| Monday, 29th April 2019, 12:24 pm

തൃശ്ശൂരിലെ കെ.എസ്.ആര്‍.ടി.സി സ്റ്റാന്റും ബിജുമേനോനും; ഓര്‍ക്കാപ്പുറത്തെ നൊസ്റ്റാള്‍ജിയ കിക്കില്‍ ലാല്‍ ജോസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തൃശ്ശൂര്‍: തൃശ്ശൂരിലെ തന്റെ പഴയ ഓര്‍മകള്‍ അയവിറക്കി ലാല്‍ ജോസ്. തന്റെ പുതിയ ചിത്രമായ 41ന്റെ ഷൂട്ടിംഗിനായി തൃശ്ശൂര്‍ എത്തിയപ്പോഴായിരുന്നു പഴയ ഓര്‍മ്മകള്‍ ആരാധകരുമായി ഫേസ്ബുക്ക് വഴി പങ്കുവെച്ചത്.

പല അവസരങ്ങളിലും തൃശ്ശൂര്‍ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിന് തന്റെ ജീവിതത്തില്‍ വലിയ പങ്കുണ്ടായിരുന്നെന്ന് ലാല്‍ ജോസ് ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നു.

തന്റെ പഴയസുഹൃത്തായ ബിജുമേനോനെ നായകനാക്കി തൃശ്ശൂരിലേക്ക് ഷൂട്ടിന് വന്നപ്പോള്‍ ഓര്‍ക്കാപ്പുറത്ത് ഒരൗണ്‍സ് നൊസ്റ്റാള്‍ജിയ കുടിച്ചതിന്റെ കിക്ക് ആണെന്നും ലാല്‍ ജോസ് പറയുന്നു.

ലാല്‍ ജോസിന്റെ ഇരുപത്തിയഞ്ചാം ചിത്രമാണ് 41. ബിജു മേനോനും നിമിഷയും പ്രധാനവേഷത്തില്‍ എത്തുന്ന ചിത്രം നിര്‍മ്മിക്കുന്നത് സിഗ്‌നേച്ചര്‍ സ്റ്റൂഡിയോസിന്റെ ബാനറില്‍ ‘ഒരു വടക്കന്‍ സെല്‍ഫി’യുടെ സംവിധായകന്‍ ജി.പ്രജിത്, അനുമോദ് ബോസ്, ആദര്‍ശ് നാരായണ്‍ എന്നിവര്‍ ചേര്‍ന്നാണ്

നവാഗതനായ പി.ജി.പ്രഗീഷിന്റേതാണ് തിരക്കഥ. എസ്.കുമാറാണ് ഛായാഗ്രാഹകന്‍. ബിജിബാല്‍ സംഗീതസംവിധാനവും അജയന്‍ മാങ്ങാട് കലാസംവിധാനവും നിര്‍വഹിക്കുന്നു.

എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാം. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രഘുരാമവര്‍മ്മ. സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി. മേക്കപ്പ് പാണ്ഡ്യന്‍. കോസ്റ്റ്യൂം ഡിസൈനര്‍ സമീറ സനീഷ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അനില്‍ അങ്കമാലി. സ്റ്റില്‍സ് മോമി.

ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം,

നാല്‍പ്പത്തിയൊന്നിന്റെ ഷൂട്ട് കഴിഞ്ഞദിവസം തൃശ്ശൂര്‍ കെ.എസ്.ആര്‍.ടി.സി സ്റ്റാന്റിലായിരുന്നു. ഇവിടെ നില്‍ക്കുമ്പോള്‍ കാതോരത്ത് എത്രയെത്ര ഓര്‍മ്മകളുടെ ഹോണടിശബ്ദങ്ങളാണന്നോ..

