സന്തോഷ് ജോർജ് കുളങ്ങരയെ ആദ്യമായി കണ്ട അനുഭവത്തെക്കുറിച്ച് പറയുകയാണ് സംവിധായകൻ ലാൽ ജോസ്. ജീവിതത്തിൽ കാണാൻ ആഗ്രഹിക്കുന്ന ഒരാളാണ് സന്തോഷെന്നും ലോകം മുഴുവൻ ക്യാമറയുമായി നടക്കുന്നതിന് തനിക്ക് അദ്ദേഹത്തോട് കുശുമ്പുണ്ടെന്നും മഴവിൽ മനോരമയുടെ ഒരു പ്രോഗ്രാമിന് മുൻപേയുള്ള അഭിമുഖത്തിൽ താൻ പറഞ്ഞിരുന്നെന്ന് ലാൽ ജോസ് പറഞ്ഞു.
എന്നാൽ മഴവിൽ മനോരമയുടെ ആ പരിപാടിയിൽ സന്തോഷ് വരുമെന്ന് കരുതിയിലെന്നും അദ്ദേഹം പറഞ്ഞു. സഫാരി ചാനലിന്റെ ‘ചരിത്രം എന്നിലൂടെ’ എന്ന പരിപാടിയിലാണ് ലാൽ ജോസ് തന്റെ അനുഭവം പങ്കുവെച്ചത്.
‘മഴവിൽ മനോരമയുടെ ഒരു പ്രോഗ്രാമിന് മുൻപ് അവർ ഇന്റർവ്യൂ ചെയ്യാൻ വേണ്ടി വരും. നമ്മളെക്കുറിച്ചുള്ള കാര്യങ്ങൾ അറിയാൻ വേണ്ടിയാണ് അവർ വരുന്നത്. നമ്മുടെ അധ്യാപകർ ആരായിരുന്നു ഇഷ്ടപ്പെട്ട കൂട്ടുകാർ ആരായിരുന്നു എന്നൊക്കെ ചോദിക്കും. അത് കഴിഞ്ഞ് പ്രോഗ്രാമിന് ചെല്ലുമ്പോഴാണ് നമ്മൾ അത്ഭുതപ്പെടുക ഈ ടീച്ചറുടെ വീഡിയോ ക്ലിപ്പ് അവിടെ കാണിക്കും. അതുപോലെ എന്റെ സുഹൃത്തുക്കളെ എറണാകുളത്തെ സ്റ്റുഡിയോയിലേക്ക് കൊണ്ടുവന്നിട്ടുണ്ടാകും. അങ്ങനെ ഒരു പ്രോഗ്രാമായിരുന്നു.
പ്രോഗ്രാമിന് മുൻപുള്ള ആ അഭിമുഖത്തിൽ ജീവിതത്തിൽ കാണാൻ ആഗ്രഹിക്കുന്ന വ്യക്തി ആരാണെന്ന് ചോദിച്ചു. അത് സന്തോഷ് ജോർജ് കുളങ്ങരയാണെന്ന് ഞാൻ പറഞ്ഞു. ലോകം മുഴുവൻ ക്യാമറയുമായി ഇങ്ങനെ യാത്ര ചെയ്യുന്നതിനുള്ള കുശുമ്പാണ്. അതുകൊണ്ട് അയാളെ നേരിട്ട് കണ്ടാൽ കൊള്ളാം എന്ന് തോന്നിയിട്ടുണ്ടെന്നും ഞാൻ അവരോട് പറഞ്ഞു. അത് സംസാരത്തിനിടയിലുള്ള ജനറൽ കാര്യത്തിനിടയിൽ പറഞ്ഞതാണ്.
മഴവിൽ മനോരമയുടെ പ്രോഗ്രാമിൽ ചെന്നപ്പോൾ അതിൻറെ അവസാനത്തിൽ എന്റെ സുഹൃത്തുക്കൾ ഓരോരുത്തരായി വരാൻ തുടങ്ങി. അപ്പോൾ സന്തോഷ് ജോർജ് കുളങ്ങരയെ കുറിച്ച് ഞാൻ പറഞ്ഞ കാര്യം മറന്നു പോയിരുന്നു. ഫ്രണ്ട്സ് വന്നു അതുപോലെ എന്റെ പാരെന്റ്സ് എന്നെ കുറിച്ച് വീഡിയോയിൽ സംസാരിക്കുന്നു, ദിലീപും പൃഥ്വിരാജും വീഡിയോയിൽ വരുന്നു. അതുപോലെ ഒറ്റപ്പാലത്തുള്ള എന്റെ ബാല്യകാല സുഹൃത്തുക്കളും സ്റ്റുഡിയോ ഫ്ലോറിൽ വന്നിരുന്നു. അതുപോലെ ഞാൻ അഭിനയിച്ച നായികമാർ വരുന്നു. വരാൻ പറ്റാത്തവരുടെ വീഡിയോസ് കാണിക്കുന്നു.
പ്രോഗ്രാം അവസാനിക്കുന്ന സമയത്ത് ഒരാളും കൂടി വരുന്നുണ്ട് ആരാണെന്ന് ഊഹിക്കാൻ പറ്റുമോ എന്ന് ചോദിച്ചു. ആരായിരിക്കുമെന്ന് ഒരു തരത്തിലും എനിക്ക് ഊഹിക്കാൻ പറ്റുന്നില്ല. അപ്പോഴാണ് സന്തോഷ് കുളങ്ങര എന്നയാൾ കടന്നു വരുന്നത്. അദ്ദേഹത്തെ ആദ്യമായി കാണുന്നത് ആ ഫ്ലോറിൽ വെച്ചിട്ടാണ്,’ ലാൽ ജോസ് പറഞ്ഞു.
Content Highlight:Lal jose about his first meeting with santhosh george kulangara