| Saturday, 1st April 2023, 9:49 am

പൃഥ്വിരാജിന്റെ സിനിമ തിയേറ്ററില്‍ വന്നാല്‍ പ്രശ്‌നമുണ്ടാകുമെന്ന് പറഞ്ഞവര്‍ വരെയുണ്ട്; അങ്ങനെയൊരു സമയത്താണ് ഞാന്‍ ആ സിനിമ ചെയ്യുന്നത്: ലാല്‍ ജോസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സോഷ്യല്‍ മീഡിയയിലൂടെ വലിയ രീതിയിലുള്ള അക്രമണങ്ങള്‍ക്ക് ഇരയായിരുന്ന താരമാണ് പൃഥ്വിരാജ്. താരത്തിന്റെ സിനിമക്കെതിരെയും അദ്ദേഹത്തിന്റെ വ്യക്തി ജീവിതത്തെ വരെയും ആളുകള്‍ അന്ന് കളിയാക്കിയിരുന്നു. ആ കാലത്തെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ ലാല്‍ ജോസ്.

അത്തരമൊരു സാഹചര്യത്തിലൂടെ പൃഥ്വിരാജ് കടന്നുപോകുമ്പോഴാണ് അയാളും ഞാനും തമ്മില്‍ എന്ന സിനിമ വരുന്നതെന്നും അദ്ദേഹത്തെ വെച്ച് സിനിമ ചെയ്താല്‍ തിയേറ്ററില്‍ പ്രശ്നമുണ്ടാകുമെന്ന് പലരും പറഞ്ഞിരുന്നുവെന്നും ലാല്‍ ജോസ് പറഞ്ഞു. എന്നാല്‍ പൃഥ്വിരാജിന്റെ കാര്യത്തില്‍ തനിക്ക് നല്ല ആത്മവിശ്വാസമുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘സ്വകാര്യ ജീവിതത്തിലും സിനിമയിലും ഒരേ പോലെ പൃഥ്വിരാജ് വെല്ലുവിളി നേരിടുന്ന സമയത്താണ് അയാളും ഞാനും തമ്മില്‍ ചെയ്യുന്നത്. ഏതോ അഭിമുഖത്തില്‍ അയാള്‍ എന്തോ പറഞ്ഞു എന്ന പേരില്‍ പൃഥ്വിരാജിനെതിരെ വളരെ മോശം കമന്റുകള്‍ വന്നിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ അയാളെ എടുത്ത് ഉടുക്കുന്ന സമയുമായിരുന്നു.

എന്നോട് സിനിമ തുടങ്ങിയപ്പോള്‍ പലരും പറഞ്ഞു ഈ സമയത്ത് അയാളുടെ സിനിമ വന്നാല്‍ തിയേറ്ററില്‍ പ്രശ്‌നമുണ്ടാകുമെന്ന്. പക്ഷെ എനിക്ക് ഉറപ്പുണ്ടായിരുന്നു രവി തരകന്‍ പൃഥ്വിരാജില്‍ ഭദ്രമായിരിക്കുമെന്ന്.

ചിത്രത്തിലെ മെഡിക്കല്‍ കോളേജ് ഭാഗങ്ങള്‍ തന്നെ മൂന്ന് മെഡിക്കല്‍ കോളേജുകളില്‍ ആയിട്ടാണ് ഷൂട്ട് ചെയ്തത്. എന്റെ സിനിമകളില്‍ ഏറ്റവും കുടുതല്‍ ലൊക്കേഷനില്‍ ഷൂട്ട് ചെയ്ത ചിത്രമാണ് അയാളും ഞാനും തമ്മില്‍,’ ലാല്‍ ജോസ് പറഞ്ഞു.

ദര്‍ശന, വിന്‍സി അലോഷ്യസ്, ആഡിസ്, ജോജു ജോര്‍ജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പുറത്തിറങ്ങിയ സോളമന്റെ തേനീച്ചകളാണ് ലാല്‍ ജോസിന്റെ ഒടുവില്‍ തിയേറ്ററിലെത്തിയ സിനിമ.

content highlight: lal jose about ayalum njanum thammil movie

We use cookies to give you the best possible experience. Learn more