| Monday, 9th January 2023, 10:51 am

മര്യാദയില്ലേ, അമ്മ എന്നോ മാഡം എന്നോ വിളിക്കണ്ടേ, എന്ന് ആ നടിയുടെ ആയ എന്നോട് ദേഷ്യപ്പെട്ടു; എന്റെ എല്ലാ കണ്‍ട്രോളും പോയി: ലാല്‍ ജോസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സംവിധായകന്‍ കമലിന്റെ അസിസ്റ്റന്റായി വര്‍ക്ക് ചെയ്യുന്ന സമയത്ത് ഒരു സിനിമാ സെറ്റില്‍ വെച്ച് നടിയുമായുണ്ടായ വാക്കുതര്‍ക്കത്തെ കുറിച്ച് സംവിധായകന്‍ ലാല്‍ ജോസ്.

പൂക്കാലം വരവായി എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ നടി സുനിതയുമായുണ്ടായ അനുഭവമാണ് സഫാരി ചാനലിലെ ചരിത്രം എന്നിലൂടെ പരിപാടിയില്‍ ലാല്‍ ജോസ് പറയുന്നത്.

”ആ സെറ്റില്‍ വെച്ചിട്ട് അതിലെ നായികയായിരുന്ന സുനിതയമായി ഒരു ഇഷ്യൂ ഉണ്ടായി. ഞാന്‍ മൂലം ആദ്യമായി ഒരു പ്രശ്‌നം ഉണ്ടാകുന്നത്, ഒരു ആര്‍ടിസ്റ്റുമായി പ്രശ്‌നം ഉണ്ടായത് ആ സെറ്റിലായിരുന്നു.

                                                                   സുനിത

ഷോട്ട് റെഡിയായപ്പോള്‍ നായികയായ സുനിതയെ, ‘ഷോട്ട് റെഡി, സുനിത വരൂ’ എന്ന് വിളിച്ചതായിരുന്നു. അവര് വന്നില്ല. ഞാന്‍ എന്റെ ജോലികളുമായി പോയി. സുനിത എവിടെ എന്ന് കമല്‍ സാറ് ചോദിച്ചപ്പോള്‍ ഞാന്‍ വീണ്ടും ചെന്ന് ‘സുനിതാ, ഷോട്ട് റെഡി, സാറ് വിളിക്കുന്നു,’ എന്ന് പറഞ്ഞു.

അത് കേട്ടപ്പോള്‍ സുനിതയുടെ ആയ പൊട്ടിത്തെറിച്ചു. എന്താ ഒരു മര്യാദയില്ലേ, ഒരു ആര്‍ടിസ്റ്റിനെ ഇങ്ങനെ പേര് വിളിക്കാമോ, അവരെ അമ്മ എന്ന് ചേര്‍ത്ത് വിളിക്കണ്ടേ, സുനിതാമ്മ എന്നോ മാഡം എന്നോ വിളിക്കണ്ടേ, എന്നൊക്കെ പറഞ്ഞ് അവര് ദേഷ്യപ്പെട്ടു.

എനിക്ക് പെട്ടെന്ന് എല്ലാ കണ്‍ട്രോളും പോയി. ‘അമ്മാ കുമ്മാ എന്നൊന്നും ഞങ്ങളുടെ ഭാഷയിലില്ല, അങ്ങനെ വിളിക്കാനും പറ്റില്ല, എനിക്ക് വേണമെങ്കില്‍ ചേച്ചി എന്ന് വിളിക്കാം. പക്ഷെ എന്നെക്കാള്‍ പ്രായമുണ്ടെന്ന് അവരിപ്പോള്‍ പറയണം. എങ്കില്‍ വിളിക്കാം.

അല്ലെങ്കില്‍ അവര്‍ക്ക് ഈ പേരിട്ടിരിക്കുന്നത് അങ്ങനെ വിളിക്കാനാണ്. ഞാന്‍ പേരേ വിളിക്കൂ, നിങ്ങള്‍ക്ക് സൗകര്യമുണ്ടെങ്കില്‍ വന്നാല്‍ മതി. എന്നെ പറഞ്ഞുവിടുകയാണെങ്കില്‍ പറഞ്ഞുവിട്ടോട്ടെ,’ എന്ന് ഞാന്‍ പറഞ്ഞു.

ജയറാമേട്ടനൊക്കെ സെറ്റിലുണ്ടായിരുന്നു. അവരൊക്കെ ഈ സംസാരം എന്‍ജോയ് ചെയ്തു. അപ്പോഴേക്കും സുനിത പെട്ടെന്ന് ഒറ്റക്കരച്ചില്‍ കരഞ്ഞു. അതാണല്ലോ പെണ്‍പിള്ളേരുടെ ഒരു ടെക്‌നിക്.

അപ്പോള്‍ കമല്‍ സാറ് ദൂരെ നിന്ന് ഇത് കാണുന്നുണ്ട്. ഞാന്‍ ദേഷ്യപ്പെടുന്നു, സുനിത കരയുന്നു, ആകെ സെറ്റില്‍ പ്രശ്‌നമായി. സാറ് വന്നിട്ട് എന്താ പ്രശ്‌നമെന്ന് ചോദിച്ചു. ‘ഞാന്‍ അവരെ പേര് വിളിച്ചു എന്നുള്ളതാണ് പ്രശ്‌നം, ഞാന്‍ പേരേ വിളിക്കൂ. അവര്‍ക്ക് ