Film News
'ആ സ്‌കൂളില്‍ ഒരു കുട്ടി മരണപ്പെട്ടു, പിള്ളേര്‍ സെപ്റ്റിക് ടാങ്കില്‍ മൂടി; അവിടെയാണ് പിന്നെ ഷൂട്ട് ചെയ്തത്'
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Oct 11, 06:10 am
Wednesday, 11th October 2023, 11:40 am

അയാളും ഞാനും തമ്മിൽ എന്ന സിനിമയുടെ ലൊക്കേഷൻ കണ്ടെത്തിയതിനെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ ലാൽ ജോസ്. സിനിമയിലെ ഹോസ്പിറ്റൽ മൂന്നാറിലെ ഒരു സ്കൂൾ ആയിരുന്നെന്നും ആ ലൊക്കേഷൻ തന്റെ സിനിമയുടെ വിജയത്തിൽ പങ്കുവഹിച്ചിട്ടുണ്ടെന്നും ലാൽ ജോസ് പറഞ്ഞു.

അതൊരു ഉപേക്ഷിക്കപ്പെട്ട സ്‌കൂൾ ആയിരുന്നെന്നും അവിടെ ഒരു കുട്ടി മരണപെട്ടതോടെ സ്കൂളിന്റെ ലൈസെൻസ് ഗവൺമെൻറ് റദ്ദ് ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു. സഫാരി ചാനലിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു ലാൽ ജോസ്.

‘അയാളും ഞാനും തമ്മിൽ സിനിമയുടെ ഹോസ്പിറ്റൽ ലൊക്കേഷന് വേണ്ടി ഒരുപാട് സ്ഥലങ്ങൾ നോക്കിയെങ്കിലും എനിക്ക് അതൊന്നും തൃപ്തികരമല്ലായിരുന്നു. അങ്ങനെ ഞങ്ങൾ മൂന്നാറിലേക്ക് പോയി. അവിടെ കുറച്ച് വയസ്സുള്ള മണിയാശാൻ എന്ന ഒരാളാണ് ഞങ്ങൾക്ക് ലൊക്കേഷൻ കാണിച്ചുതന്നത്. സ്ഥിരം ഷൂട്ട് ചെയ്യുന്ന കുറെ സ്ഥലങ്ങൾ ആദ്യം ഞങ്ങൾക്ക് കാണിച്ചു തന്നു, പിന്നെ കുറച്ച് ഗസ്റ്റ് ഹൗസുകൾ, പഴയ ചില എസ്റ്റേറ്റുകളുടെ ബംഗ്ലാവുകൾ. പക്ഷേ അതൊന്നും നമ്മുടെ ഹോസ്പിറ്റലിന്റെ ബേസിക് ആവശ്യങ്ങൾ ഫുൾഫിൽ ചെയ്യുന്നതായിരുന്നില്ല. അങ്ങനെ മൂന്നാറിൽ കിട്ടില്ല എന്ന് ഉറപ്പിച്ചു.

നാളെ ഊട്ടിയിലേക്ക് പോകാം എന്ന് വിചാരിച്ചു നിൽക്കുമ്പോൾ, വൈകുന്നേരം മണിയാശാൻ വീട്ടിലേക്ക് വന്നു. അപ്പോഴേക്കും ഞാനും മണി ആശാനും നല്ല അടുപ്പം ആയി കഴിഞ്ഞിരുന്നു. ‘ഇവിടെ ലൊക്കേഷൻ കിട്ടിയിരുന്നെങ്കിൽ നമുക്ക് ഷൂട്ടിങ്ങുമൊക്കെയായിട്ട് കൂടാമായിരുന്നു, പക്ഷെ നിങ്ങൾ പോവുകയല്ലേ’ എന്ന് മണിയാശാൻ ചോദിച്ചു.

