കമലിന്റെ സംവിധാനസഹായിയായി സിനിമാജീവിതം ആരംഭിച്ചയാളാണ് ലാല്‍ ജോസ്. ശ്രീനിവാസന്റെ രചനയില്‍ ലാല്‍ ജോസ് ആദ്യമായി സംവിധായക കുപ്പായമണിഞ്ഞ ചിത്രമാണ് ഒരു മറവത്തൂര്‍ കനവ്. 1998 ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തില്‍ മമ്മൂട്ടിയായിരുന്നു നായകനായി എത്തിയത്. ഒരു മറവത്തൂര്‍ കനവില്‍ ഉണ്ണി, ബിജു മേനോന്‍, മോഹിനി, ശ്രീനിവാസന്‍, നെടുമുടി വേണു, കലാഭവന്‍ മണി തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ചിത്രത്തില്‍ ചാണ്ടി എന്ന കഥാപാത്രമായാണ് മമ്മൂട്ടി പ്രത്യക്ഷപ്പെട്ടത്. അതുവരെ കണ്ടതില്‍ വെച്ച് വ്യത്യസ്തമായ ഗെറ്റപ്പിലാണ് മമ്മൂട്ടി ചാണ്ടിയെ അവതരിപ്പിച്ചത്. എന്നാല്‍ ആ ഗെറ്റപ്പിനായി മമ്മൂട്ടിയെ അനുസരിപ്പിക്കാന്‍ താന്‍ വല്ലാതെ പാടുപെട്ടിരുന്നുവെന്ന് പറയുകയാണ് ലാല്‍ ജോസ്. മുടി ചെറുതാക്കി വെട്ടണമെന്ന് താന്‍ പറഞ്ഞപ്പോള്‍ അതൊന്നും നടക്കില്ല എന്നാണ് മമ്മൂട്ടി മറുപടി നല്‍കിയതെന്ന് ലാല്‍ ജോസ് പറഞ്ഞു.
ആ ക്യാരക്ടറിനെ അങ്ങനെ പ്രസന്റ് ചെയ്താലേ നന്നാകൂ എന്ന് താന്‍ പറഞ്ഞപ്പോഴും അദ്ദേഹം അതിന് സമ്മതിച്ചിരുന്നില്ലെന്ന് ലാല്‍ ജോസ് കൂട്ടിച്ചേര്‍ത്തു. താന്‍ അത് കണ്‍വിന്‍സ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും മമ്മൂട്ടി അത് കേള്‍ക്കാന്‍ കൂട്ടാക്കിയില്ലെന്നും ആദ്യസിനിമയില്‍ തന്നെ തന്നിഷ്ടം കാണിക്കുകയാണോ എന്ന് ചോദിച്ചെന്നും ലാല്‍ ജോസ് പറഞ്ഞു.
ഷൂട്ടിന് രണ്ട് ദിവസം മുമ്പ് കണ്ടപ്പോള്‍ പോലും അദ്ദേഹം മുടി വെട്ടിയില്ലാരുന്നെന്നും താന്‍ വീണ്ടും അക്കാര്യം ഓര്‍മിപ്പിച്ചെന്നും ലാല്‍ ജോസ് കൂട്ടിച്ചേര്‍ത്തു. ഗെറ്റപ്പില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന സിനിമകളും ഈ സിനിമയുടെ തമ്മില്‍ എന്ത് വ്യത്യാസമാണെന്ന് ചോദിച്ചെന്നും മമ്മൂട്ടി അത് കേള്‍ക്കാതെ വിട്ടെന്നും ലാല്‍ ജോസ് പറഞ്ഞു.
പൂജയുടെ ദിവസം അദ്ദേഹം വന്നപ്പോള്‍ താന്‍ ഞെട്ടിയെന്നും താന്‍ ഉദ്ദേശിച്ചതിലും ഷോര്‍ട്ട് ക്രോപ്പ് ചെയ്‌തെന്നും ലാല്‍ ജോസ് കൂട്ടിച്ചേര്‍ത്തു. അത്തരം കാര്യങ്ങളാണ് മമ്മൂട്ടിയോട് തനിക്ക് ബഹുമാനം തോന്നാന്‍ കാരണമെന്ന് ലാല്‍ ജോസ് പറഞ്ഞു. സിനിപ്ലസ് എന്റര്‍ടൈന്മെന്റ്‌സിനോട് സംസാരിക്കുകയായിരുന്നു ലാല്‍ ജോസ്.
‘മറവത്തൂര്‍ കനവിന്റെ കഥ മമ്മൂക്കയോട് പറഞ്ഞു, പുള്ളിക്ക് അത് ഇഷ്ടപ്പെടുകയും ചെയ്തു. പക്ഷേ, ആ ക്യാരക്ടറിന് വേണ്ടി മുടി ഷോര്‍ച്ച് ക്രോപ്പ് ചെയ്യണമെന്ന് പറഞ്ഞത് മൂപ്പര്‍ക്ക് പിടിച്ചില്ല. ‘മുടിയൊന്നും വെട്ടാന്‍ പറ്റില്ല’ എന്ന് മമ്മൂക്ക പറഞ്ഞു. ആ ക്യാരക്ടറിനെ അങ്ങനെയൊരു ലുക്കില്‍ കാണിച്ചാലേ ശരിയാവൂ എന്ന് ഞാന്‍ പറഞ്ഞിട്ടും പുള്ളി കണ്‍വിന്‍സ് ആകുന്നില്ലായിരുന്നു. ‘ആദ്യ സിനിമയില്‍ തന്നെ തന്നിഷ്ടം കാണിക്കുകയാണോ’ എന്ന് പുള്ളി ചോദിക്കുകയും ചെയ്തു.
ഷൂട്ടിന് രണ്ട് ദിവസം മുന്നേ കണ്ടപ്പോഴും ഞാന്‍ മുടിവെട്ടുന്ന കാര്യം ഓര്‍മിപ്പിച്ചു. പുള്ളി അതിന് അടുക്കാതെ തന്നെ നിന്നു. പൂജയുടെ അന്ന് മമ്മൂക്ക വന്നപ്പോള്‍ ഞാന്‍ ഞെട്ടി. ഞാന്‍ വിചാരിച്ചതിലും ചെറുതായിട്ടാണ് പുള്ളി മുടി വെട്ടിയത്. മൊട്ടയടിച്ച് ഒരാഴ്ച കഴിയുമ്പോളുള്ള ലുക്കായിരുന്നു. എന്റെയടുത്ത് വന്നിട്ട് ‘നിനക്ക് ഇപ്പോള്‍ സമാധാനമായോ? എന്നെ മൊട്ടയടിപ്പിച്ച് വിട്ടില്ലേ?’ എന്ന് ചോദിച്ചു. ആ ഒരു കാര്യമൊക്കെയാണ് എനിക്ക് മമ്മൂക്കയോട് ബഹുമാനം തോന്നാനുള്ള കാരണം,’ ലാല്‍ ജോസ് പറയുന്നു.
Content Highlight: Lal Jose explains how he convinced Mammootty for the getup in Oru Maravathoor Kanavu movie