതിയും ശോഭനയും ലീഡ് ചെയ്യുന്ന ഒരു സിനിമയായിരുന്നു. അതിൽ ഫഹദാണ് പ്രധാന പുരുഷ നടൻ.

മുരളി ഗോപി പറഞ്ഞ കഥയുടെ ബേസിലാണ് അത് ചെയ്യാൻ തീരുമാനിച്ചത്. ക്ലാസ്മേറ്റ്സിനൊക്കെ ശേഷം ചെയ്യാൻ വിചാരിച്ച ഒരു സിനിമയായിരുന്നു. ഫഹദ് ആണ് നായകൻ എന്ന് പറയുമ്പോൾ പ്രൊഡ്യൂസേഴ്സ് ഒക്കെ പിന്മാറുകയായിരുന്നു. ഫഹദിനെ അവർക്ക് ആർക്കും അറിയില്ല, പിന്നെ അറിയുന്നത് അവൻ പത്തൊമ്പതാം വയസ്സിൽ അഭിനയിച്ച കയ്യെത്തും ദൂരത്ത് എന്ന സിനിമയാണ്. പുതിയ ഫഹദിനെ അവർക്ക് ആർക്കും അറിയില്ല. അങ്ങനെ അത് നടക്കാതെ പോയതാണ്.

ആ സമയത്താണ് ഞങ്ങളുടെ കേരള കഫേയിലെ മൃത്യുഞ്ജയം എന്ന ചെറിയ ഒരു ഹൊറർ ടച്ചുള്ള കഥ ആനന്ദ് എന്ന് പറഞ്ഞയാൾ ഡയറക്ട് ചെയ്തത്. ആ ഷോർട്ട് ഫിലിമിൽ ഫഹദ് അഭിനയിച്ചു. അതിലെ ഫഹദിന്റെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നെ കോക്‌ടെയ്ൽ എന്ന സിനിമയിൽ അനൂപ് മേനോന്റെ കൂടെ ഒരു ചെറിയ കഥാപാത്രം ചെയ്തു. അത് കഴിഞ്ഞ് ചാപ്പാ കുരിശ്, പിന്നെയാണ് കുറച്ചൂടെ വലിയ വേഷത്തിൽ 22 ഫീമെയിൽ കോട്ടയത്തിൽ എത്തുന്നത് അതിലെ നായകനും വില്ലനും അവനാണ്,’ ലാൽ ജോസ് പറഞ്ഞു.

Content Highlight:Lal Jose said that the producers were not ready to make a film with Fahadh faasil 
We use cookies to give you the best possible experience. Learn more