ഇവിടെ ഇങ്ങനെ ഒരു ബിൽഡിങ് ഇല്ല എന്ന് പറയുന്നത് എനിക്ക് വിശ്വസിക്കാൻ ആവുന്നില്ല എന്നായിരുന്നു ഞാൻ അദ്ദേഹത്തോട് പറഞ്ഞത്. ഇവിടെ ബ്രിട്ടീഷ് കാലഘട്ടത്തിലെ ബംഗ്ലാവുകളുള്ള സ്ഥലം അല്ലെ. ഉപയോഗിക്കാതിരുന്ന ഒരു ബിൽഡിങ് ആയിരിക്കും അത്. അങ്ങനെ ഉള്ള ഒരു ബിൽഡിങ് കിട്ടിയാലും മതി. അത് നമ്മുടെ ആർട്ട് ഡയറക്ടർ കൺവേർട്ട് ചെയ്ത് ശരിയാക്കിക്കൊള്ളും. പ്രകൃതിയുമായി ഇണങ്ങി നിൽക്കുന്ന ഒരു ബിൽഡിങ് നിർബന്ധമാണ്. ഒരുപാട് സീൻ ഈ ഹോസ്പിറ്റലിലാണ് ഷൂട്ട് ചെയ്യേണ്ടത്. മഞ്ഞ് മൂടിനിൽക്കുന്ന ഒരു സ്ഥലമാണെങ്കിൽ സീനിൽ അത് നല്ല ഭംഗിയായിരിക്കും എന്ന് ഞാൻ പറഞ്ഞു.

അപ്പോൾ പുള്ളി പെട്ടെന്ന്, ഒരു സ്ഥലമുണ്ട് സാർ അത് കിട്ടുമോ എന്നറിയില്ലെന്ന് പറഞ്ഞു.’ അതൊരു ഉപയോഗിക്കാത്ത സ്‌കൂളാണ്. അത് പബ്ലിക് സ്കൂൾ ആയി തുടങ്ങിയിട്ട് കുറച്ച് വർഷങ്ങളെ പ്രവർത്തിച്ചിട്ടുള്ളു. അവിടെ വലിയൊരു ദുരന്തം ഉണ്ടായി. അവിടെ ഒരു കുട്ടി മരിച്ചുപോയി. ഒപ്പമുള്ള കുട്ടികൾക്ക് എന്തോ കയ്യബദ്ധം പറ്റിയിട്ട് ആ കുഞ്ഞിനെ സെപ്റ്റിക് ടാങ്കിൽ ഇട്ടു.

അങ്ങനെ അത് വലിയ പ്രശ്നമായിട്ട് അവസാനം ആ സ്‌കൂളിന്റെ ലൈസൻസ് ഗവൺമെൻറ് റദ്ദ് ചെയ്തു. ഈ സംഭവത്തിന്റെ ഷോക്കിൽ അവർ സ്കൂൾ തന്നെ നിർത്തിക്കളഞ്ഞു. ആ ബിൽഡിങ് അവിടെ കിടപ്പുണ്ട് മലയാളികളുടെതാണ്. അതിലെ ഒരു ഓണറെ എനിക്ക് പരിചയമുണ്ട്, ഞാൻ ഒന്ന് ട്രൈ ചെയ്യട്ടെ’ എന്ന് മണിയാശാൻ പറഞ്ഞു.

പുള്ളി അന്ന് രാത്രി മുഴുവൻ കുത്തിയിരുന്ന് ആരൊക്കെയോ വിളിച്ച്, ആ സ്കൂളിൻറെ ഓണറെ കിട്ടി. പിറ്റേദിവസം രാവിലെ ഈ സ്കൂളിലേക്ക് ചെന്നു. അവിടെ ചെന്ന് കണ്ട ഉടനെ ഞാൻ പറഞ്ഞു ഇതാണ് ഞാൻ പറഞ്ഞ ബിൽഡിങ് ഇതാണ് നമ്മുടെ ഹോസ്പിറ്റൽ എന്ന്.
ആ ഹോസ്പിറ്റലിന്റെ ഫോട്ടോസ് എടുത്ത് അപ്പോൾ തന്നെ വാട്സാപ്പിൽ ജോമോന് അയച്ചുകൊടുത്തു. ഫോട്ടോ കണ്ട ഉടനെ ജോമോൻ തിരിച്ചുവിളിച്ചു. ‘ചേട്ടാ നമ്മുടെ ജോലി പകുതി തീർന്നു’ എന്ന് പറഞ്ഞു. ആ ഹോസ്പിറ്റൽ സിനിമയുടെ വിജയത്തിന് വലിയ പങ്കുവഹിച്ചിട്ടുണ്ട്.
പിന്നീട് വേറെ സിനിമകൾ  അവിടെ ഷൂട്ട് ചെയ്തു. ഇപ്പോൾ അത് വേറെ ഒരു ഗ്രൂപ്പ് മേടിച്ചിട്ട് റിസോർട്ട് നടത്തുകയാണ്,’ ലാൽ ജോസ് പറഞ്ഞു.

Content Highlight: lal jose about ayalum njanum thammil movie location