വിക്രമാദിത്യന്റെ പ്രേക്ഷക സ്വീകാര്യതയെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ ലാൽ ജോസ്. സിനിമ ഇറങ്ങിയിട്ട് ഇത്ര വർഷം കഴിഞ്ഞിട്ടും ഇപ്പോഴും ആളുകൾക്ക് പ്രചോദനം നൽകാറുണ്ടെന്നും അത് കേൾക്കുമ്പോൾ സന്തോഷം തോന്നാറുണ്ടെന്നും ലാൽ ജോസ് പറഞ്ഞു.
ഒരു നോർത്തിന്ത്യൻ ഡോക്ടറെ പരിചയപ്പെട്ടപ്പോൾ അദ്ദേഹം തന്റെ ജൂനിയർ ഡോക്ടർമാർക്ക് ജീവിതത്തിൽ കൺഫ്യൂഷൻ വരുമ്പോൾ പ്രചോദനം നൽകാൻ വിക്രമാദിത്യൻ സിനിമയുടെ ഡി.വി.ഡിയാണ് പ്രസന്റായി നൽകാറുള്ളതെന്ന് പറഞ്ഞപ്പോൾ തനിക്ക് അത് ഒരു അവാർഡ് കിട്ടിയ പോലെ തോന്നിയെന്നും ലാൽ ജോസ് കൂട്ടിച്ചേർത്തു. സഫാരി ടി.വിയുടെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘വിക്രമാദിത്യൻ സിനിമ റിലീസ് ചെയ്തിട്ട് ഇപ്പോൾ എട്ടോ ഒമ്പതോ വർഷമായി. ഇപ്പോഴും നമ്മൾ യാത്രയിൽ പരിചയപ്പെടുന്ന ഒരപരിചിതൻ നമ്മളോട് പറയും ‘എന്നെ ഇൻസ്പെയർ ചെയ്ത സിനിമയാണ്, ഞാൻ ജീവിതത്തിൽ ഡിപ്രസ് ആയിരിക്കുന്ന സമയത്താണ് ആ സിനിമ കണ്ടത്’ എന്ന്.
ഞാനൊരു നോർത്ത് ഇന്ത്യൻ ഡോക്ടറെ പരിചയപ്പെട്ടു. മെഡിക്കൽ കോളേജിലാണ് അദ്ദേഹം വർക്ക് ചെയ്യുന്നത്. അദ്ദേഹത്തിൻറെ ജൂനിയേർസ് ആയിട്ടുള്ള ആളുകൾക്ക് കരിയറിൽ ഇനി എങ്ങോട്ട് പോകണമെന്ന കൺഫ്യൂഷൻ ഉള്ളവരോട് അദ്ദേഹം വിക്രമാദിത്യൻ സിനിമ കാണാൻ പറയാറുണ്ടെന്ന് പറഞ്ഞു. അതുപോലെ വിക്രമാദിത്യൻ ഡിവിഡി ആണ് അദ്ദേഹം അവർക്ക് പ്രസന്റ് ആയിട്ട് കൊടുക്കുകയെന്നും പറഞ്ഞത് എനിക്ക് അവാർഡ് കിട്ടിയത് പോലെ തോന്നിയിരുന്നു.
പുള്ളിക്ക് എം.ഡി ഏത് സ്ട്രീം എടുക്കണമെന്ന സമയത്താണ് അദ്ദേഹത്തിൻറെ മലയാളി ഫ്രണ്ട് വിക്രമാദിത്യൻ സിനിമ കാണുന്നത്. അയാളുടെ കൂടെയിരുന്നാണ് ആ പടം കണ്ടത്. അന്ന് മുതൽ പുള്ളിയുടെ റിലേറ്റീവ്സിനും കൂട്ടുകാർക്കുമൊക്കെ ഇംഗ്ലീഷ് സബ്ടൈറ്റിൽസ് നോക്കി പടം കാണണമെന്ന് പറഞ്ഞു കൊടുക്കുമായിരുന്നു.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഒരുപാട് ആളുകൾ നല്ല സിനിമയാണ് ഇൻസ്പെയറിങ് ആണ് എന്നൊക്കെ പറയുന്നത് കേൾക്കുമ്പോൾ വളരെ സന്തോഷമുണ്ട്. അതുപോലെ ആ സിനിമ തിയേറ്ററിലും വൻ വിജയമായിരുന്നു,’ ലാൽ ജോസ് പറഞ്ഞു.
Content Highlight: Lal jose about vikramadithyan movie’s response