താന്‍ സംവിധാനം ചെയ്ത പട്ടാളം, രസികന്‍ തുടങ്ങിയ സിനിമകളിലേക്ക് താരങ്ങളെ കാസ്റ്റ് ചെയ്തതിനെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ ലാല്‍ ജോസ്.
പട്ടാളം സിനിമയിലൂടെ തനിക്ക് നിരവധി പേര്‍ക്ക് അവസരം കൊടുക്കാന്‍ സാധിച്ചെന്നാണ് ലാല്‍ ജോസ് സഫാരി ടിവിയിലെ ചരിത്രം എന്നിലൂടെ പരിപാടിയില്‍ പറയുന്നത്.
പട്ടാളം സിനിമയ്ക്ക് മുന്നോടിയായി ഗള്‍ഫില്‍ ഒരു ഷോയ്ക്ക് പോയപ്പോള്‍ ടിനി ടോമും ഗിന്നസ് പക്രുവുമെല്ലാം തനിക്കൊപ്പം ഉണ്ടായിരുന്നെന്നും തന്റെ ഏതെങ്കിലും സിനിമയില്‍ അവസരം നല്‍കുമെന്ന് അന്ന് താന്‍ അവരോട് പറഞ്ഞിരുന്നെന്നും ലാല്‍ ജോസ് പറഞ്ഞു. അതുപോലെ രസികന്‍ സിനിമയിലേക്ക് ആദ്യം നായികയായി തീരുമാനിച്ചിരുന്നത് സംവൃതയെയായിരുന്നില്ലെന്നും ലാല്‍ ജോസ് പറഞ്ഞു.
‘പട്ടാളം സിനിമക്ക് മുമ്പ് ഗള്‍ഫില്‍ ഒരു ഷോ ചെയ്യാന്‍ പോയപ്പോള്‍ കൂടെ വന്നതായിരുന്നു ടിനി ടോമും, ഉണ്ണിയും അജയനുമൊക്കെ (ഗിന്നസ് പക്രു). ഞാന്‍ സിനിമ എടുക്കുമ്പോള്‍ നിങ്ങളെയും വിളിക്കാമെന്ന് അന്ന് ഞാന്‍ അവരോട് പറഞ്ഞിരുന്നു.അതില്‍ അജയനെ (ഗിനസ്സ് പക്രു) മീശമാധവനില്‍ അഭിനയിപ്പിച്ചു.
പട്ടാളത്തിലേക്ക് മമ്മൂട്ടിയുടെ കൂടെ കാഡറ്റുകളില്‍ ഒരാളായി ടിനി ടോമിനെ എടുത്തു. ജോജു ജോര്‍ജ് പട്ടാളത്തിലേക്ക് വരുന്നത് ബിജു മേനോന്‍ റെക്കമെന്റ് ചെയ്തിട്ടായിരുന്നു.
പട്ടാളം സിനിമയിലായിരുന്നു ജോജു ആദ്യമായി ഡയലോഗും പാട്ടിലുമൊക്കെയായി അഭിനയിച്ചത്. അങ്ങനെ ഒരുപാട് പേരുടെ തുടക്കമായിരുന്നു പട്ടാളം’, ലാല്‍ജോസ് പറഞ്ഞു.
താന്‍ സംവിധാനം ചെയ്ത രസികന്‍ സിനിമയില്‍ നായികയായി സംവൃത സുനിലിനെ കൊണ്ടുവന്നതിനെക്കുറിച്ചും ലാല്‍ ജോസ് സംസാരിച്ചു.
നടി കാവേരിയെയായിരുന്നു രസികനില്‍ നായികയായി ആദ്യം തീരുമാനിച്ചത്. പക്ഷേ അവര്‍ ആ സമയത്ത് മറ്റൊരു സിനിമയുടെ ഷൂട്ടിങ്ങിന്റെ ഭാഗമായി അമേരിക്കയില്‍ പെട്ടുപോയി. അതുകൊണ്ട് തന്നെ ഞങ്ങള്‍ക്ക് പെട്ടെന്ന് വേറെ നായികയെ ആലോചിക്കേണ്ടി വന്നു.
ആ സമയത്താണ് നിര്‍മാതാവ് സന്ദീപ്‌സേനനെ യാദൃശ്ചികമായി കണ്ടത്.
ഞാന്‍ നായികയെ കിട്ടാത്തകാര്യമെല്ലാം അദ്ദേഹത്തോട് പറഞ്ഞിരുന്നു. അപ്പോള്‍ അദ്ദേഹമാണ് ഡയരക്ടര്‍ രഞ്ജിത്ത് ഹലോ എന്ന സിനിമ പ്ലാന്‍ ചെയ്ത കാര്യവും അതില്‍ നായികയായിട്ട് കണ്ണൂരില്‍ നിന്നുള്ള കുട്ടിയെ തീരുമാനിച്ച കാര്യവുമൊക്കെ പറയുന്നത്.
പിന്നീട് ആ പ്രൊജ്ക്ട് നടക്കാതെ പോയെന്നും പറഞ്ഞു. ആ പെണ്‍കുട്ടിയെ ഒരുവട്ടം കണ്ടിട്ടുണ്ടെന്നും എറണാകുളത്ത് സെന്റ് തെരേസാസില്‍
ഡിഗ്രിക്ക് ചേര്‍ന്നിട്ടുണ്ടെന്നും രഞ്ജിത്തിനോട് ചോദിച്ചാല്‍ വിവരങ്ങള്‍ കിട്ടുമെന്നും പറഞ്ഞു.
അങ്ങനെ ഞങ്ങള്‍ ആ കുട്ടിയുടെ വീട്ടുകാരോട് സംസാരിച്ചു. അവള്‍ എറണാകുളത്ത് കോളേജിലെ ഹോസ്റ്റലിലുണ്ടെന്ന് അവര്‍ പറഞ്ഞു. അങ്ങനെ നായികയില്ലാതെ ഞങ്ങള്‍ സിനിമ തുടങ്ങി. ഷൂട്ടിങ്ങിന്റെ ഇടയില്‍ ഞാനും ക്യാമറാമാന്‍ രാജീവ് രവിയും സെന്റ് തെരേസാസിലെ ഹോസ്റ്റലില്‍ പോയി സംവൃത സുനിലിനെ കണ്ടു. അങ്ങനെ അവരെ നായികയായി തീരുമാനിച്ചു’, ലാല്‍ ജോസ് പറഞ്ഞു.
Content Highlight: Lal Jose about Joju George and Biju Menon and Samvrutha Sunil