| Saturday, 5th April 2025, 9:03 am

പ്രിയപ്പെട്ട നടന്‍ ആരാണെന്ന് ചോദിച്ചാല്‍ ഞാന്‍ ആദ്യം പറയുന്നത് ആ നടന്റെ പേരാണ്: ലാല്‍ജോസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമക്ക് ഏറെ ഹിറ്റുകള്‍ സമ്മാനിച്ച ജനപ്രിയ സംവിധായകനാണ് ലാല്‍ ജോസ്. കമലിനൊപ്പം പതിനാലോളം സിനിമകളില്‍ സഹായിയായി പ്രവര്‍ത്തിച്ച ലാല്‍ ജോസ് ഒരു മറവത്തൂര്‍ കനവ് എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്രസംവിധായകനായത്. പിന്നീട് മീശമാധവന്‍, അറബിക്കഥ, ക്ലാസ്മേറ്റ്സ് തുടങ്ങി ഒരുപിടി മികച്ച സിനിമകള്‍ മലയാളികള്‍ക്ക് സമ്മാനിക്കാന്‍ ലാല്‍ ജോസിന് സാധിച്ചു.

ഇപ്പോള്‍ മലയാള സിനിമയിലെ എക്കാലത്തെയും മികച്ച നടന്മാരില്‍ ഒരാളായ ഭരത് ഗോപിയെക്കുറിച്ച് സംസാരിക്കുകയാണ് ലാല്‍ ജോസ്.

തന്റെ ഏറ്റവും പ്രിയപ്പെട്ട നടന്മാരില്‍ ഒരാളാണ് ഭരത് ഗോപിയെന്നും തന്നോട് ആരെങ്കിലും പ്രിയപ്പെട്ട നടന്മാര്‍ ആരാണെന്ന് ചോദിക്കുമ്പോള്‍ താന്‍ ആദ്യം പറയുന്ന പേര് ഭരത് ഗോപിയാണെന്നും ലാല്‍ ജോസ് പറയുന്നു. രൂപത്തില്‍ മാറ്റങ്ങള്‍ വരുത്താതെ കഥാപാത്രങ്ങളായി മാറുന്ന നടനാണ് ഭരത് ഗോപിയെന്നും ഭരത് ഗോപിയുടെ ആ സവിഷേതയാണ് തന്നെ ഏറെ അത്ഭുതപ്പെടുത്തിയതെന്നും ലാല്‍ ജോസ് പറഞ്ഞു.തന്റെ യുട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എന്നോട് പലരും ഏറ്റവും പ്രിയപ്പെട്ട നടന്‍ ആരാണെന്ന് ചോദിക്കുമ്പോള്‍ ഞാന്‍ എപ്പോഴും ആദ്യം പറയുന്ന പേര് ഭരത് ഗോപിയുടേതാണ്. ഭരത് ഗോപി സാറിന്റെ പെര്‍ഫോമന്‍സിന്റെ രീതിയാണ് എന്നെ ഏറ്റവും കൂടുതല്‍ അത്ഭുതപ്പെടുത്തിയത്. രൂപത്തില്‍ ഒരു മാറ്റവും വലുതായിട്ട് വരുത്താതെയാണ് അദ്ദേഹത്തിന്റെ എല്ലാ പെര്‍ഫോമന്‍സുകളും ഉണ്ടായിരുന്നത്. ആളുടെ രൂപം ഒരു പോലെ തന്നെയിരിക്കും പക്ഷേ പ്രകടനം കൊണ്ട് ഓരോ കഥാപാത്രവും പല ആളുകളാണെന്ന് നമുക്ക് തോന്നും. കൊടിയേറ്റത്തിലെ കഥാപാത്രം കാണുമ്പോള്‍ ഒരു നിഷ്‌കളങ്കനായ നാട്ടിന്‍ പുറത്തക്കാരന്‍.

അക്കരെ എന്ന സിനിമയില്‍ ഗള്‍ഫില്‍ പോകാന്‍ വേണ്ടി ടൈപ്പ് റൈറ്റിങ് പഠിക്കാന്‍ പോകുന്ന ഒരാള്‍, യവനിക യിലെ അയ്യപ്പന്‍, ഓര്‍മ്മക്കായി എന്ന ചിത്രത്തിലെ ഉമയായിട്ടുള്ള ശില്‍പ്പി. അവിടെ അദ്ദേഹം മറ്റൊരാളാണ്. അങ്ങനെ അദ്ദേഹത്തിന്റെ ഒട്ടനവധി കഥാപാത്രങ്ങള്‍ എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. വിടപറയും മുമ്പേ എന്ന സിനിമയിലെ ഡോക്ടര്‍, മാമാട്ടികുട്ടിയമ്മയില്‍ അച്ഛന്‍ കഥാപാത്രം. അങ്ങനെ വ്യതസ്തങ്ങളായ കഥാപാത്രങ്ങള്‍ ഒരേ രൂപം വെച്ചിട്ടാണ് അദ്ദേഹം ചെയ്യുന്നത്,’ലാല്‍ ജോസ് പറഞ്ഞു.

മലയാളചലച്ചിത്രരംഗത്തെ പ്രശസ്തനായ അഭിനേതാവായിരുന്നു ഭരത് ഗോപി എന്നറിയപ്പെടുന്ന വി. ഗോപിനാഥന്‍ നായര്‍. കൊടിയേറ്റം എന്ന ചിത്രത്തിലെ അഭിനയത്തിന് ഇദ്ദേഹത്തിന് 1978 ലെ ഏറ്റവും മികച്ച നടനുള്ള ഭരത് അവാര്‍ഡ് ലഭിച്ചു. അതിനാല്‍ത്തന്നെ കൊടിയേറ്റം ഗോപി എന്നും ഇദ്ദേഹം അറിയപ്പെടാറുണ്ട്.

Content Highlight: Lal Jose about his favorite actor Bharat Gopy

We use cookies to give you the best possible experience. Learn more