Advertisement
ഇന്ത്യ, ഭാരതം എന്നൊക്കെ പേരുകള്‍ വന്നിട്ടുള്ള സിനിമകള്‍ ഇല്ലേ, ഇതൊക്കെ ബാലിശമാണ്; സെന്‍സര്‍ ബോര്‍ഡിനെതിരെ ലാല്‍ ജോസ്
Film News
ഇന്ത്യ, ഭാരതം എന്നൊക്കെ പേരുകള്‍ വന്നിട്ടുള്ള സിനിമകള്‍ ഇല്ലേ, ഇതൊക്കെ ബാലിശമാണ്; സെന്‍സര്‍ ബോര്‍ഡിനെതിരെ ലാല്‍ ജോസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Mar 05, 06:01 am
Tuesday, 5th March 2024, 11:31 am

ഒരു ഭാരത സർക്കാർ ഉത്പന്നം സിനിമയുടെ പേര് മാറ്റിയതിനെതിരെ പ്രതികരണവുമായി സംവിധായകൻ ലാൽ ജോസ്. ഒരു ഭാരതസർക്കാർ ഉത്പന്നം ഒരു സർക്കാർ ഉത്പന്നമായിട്ട് മാറുകയാണെന്നും ഇതൊരു വിചിത്രമായിട്ടുള്ള സാഹചര്യമാണെന്നും ലാൽ ജോസ് പറഞ്ഞു.

രാഷ്ട്രീയ ചർച്ചകളോ രാഷ്ട്രീയ പാർട്ടികളെക്കുറിച്ചോ ഒന്നും പറയാത്ത ഒരു സിനിമ റിലീസാവുന്നതിന്റെ ഒരാഴ്ച മുമ്പ് അതിന്റെ പേര് മാറ്റണമെന്ന് പറയുന്നത് യുക്തിക്ക് നിരക്കാത്തതാണെന്നും ലാൽ ജോസ് കൂട്ടിച്ചേർത്തു. ‘ഭാരത്’ എന്ന് പറഞ്ഞിട്ടുള്ള ഒരു ഹിന്ദി സിനിമ റിലീസ് ആകാൻ പോകുന്നുണ്ടെന്നും അതിന്റെ അവസ്ഥ എന്താകുമെന്ന് അറിയില്ലെന്നും ലാൽ ജോസ് മാധ്യമങ്ങളോട് പറഞ്ഞു.

‘ഒരു ഭാരതസർക്കാർ ഉത്പന്നം ഒരു സർക്കാർ ഉത്പന്നമായിട്ട് മാറുകയാണ്. ഇതൊരു വിചിത്രമായിട്ടുള്ള സാഹചര്യമാണ്. കാരണം ഒരു ഫാമിലി എന്റർടൈൻമെന്റ്, ഒരു ഫൺ ഫിലിം, ഒരു രാഷ്ട്രീയ പാർട്ടികളെ കുറിച്ചൊന്നും പറയാത്ത, രാഷ്ട്രീയ ചർച്ചകളും ഇല്ലാത്ത ഒരു സിനിമ റിലീസാവുന്നതിന്റെ ഒരാഴ്ച മുമ്പ് അതിന്റെ പേര് മാറ്റണമെന്ന് പറയുന്നത് ഒരു യുക്തിക്കും നിരക്കാത്തതാണ്.

സിനിമയ്ക്ക് യു സർട്ടിഫിക്കറ്റ് ആണ്. ‘ഭാരത്’ എന്ന് പറഞ്ഞിട്ടുള്ള ഒരു ഹിന്ദി സിനിമ റിലീസ് ആകാൻ പോകുന്നുണ്ട്. അതിന്റെ സ്ഥിതി എന്താകുമെന്ന് എനിക്കറിയില്ല. ചക് ദേ ഇന്ത്യ, ഭാരതം, ഇന്ത്യ എന്നൊക്കെ പേരിൽ വന്നിട്ടുള്ള ഒരുപാട് സിനിമകൾ ഹിന്ദിയിലും മറ്റു ഭാഷകളിലും ഉണ്ടായിട്ടുണ്ട്. എന്തായാലും ഇത് അഭിമുഖീകരിക്കുക എന്ന് പറയുന്നത് വളരെ സങ്കടമാണ്. വളരെ ബാലിശമായിട്ടുള്ള ഒരു വാശിയാണ് സെൻസർ ബോർഡ് ഈ കാര്യത്തിൽ സ്വീകരിച്ചത്,’ ലാൽ ജോസ് പറഞ്ഞു.

ഭവാനി പ്രൊഡക്ഷൻസിന്റെ ബാനറിൽ നിസാം റാവുത്തർ എഴുതി ടി.വി രജ്ഞിത്ത് സംവിധാനം ചെയ്യുന്ന ‘ഒരു ഭാരത സർക്കാർ ഉൽപ്പന്നം’ എന്ന സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സുബീഷാണ്. താരം മുഖ്യകഥാപാത്രമായി എത്തുന്ന ആദ്യ ചിത്രം കൂടിയാണിത്. സുബീഷ് സുധി, ഷെല്ലി എന്നിവർ മുഖ്യകഥാപാത്രങ്ങളായി എത്തുന്ന ചിത്രം ടി.വി കൃഷ്ണൻ തുരുത്തി, രജ്ഞിത്ത് ജ​ഗന്നാഥൻ, കെ.സി രഘുനാഥൻ എന്നിവരാണ് നിർമിച്ചിരിക്കുന്നത്.

Content Highlight: Lal jose against censor board