ദീര്‍ഘ ദൂരയാത്രക്ക് സ്വകാര്യ ‘ഇടിവണ്ടി’കളില്ലാത്ത ആനവണ്ടികളുടെ നല്ല കാലം. ?? ഒറ്റപ്പാലത്ത് നിന്നുളള യാത്രകളില്‍ തൃശ്ശൂര്‍ സ്റ്റാന്റായിരുന്നു ഞങ്ങളുടെ ഇടത്താവളം. ജനിക്കും മുമ്പ് വലപ്പാട്ടുകാരിയായ അമ്മയുടെ വയറ്റില്‍ കിടന്ന് വരെ ഞാന്‍ ഈ സ്റ്റാന്റിലൂടെ യാത്രചെയ്തിട്ടുണ്ട്. കുട്ടിക്കാലത്തെ അവധിആഘോഷയാത്രകള്‍..

എന്റെ പ്രിഡിഗ്രി മാര്‍ക്ക് ലിസ്റ്റ് കണ്ട് ഒറ്റപ്പാലത്തെ കോളേജു പ്രിന്‍സിപ്പാള്‍മാര്‍ ഞെട്ടിയതിനാല്‍ ഡിഗ്രിക്ക് ആരുമങ്ങോട്ട് ആദ്യം അഡ്മിഷന്‍ തന്നില്ല . തൃശ്ശൂരിലെ ഒരു ഈവനിംഗ് കോളേജാണ് കനിഞ്ഞത്. ഈവനിംഗ് കോളേജ് കഴിഞ്ഞ് രാത്രി ഒന്‍പതു മണിക്ക് ദിവസവും ഒറ്റപ്പാലത്തേക്കുളള മടക്കയാത്രകള്‍.?? ആറുമാസം കഴിഞ്ഞ് ഒറ്റപ്പാലം എന്‍.എസ്.എസ്സില്‍ ഡിഗ്രിക്ക് അഡ്മിഷന്‍ കിട്ടിയപ്പോള്‍ തൃശ്ശൂര്‍ രാത്രികള്‍ക്ക് താത്കാലിക ഇടവേള. പിന്നീട് സിനിമയില്‍ അസിസ്റ്റന്റായി എത്തിയകാലത്ത് മുണ്ടിനു പകരം ബെല്‍റ്റ് മുറുക്കിയുടുത്ത് നടത്തിയ എറണാകുളം യാത്രകളിലും തൃശ്ശൂര്‍ സ്റ്റാന്റ് സംഭവം തന്നെയായിരുന്നു.

ക്യാന്റീനില്‍ കാലിച്ചായ കുടിച്ചിരുന്നു കണ്ട സ്വപ്നങ്ങള്‍..അക്കാലത്ത് രാത്രി ബസ്സുകള്‍ കാത്തിരുന്ന് ഉറങ്ങിപ്പോയ എനിക്ക് എത്രയോ തവണ ബസ്സ്സ്റ്റാന്റിലെ ഉരുളന്‍ തൂണുകള്‍ തലയിണകളായി. വഴിനീളെ കണ്ണില്‍ കണ്ട പുസ്തകങ്ങളും മാസികകളും വാങ്ങിക്കൂട്ടി പഴ്‌സിലെ അവസാനശ്വാസവുമായി തൃശ്ശൂര്‍വരെ എത്താനായാല്‍ ഇവിടെ നിന്ന് കടത്തിവിടാനെത്തുമെന്ന് ഉറപ്പുളള സൗഹൃദങ്ങള്‍.. അതിലൊരാളാണ് മ്മടെ ഗഡി ബിജുമേനോന്‍??അവനാണ് നാല്‍പ്പത്തിയൊന്നിലെ നായകന്‍. ?ബിജുവുമായി തൃശ്ശൂര്‍ സ്റ്റാന്റും ക്യാന്റീനുമൊക്കെ ഷൂട്ടുചെയ്യുമ്പോള്‍ ഓര്‍ക്കാപ്പുറത്ത് ഒരൗണ്‍സ് നൊസ്റ്റാള്‍ജിയ കുടിച്ചതിന്റെ കിക്ക്.??

DoolNews Video

We use cookies to give you the best possible experience. Learn more