| Sunday, 7th April 2024, 9:56 pm

ആടുജീവിതത്തില്‍ നിന്ന് ഞാന്‍ പിന്മാറാനുണ്ടായ കാരണം അതായിരുന്നു: ലാല്‍ ജോസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തിയേറ്ററുകളില്‍ ഗംഭീര പ്രതികരണങ്ങളുമായി മുന്നേറുകയാണ് ആടുജീവിതം. മലയാളത്തില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട നോവലുകളിലൊന്നിന്റെ ചലച്ചിത്രാവിഷ്‌കാരമാണ് ആടുജീവിതം. റിലീസ് ചെയ്ത് 10 ദിവസം പിന്നിടുമ്പോള്‍ തന്നെ 100 കോടിയിലധികം കളക്ട് ചെയ്തുകഴിഞ്ഞു. ബെന്യാമിന്റെ നോവലിന് ചലച്ചിത്രഭാഷ്യം ഒരുക്കിയത് ബ്ലെസിയാണ്. പൃഥ്വിരാജാണ് ചിത്രത്തിലെ നായകനായ നജീബിനെ അവതരിപ്പിച്ചത്. പൃഥ്വിയുടെ കരിയര്‍ ബെസ്റ്റ് പ്രകടനമാണ് സിനിമയില്‍ കാണാന്‍ സാധിച്ചത്.

സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടത്തിയ അഭിമുഖത്തില്‍ ആടുജീവിതം സിനിമയാക്കാന്‍ ലാല്‍ ജോസും തന്നെ സമീപിച്ചിരുന്നുവെന്ന് ബെന്യാമിന്‍ പറഞ്ഞിരുന്നു. ഇതിനോട് സംവിധായകന്‍ ലാല്‍ ജോസ് പ്രതികരിച്ചു.

ബെന്യാമിനെ ബഹ്‌റൈനില്‍ ചെന്ന് കണ്ട് സിനിമയെക്കുറിച്ച് സംസാരിച്ചുവെന്നും പിന്നീട് അതിനു വേണ്ട പ്രൊഡക്ഷന്‍ കമ്പനിയുടെയും, ആക്ടേഴ്‌സിന്റെയും കാര്യം നോക്കുന്ന സമയത്ത് ബ്ലെസി തിരക്കഥയുടെ പകുതിയോളം എഴുതിക്കഴിഞ്ഞു എന്നറിഞ്ഞതുകൊണ്ടാണ് പിന്മാറിയതെന്നും ലാല്‍ ജോസ് പറഞ്ഞു.

‘നോവല്‍ വായിച്ചുകഴിഞ്ഞ് ഇതിലൊരു സിനിമയുണ്ടെന്ന് മനസിലായി. ആ സമയത്ത് ബഹ്‌റൈനില്‍ ചെന്ന് ബെന്യാമിനെക്കണ്ട് സംസാരിച്ചു. അദ്ദേഹത്തിനും ഓക്കെയായി തോന്നി. പിന്നീട് ഇതിന് വേണ്ട പ്രൊഡക്ഷന്‍ കമ്പനിയെയും ആക്ടറിനെയും തെരഞ്ഞെടുക്കാന്‍ തുടങ്ങി.

ഒരു പുതുമുഖ നടനായിരുന്നു എന്റെ മനസില്‍. അതുപോലെ വിദേശത്തെ സീക്വന്‍സുകള്‍ക്ക് വേണ്ടി ഒരു വിദേശ പ്രൊഡക്ഷന്‍ കമ്പനിയെയും നോക്കിയിരുന്നു. ഇന്ന് കാണുന്ന വലിയ ബജറ്റില്‍ അല്ല ഞാന്‍ ചിന്തിച്ചിരുന്നത്.

അങ്ങനെയിരിക്കുന്ന സമയത്താണ് ബെന്യാമിന്‍ സാര്‍ ഒന്നുകൂടി വിളിക്കുന്നത്. ‘ബ്ലെസി വന്നിരുന്നു, അയാള്‍ക്കും ഈ നോവല്‍ സിനിമ ചെയ്യണമെന്നുണ്ട്. നിങ്ങള്‍ രണ്ടുപേരും സംസാരിച്ച് ഒരു തീരുമാനത്തില്‍ വരൂ’ എന്ന് പറഞ്ഞു. ഞാന്‍ ബ്ലെസിയെ വിളിച്ച് സംസാരിച്ചപ്പോള്‍ അയാള്‍ പകുതിയോളം സ്‌ക്രിപ്റ്റ് പൂര്‍ത്തിയാക്കി എന്ന് അറിഞ്ഞു.

മാത്രമല്ല, നോവലിനെ സിനിമയാക്കുമ്പോളുള്ള ബ്ലെസിയുടെ വിഷനും ഗംഭീരമായി തോന്നി. ഞാന്‍ ഇതില്‍ നിന്ന് പിന്മാറുന്നതാണ് നല്ലെതന്ന് എനിക്ക് തോന്നിയതുകൊണ്ട് ഞാന്‍ പിന്മാറി. ഇത്രയും മികച്ചതായി ബ്ലെസിക്ക് ചെയ്യാന്‍ കഴിയുമെന്ന് അന്നേ തോന്നിയിരുന്നു,’ ലാല്‍ ജോസ് പറഞ്ഞു.

Content Highlight: Lal Jose explains why he quit from Aadujeevitham

We use cookies to give you the best possible experience. Learn more