| Saturday, 11th March 2023, 5:31 pm

സുരേഷേട്ടന് വേണ്ടി സിനിമ ചെയ്യാന്‍ കഴിയില്ലെന്ന് ഞാന്‍ പറഞ്ഞു, തിരക്കഥ എഴുതാന്‍ പറ്റില്ലെന്ന് പ്രമോദും: ലാല്‍ ജോസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സുരേഷ് ഗോപിയെ നായകനാക്കി ലാല്‍ ജോസ് സംവിധാനം ചെയ്ത സിനിമയായിരുന്നു രണ്ടാം ഭാവം. സിനിമയിലേക്ക് താന്‍ എത്തിപ്പെട്ടതിനെ കുറിച്ച് പറയുകയാണ് ലാല്‍ ജോസ്. നിര്‍മാതാവ് സെവന്‍ ആര്‍ട്ട്‌സ് മോഹനനാണ് സുരേഷ് ഗോപിക്ക് വേണ്ടി സിനിമ ചെയ്യണമെന്ന് പറഞ്ഞ് തന്റെയടുത്ത് ആദ്യം വന്നതെന്നും സുരേഷ് ഗോപിക്ക് പറ്റിയ സിനിമയൊന്നും അന്ന് കയ്യിലില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പിന്നീട് രഞ്ജന്‍ പ്രമോദ് എന്ന തിരക്കഥകൃത്താണ് തന്നോട് സുരേഷ് ഗോപിക്ക് പറ്റിയ ഒരു കഥ പറയുന്നതെന്നും എന്നാല്‍ തനിക്ക് തിരക്കഥ എഴുതാനൊന്നും കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞുവെന്നും ലാല്‍ ജോസ് പറഞ്ഞു. പ്രമോദ് ഇല്ലാതെ സിനിമ ചെയ്യില്ലെന്ന തീരുമാനത്തിലേക്ക് താന്‍ എത്തിയെന്നും പിന്നീട് വളരെ നിര്‍ബന്ധിച്ചാണ് പ്രമോദിനെ കൊണ്ട് തിരക്കഥ എഴുതിച്ചതെന്നും ലാല്‍ ജോസ് പറഞ്ഞു. സഫാരി ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘ചന്ദ്രനുദിക്കുന്ന ദിക്കില്‍ സിനിമ കഴിഞ്ഞ് നില്‍ക്കുന്ന സമയത്താണ് സെവന്‍ ആര്‍ട്ട്‌സ് മോഹനന്‍ എന്നെ കാണാന്‍ വരുന്നത്. ഒരു കാര്യം പറയുന്നതിന് വേണ്ടിയാണ് അദ്ദേഹം വരുന്നത്. സുരേഷ് ഗോപിയുടെ ഒരു ഡേറ്റ് അദ്ദേഹത്തിന്റെ കയ്യിലുണ്ട്. സുരേഷ് ഗോപിയെവെച്ച് ഒരു സിനിമ എന്നോട് ഡയറക്ട് ചെയ്യണമെന്ന് പറയാനാണ് അദ്ദേഹം വന്നത്.

സുരേഷേട്ടന് ആ സമയത്ത് ഒരു ആക്ഷന്‍ ഹീറോയുടെ പ്രഭയില്‍ നില്‍ക്കുകയാണ്. എന്നാല്‍ ഞാന്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന സിനിമകളും എന്റെ മനസിലുള്ള സിനിമകളും ഒന്നുകില്‍ കുടുംബ പശ്ചത്തലത്തിലുള്ളതോ അല്ലെങ്കില്‍ പ്രണയ കഥകളോ ഒക്കെയാണ്. അത്തരം രീതിയില്‍ സുരേഷേട്ടന് പറ്റിയ കഥ ഞാന്‍ അടുത്തകാലത്തൊന്നും കേട്ടിട്ടില്ല എന്ന് അദ്ദേഹത്തിനോട് പറഞ്ഞു. അതുകൊണ്ട് തന്നെ പറഞ്ഞ കാര്യം ബുദ്ധിമുട്ടാകുമെന്നും ഞാന്‍ മോഹനേട്ടനോട് പറഞ്ഞു.

പറഞ്ഞ കാര്യം മനസില്‍ വെക്കൂ, സുരേഷേട്ടന് പറ്റിയ നല്ല സിനിമകള്‍ വരുമ്പോള്‍ ചെയ്യണമെന്നും പറഞ്ഞു. മറവത്തൂര്‍ കനവ് പോലെയുള്ള സിനിമകള്‍ ചെയ്യാന്‍ തയാറാവുകയാണെങ്കില്‍ സുരേഷേട്ടനെ വെച്ച് സിനിമ ചെയ്യാമെന്നും പറഞ്ഞു. നിര്‍ബന്ധമായി എന്റെ കയ്യില്‍ അദ്ദേഹമൊരു അഡ്വാന്‍സും തന്നു.

പിന്നീട് കുറച്ച് നാള്‍ കഴിഞ്ഞ് മോഹനേട്ടന്‍ രഞ്ജന്‍ പ്രമോദ് എന്നുപറയുന്ന ഒരു ചെറുപ്പക്കാരനുമായി എന്റെ അടുത്തേക്ക് വന്നു. എനിക്ക് അദ്ദേഹത്തെ മുമ്പ് പരിചയമുണ്ടായിരുന്നു. രഞ്ജന്റെ കയ്യിലൊരു കഥയുണ്ട് അത് സുരേഷ് ഗോപിക്ക് പറ്റുന്നതാണെന്ന് പറഞ്ഞാണ് അദ്ദേഹം എന്റെയടുത്ത് വരുന്നത്. ഇത് പറഞ്ഞപ്പോള്‍ തന്നെ പ്രമോദ് ഇടയില്‍ കയറി പറഞ്ഞു ഞാന്‍ സ്‌ക്രിപ്‌റ്റൊന്നും എഴുതില്ലെന്ന്.

രണ്ടോ മൂന്നോ വാചകത്തില്‍ ആ സിനിമയുടെ കഥ അദ്ദേഹം എന്നോട് പറഞ്ഞു. കേട്ടപ്പോള്‍ തന്നെ കഥയെനിക്ക് ഇഷ്ടമായി. നിങ്ങള്‍ തന്നെ തിരക്കഥ എഴുതിക്കൂടെയെന്ന് ഞാന്‍ ചോദിച്ചപ്പോള്‍ സമയമില്ലന്നൊക്കെ പറഞ്ഞ് അദ്ദേഹം ഒഴിഞ്ഞ് മാറാന്‍ നോക്കി. അപ്പോള്‍ ഞാന്‍ മോഹനേട്ടനോട് പറഞ്ഞു, ഇയാള്‍ എഴുതുകയാണെങ്കില്‍ ഞാന്‍ സിനിമ ചെയ്യാമെന്ന്.

പിന്നെയത് മോഹനേട്ടന്റെ ആവശ്യമായി. അങ്ങനെ മോഹനേട്ടന്‍ പ്രമോദിനെ നിര്‍ബന്ധിച്ചു. അവസാനം അയാള്‍ എഴുതാമെന്ന് സമ്മതിച്ചു. പിന്നീട് കോഴിക്കോടിരുന്നാണ് അതിന്റെ എഴുത്ത് പൂര്‍ത്തിയാക്കുന്നത്. അങ്ങനെയാണ് രണ്ടാം ഭാവം സംഭവിക്കുന്നത്,’ ലാല്‍ ജോസ് പറഞ്ഞു.

content highlight: lal jose about suresh gopi and randam bhavam movie

We use cookies to give you the best possible experience. Learn more