താന്‍ സംവിധാനം ചെയ്ത സിനിമകളുടെ ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് സംവിധായകന്‍ ലാല്‍ ജോസ്.
നടന്‍ ജോജു ജോര്‍ജിന്റെ സിനിമാ ജീവിതത്തില്‍ വലിയ വഴിതിരിവായ പുള്ളി പുലികളും അട്ടിന്‍കുട്ടിയും എന്ന ചിത്രത്തിലേക്ക് അദ്ദേഹം എത്തിയതിനിക്കുറിച്ച് ലാല്‍ ജോസ് പറയുന്നു.
കുഞ്ചാക്കോ ബോബന്റെ ഒപ്പം സിനിമയില്‍ മുഴുനീള കഥാപാത്രമായതുകൊണ്ടുതന്നെ അന്നത്തെ വലിയ താരങ്ങളെ നോക്കിയാല്‍ അത് ഡേയിറ്റ് ക്ലാഷ് വരുമെന്നത് കൊണ്ടാണ് ജോജുവിനെ ഒരു കഥാപാത്രമായി ആലോചിച്ചതെന്ന് ലാല്‍ ജോസ് പറയുന്നു.
ഇക്കാര്യം പക്ഷെ നിര്‍മാതാക്കളോട് പറഞ്ഞിരുന്നില്ലെന്നും, പക്ഷെ ഹണീബീ എന്ന സിനിമയുടെ പൂജ ചടങ്ങില്‍ വെച്ച് ജോജു തന്നോട് ഇത്രയും കാലമായിട്ടും നല്ല റോള്‍ ഒന്നും തന്നില്ലല്ലോ എന്ന് ചോദിച്ചുവെന്നും ലാല്‍ ജോസ് ഓര്‍ത്തെടുക്കുന്നു.
അങ്ങനെ ചോദിച്ചപ്പോള്‍ ഇത്തരത്തിലൊരു വേഷം താന്‍ ജോജുവിന് കൊടുക്കാന്‍ ആലോചിച്ചതിനെ പറ്റിയും ലാല്‍ ജോസ് പറയുന്നുണ്ട്.
‘പുള്ളിപുലിയും ആട്ടിന്‍കുട്ടിയും എന്ന സിനിമയുടെ കാസ്റ്റിങ്ങില്‍ ജോജുവിനെ ഉള്‍പ്പെടുത്താനുള്ള ആലോചന ഉണ്ടായിരുന്നു. പക്ഷെ നിര്‍മാതാക്കളോട് ഇക്കാര്യം പറഞ്ഞിരുന്നില്ല. ഈ ആലോചന നടക്കുമ്പോള്‍ തന്നെ ഹണീബിയുടെ പൂജാ ചടങ്ങില്‍ വെച്ച് ജോജു എന്നോട് ഇത്രയും കലാമായിട്ടും നല്ല റോള്‍ ഒന്നും തന്നില്ലല്ലോ എന്ന് പരിഭവം പറഞ്ഞു. അപ്പോള്‍ ഞാന്‍ എന്റെ പുതിയ സിനിമയില്‍ കാസ്റ്റ് ചെയ്യാന്‍ പ്ലാന്‍ ഉണ്ടെന്ന കാര്യം ജോജുവിനോട് പറഞ്ഞു, അത് കേട്ടപ്പോള്‍ അവന് ഒരുപാട് സന്തോഷമായി, നിര്‍മാതാക്കളോട് പറഞ്ഞിട്ടില്ല അതുകൊണ്ട് പുറത്ത് ആരോടും പറയണ്ടയെന്നും ഞാന്‍ പറഞ്ഞു,’ ലാല്‍ ജോസ് പറയുന്നു.
പക്ഷെ അടുത്ത ദിവസത്തെ ഒരു പത്രത്തില്‍ ജോജു ജോര്‍ജ് ലാല്‍ ജോസ് ചിത്രത്തില്‍ അഭിനയിക്കുന്നുവെന്ന വാര്‍ത്ത വന്നതായും ലാല്‍ ജോസ് ഓര്‍ക്കുന്നുണ്ട്. സഫാരി ടിവിയിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിലാണ് ലാല്‍ ജോസ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.