| Tuesday, 23rd August 2022, 11:56 am

മോഹന്‍ലാല്‍ ഫാന്‍സിന് ഇഷ്ടമാകില്ല എന്നത് കൊണ്ടാണ് വെളിപാടിന്റെ പുസ്തകത്തിന്റെ ആദ്യത്തെ കഥ നടക്കാതെ പോയത്: ലാല്‍ ജോസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2017ലാണ് മോഹന്‍ലാലിനെ നായകനാക്കി ലാല്‍ ജോസ് സംവിധാനം ചെയ്ത വെളിപാടിന്റെ പുസ്തകം റിലീസ് ചെയ്തത്. സമ്മിശ്ര പ്രതികരണങ്ങള്‍ ലഭിച്ച ചിത്രം തിയേറ്ററില്‍ വിജയമാകാതെ പോവുകയായിരുന്നു.

വെളിപാടിന്റെ പുസ്തകത്തിന് ലഭിച്ച അഭിപ്രായങ്ങളെ പറ്റിയും, മുമ്പ് അസിസ്റ്റന്റ് ഡയറക്ടറായി ജോലി ചെയ്തപ്പോള്‍ മോഹന്‍ലാലുമായുള്ള അനുഭവങ്ങളെ പറ്റിയും പറയുകയാണ് ലാല്‍ ജോസ്.

തന്റെ ഏറ്റവും പുതിയ ചിത്രമായ സോളമന്റെ തേനീച്ചകളുടെ പ്രൊമോഷന്റെ ഭാഗമായി 1000 ആരോസ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ലാല്‍ ജോസ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

തങ്ങള്‍ക്ക് രണ്ടുപേര്‍ക്കുമിടയില്‍ എന്തോ നിര്‍ഭാഗ്യമുണ്ടെന്നും, പ്ലാന്‍ ചെയ്ത ചിത്രങ്ങള്‍ ഒന്നും നടന്നിട്ടില്ല എന്നുമാണ് ലാല്‍ ജോസ് പറയുന്നത്.

‘ലാലേട്ടന്‍ ഭയങ്കര ഫ്രണ്ട്‌ലിയാണ്, ലാലേട്ടന്‍ അസിസ്റ്റന്റ് ഡയറക്ടറുമായി കമ്പനികൂടി കളിക്കാന്‍ ഒക്കെ വരുമായിരുന്നു. പക്ഷെ അദ്ദേഹവുമായി ഒരു സിനിമ സംഭവിക്കാന്‍ 19 കൊല്ലം വേണ്ടിവന്നു, പല സിനിമകളും ഞങ്ങള്‍ തമ്മില്‍ പ്ലാന്‍ ചെയ്തിരുന്നു പക്ഷെ അതൊന്നും നാടക്കാതെ പോയി.

ശിക്കാര്‍ ഞാന്‍ ആയിരുന്നു ആദ്യം സംവിധാനം ചെയ്യാനിരുന്നത്. പക്ഷെ അതും ഏതൊക്കെയോ കാരണങ്ങള്‍ കൊണ്ട് നടന്നില്ല. വെളിപാടിന്റെ ആദ്യത്തെ കഥ ലാലേട്ടനോട് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് ഇഷ്ടപെട്ടിരുന്നു. പക്ഷെ വലിയ മകന്‍ ഒക്കെ ലാലേട്ടന്റെ കഥാപാത്രത്തിന് വരുന്നത് കൊണ്ട് ഫാന്‍സിന് ഇഷ്ടപ്പെടില്ല എന്ന അഭിപ്രായം പറഞ്ഞു അതും നടന്നില്ല. പിന്നെ ബെന്നിയുടെ കയ്യില്‍ ഒരു പ്രീസ്റ്റിന്റെ കഥാപാത്രം ഉണ്ടായിരുന്നു ലാലേട്ടന്‍ അങ്ങനെ ഒരു റോള്‍ ചെയ്തിട്ടുമില്ല അങ്ങനെയാണ് ഇപ്പോള്‍ കാണുന്ന വെളിപാടിന്റെ പുസ്തകത്തിലേക്ക് എത്തുന്നത്. വെളിപാടിന്റെ പുസ്തകത്തിന്റെ കഥ ഇന്റര്‍നാഷണല്‍ എന്ന് തന്നെയാണ് ഞാന്‍ വിചാരിക്കുന്നത് പക്ഷെ അത് എക്‌സിക്യൂട്ട് ചെയ്തതില്‍ എനിക്ക് പാളിപ്പോയി,’ ലാല്‍ ജോസ് പറയുന്നു.

വെളിപാടിന്റെ പുസ്തകം പരാജയപെട്ടപ്പോള്‍ തനിക്ക് ഭയം ആയെന്നും മോഹന്‍ലാല്‍ ആയാലും മമ്മൂട്ടി അയാലും അവരുടെ സമയം ഒരു സിനിമയെടുത്ത് കളഞ്ഞതായി സ്വയം തോന്നാന്‍ പാടില്ല എന്നും ലാല്‍ ജോസ് കൂട്ടിച്ചേര്‍ക്കുന്നു.


‘മമ്മൂക്കയുമായി പട്ടാളം ചെയ്ത ശേഷം പത്ത് വര്‍ഷത്തെ ഇടവേള വന്നിരുന്നു. വെളിപാട് വര്‍ക്ക് ആവാതത്ത് കൊണ്ട് നല്ല വിഷമവും ഉണ്ടായിരുന്നു. ഇനിയും അവര്‍ക്ക് സാധിക്കുന്ന ഒരു കഥാപാത്രം ഉണ്ടായാല്‍ ഉറപ്പായും അവരുടെ അടുത്തേക്ക് ഓടും, ആ സ്‌പെയ്‌സ് അവരുടെ അടുത്ത് എനിക്ക് ഉണ്ടന്നാണ് ഞാന്‍ ഇപ്പോഴും കരുതുന്നത്,’ ലാല്‍ ജോസ് പറയുന്നു.

Content Highlight: Lal jose open up about the failure of the movie Velipadinte Pusthakam

We use cookies to give you the best possible experience. Learn more