എല്‍സമ്മ എന്ന ആണ്‍കുട്ടിയുടെ ഷൂട്ട് തുടങ്ങുന്ന ദിവസം നടി ആന്‍ അഗസ്റ്റിന്‍ ചിത്രത്തില്‍ നിന്ന് പിന്മാറുകയാണെന്ന് പറഞ്ഞ് തന്നെ സമീപിച്ചതിനെ കുറിച്ച് പറയുകയാണ് സംവിധായകന്‍ ലാല്‍ ജോസ്. ഷൂട്ടിങ്ങിന് വന്നുകഴിഞ്ഞപ്പോൾ ആനിന്റെ ധൈര്യമൊക്കെ ചോർന്നു പോയതുകൊണ്ടാണ് പിന്മാറാൻ നോക്കിയതെന്ന് ലാൽ ജോസ് പറഞ്ഞു. മമ്മൂട്ടിയും മോഹൻലാലും അഭിനയിച്ച ചിത്രങ്ങളുടെ കൂടെയാണ് തന്റെ ചിത്രം വന്നിരുന്നതെന്നും എന്നാൽ അത് വിജയചിത്രമായെന്നും അദ്ദേഹം പറഞ്ഞു. സഫാരി ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഷൂട്ടിങ്ങിന് വന്നുകഴിഞ്ഞപ്പോൾ ആനിന് അന്ന് കണ്ട സ്മാർട്ട്നെസ്സൊക്കെ പോയിരുന്നു. വിറങ്ങലിച്ചിട്ട് ആൻ എന്റെ അടുത്തേക്ക് വന്നു. ‘അങ്കിളെ എനിക്കിത് ചെയ്യാൻ പറ്റുമെന്ന് തോന്നുന്നില്ല. ഞാൻ വിചാരിച്ച പോലെയല്ല, എനിക്ക് എല്ലാവരെയും കാണുമ്പോൾ പരിഭ്രമവും പേടിയുമൊക്കെ തോന്നുന്നുണ്ട്. വേറെ ആരെയെങ്കിലും കിട്ടുമോ എന്ന് നമുക്കൊന്ന് അന്വേഷിച്ചാലോ. ഇന്ന് ചാക്കോച്ചന്റെയൊക്കെ സീൻ എടുത്തിട്ട് നാളെയോ മറ്റന്നാളോ വേറെ ആരെയെങ്കിലും കിട്ടുമോ’ എന്നൊക്കെ ചോദിച്ചു. ഇനിയൊന്നും നടക്കില്ല നീ അഭിനയിച്ചേ പറ്റൂ എന്ന് ഞാൻ അവളോട് പറഞ്ഞു. അവിടെ നെടുമുടി വേണുച്ചേട്ടനും ഉണ്ടായിരുന്നു. ഇവൾ പിന്മാറണമെന്നാണ് പറയുന്നതെന്ന് ഞാൻ വേണു ചേട്ടനോട് പറഞ്ഞു.
അതൊക്കെ ശരിയാക്കാം എന്ന് വേണു ചേട്ടനൊക്കെ കൊടുത്ത ധൈര്യവും ആത്മവിശ്വാസവുമൊക്കെ വെച്ചിട്ട് ഞങ്ങൾ ആദ്യത്തെ സീൻ ഷൂട്ട് ചെയ്തു. രണ്ടുമൂന്നു ദിവസങ്ങൾ കഴിഞ്ഞതോടു കൂടി ആൻ നോർമലായി. ഈ ഒരു കഥാപാത്രത്തിന്റെ ലൈനിലേക്ക് വന്നു. ക്യാമറ പേടിയൊക്കെ മാറി.
ആ സിനിമ ചാക്കോച്ചന്റെ ഒരു തിരിച്ചുവരവ് കൂടിയായിരുന്നു. എൽസമ്മ എന്ന ആൺകുട്ടി തിയേറ്ററിൽ വൻ വിജയമായി.
അത് വിജയം ആവുന്നതിന്റെ സന്തോഷം എന്തെന്നുവെച്ചാൽ മൂന്നു സിനിമകളാണ് ആ സീസണിൽ റിലീസ് ആയത്. എം പത്മകുമാറിന്റെ മോഹൻലാൽ അഭിനയിച്ച ശിക്കാർ എന്ന സിനിമയും എൻ്റെ എൽസമ്മയും രഞ്ജിയേട്ടന്റെ പ്രാഞ്ചിയേട്ടൻ ആൻഡ് ദ സെയ്ന്റും.
വളരെ അടുപ്പമുള്ള മൂന്ന് സംവിധായകരുടെ സിനിമ, മമ്മൂക്ക,ലാലേട്ടൻ, കുഞ്ചാക്കോ ബോബൻ പിന്നെ ഒരു പുതിയ പെൺകുട്ടിയും അഭിനയിക്കുന്നു. അങ്ങനെയുള്ള മൂന്ന് സിനിമ ഒരുമിച്ചാണ് റിലീസ് ചെയ്യുന്നത്. ആദ്യമായിട്ടായിരിക്കും റിലീസ് ആവാൻ പോകുന്ന പരസ്പരം മത്സരിക്കുന്ന സിനിമയുടെ സംവിധായകർ ഒരുമിച്ച് ഒരു ഇൻറർവ്യൂ കൊടുക്കുന്നത്. അതൊക്കെ ചരിത്രത്തിൽ ആദ്യമായിരിക്കും.
മൂന്നു സിനിമകളും ഓടണം എന്നായിരുന്നു മൂന്നു പേരുടെയും പ്രാർത്ഥന. സിനിമ തിയേറ്ററിൽ വന്നു. താരതമ്യേനെ ഏറ്റവും ചെറിയ സിനിമ എന്റേതാണ്. മറ്റേത് രണ്ടും വലിയ താരനിരയുള്ള സിനിമകളാണ്. അങ്ങനെ ആ സിനിമകളോട് പിടിച്ച് നിന്ന് എൽസമ്മയും ഒരു വിജയചിത്രമായി. അത് വലിയൊരു അഭിമാനവും സന്തോഷവും ഉണ്ടാക്കിയ കാര്യമായിരുന്നു,’ ലാൽ ജോസ് പറഞ്ഞു.
Content Highlight: Lal Jose said Anne Augustine was trying to get away from the movie elsamma enna aankutty