താഴത്തെ ഫ്ലോറിൽ ലാലേട്ടൻ മുകളിലത്തെ ഫ്ലോറിൽ മമ്മൂക്ക: അത് വളരെ രസകരമായ സെറ്റായിരുന്നു: ലാൽ ജോസ്
Film News
താഴത്തെ ഫ്ലോറിൽ ലാലേട്ടൻ മുകളിലത്തെ ഫ്ലോറിൽ മമ്മൂക്ക: അത് വളരെ രസകരമായ സെറ്റായിരുന്നു: ലാൽ ജോസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 14th October 2023, 2:27 pm

ഇമ്മാനുവൽ സിനിമയുടെ ലൊക്കേഷൻ വിശേഷങ്ങൾ പങ്കുവെക്കുകയാണ് സംവിധായകൻ ലാൽ ജോസ്. സിനിമയിലെ ഇൻഷുറൻസ് കമ്പനിയുടെ ലൊക്കേഷന്റെ സെറ്റും ‘ലേഡീസ് ആൻഡ് ജെന്റിൽമാൻ’ എന്ന ലാലേട്ടൻ നായകനായിട്ടുള്ള സിനിമയുടെ ലൊക്കേഷനും ഒരു ബിൽഡിങ്ങിന്റെ മുകളിലും താഴെയുമായിരുന്നെന്ന് ലാൽ ജോസ് പറഞ്ഞു.

മുകളിൽ മമ്മൂട്ടിയും താനും താഴെ മോഹൻലാലും സിദ്ദിഖുമായിരുന്നെന്നും അത് രസകരമായ സെറ്റായിരുന്നെന്നും ലാൽ ജോസ് പറയുന്നു. സഫാരി ടി.വിയുടെ ‘ചരിത്രം എന്നിലൂടെ’ പരിപാടിയിൽ തന്റെ അനുഭവം പങ്കുവെക്കുകയായിരുന്നു അദ്ദേഹം.

‘ഈ പടത്തിന്റെ പ്രധാന ലൊക്കേഷൻ ഇൻഷുറൻസ് കമ്പനിയുടെ ഓഫീസാണ്. മമ്മൂക്കയെ പോലൊരു ആക്ടറിനെ കൊണ്ടുപോയിട്ട് റിയൽ ഓഫീസിൽ ഷൂട്ട് ചെയ്യുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. അതുകൊണ്ട് നിർമാതാവ് ജോർജിനോട് പറഞ്ഞു ‘ഇതായിരിക്കും നമ്മുടെ ഈ സിനിമയിലെ ഏറ്റവും എക്സ്പെൻസീവ് പാർട്ട്. ഓഫീസിന്റെ സെറ്റ് ഇടേണ്ടിവരും’.


വളരെ മനോഹരമായ സെറ്റ് മോഹൻദാസ് ഉണ്ടാക്കി. പലരും അത് ഒർജിനൽ ഓഫീസാണെന്ന് വിചാരിച്ചിരുന്നു. അതൊരു ബിൽഡിങ്ങിന്റെ അപ്പ് സ്റ്റയർ ആയിരുന്നു.

സിദ്ദിഖ് സാറിന്റെ ‘ലേഡീസ് ആൻഡ് ജെന്റിൽമാൻ’ എന്ന ലാലേട്ടൻ നായകനായിട്ടുള്ള സിനിമ താഴെ ഫ്ലോറിൽ ഷൂട്ട് ചെയ്യുന്നു. ആ ദിവസങ്ങൾ ഭയങ്കര രസമായിരുന്നു. താഴത്തെ ഫ്ലോറിൽ ലാലേട്ടൻ മുകളിലെ ഫ്ലോറിൽ മമ്മൂക്ക, അതുപോലെ താഴെ സിദ്ദിഖ് സാറും മുകളിൽ ഞാനും എന്ന നിലയിലായിരുന്നു. പ്രിയൻ സാറൊക്കെ ലാലേട്ടനെ കാണാൻ വേണ്ടി ഡൗൺസ്റ്റയറിലേക്ക് വരുമായിരുന്നു. അപ്പോൾ ലാലേട്ടനും പ്രിയൻ സാറും കൂടി മമ്മൂക്കയെ കാണാൻ വേണ്ടി സെറ്റിലേക്ക് വരും. അതൊരു രസകരമായ ഓർമകളുള്ള സെറ്റായിരുന്നു.

അതുപോലെ അവസാനമായിട്ട് സുകുമാരി ചേച്ചി എൻ്റെ സിനിമയിൽ അഭിനയിക്കുന്നത് ഇമ്മാനുവലിലാണ്. ഇമ്മാനുവലിൽ നിന്ന് പോയപ്പോഴാണ് ചേച്ചിക്ക് അപകടം ഉണ്ടാകുന്നതും ആ തീപിടുത്തം സംഭവിക്കുന്നതും. പിന്നെ കുറേ ദിവസം ഹോസ്പിറ്റലിൽ കിടന്ന് മരിക്കുകയും ചെയ്തു.

ഇമ്മാനുവലിലെ ലാസ്റ്റ് ഷോട്ട് എന്ന് പറയുന്നത് മമ്മൂക്കയെ കെട്ടിപ്പിടിച്ച് സുകുമാരിച്ചേച്ചി കരയുന്ന സീനായിരുന്നു. എന്റെ മനസ്സിൽ ഇപ്പോഴുമുള്ളത് ചേച്ചി ആ സീൻ കഴിഞ്ഞിട്ട് ലിഫ്റ്റിൽ കയറിയിട്ട് എന്നോട് കൈകൊണ്ട് കാണാം മോനേ എന്ന് പറഞ്ഞു കൈവീശി കാണിക്കുന്നതാണ്. അതിനു ശേഷം ഡബ്ബിങ്ങിന് വന്നപ്പോഴാണ് അവസാനം കണ്ടത്.

പക്ഷേ ഷൂട്ടിങ് കഴിഞ്ഞിട്ട് ലിഫ്റ്റിൽ വെച്ച് കൈ വീശി കാണിക്കുന്ന സുകുമാരി ചേച്ചിയുടെ മുഖമാണ് ഇപ്പോഴും ഓർമയിലുള്ളത്, മുസ്ലിം വേഷത്തിൽ കാച്ചിമുണ്ടും തട്ടവുമിട്ടിട്ടുള്ള സുകുമാരി ചേച്ചിയുടെ മുഖം ഇപ്പോഴും എൻ്റെ മനസിലുണ്ട്,’ ലാൽ ജോസ് പറഞ്ഞു.

Content Highlight: Lal jose about immanuval movie set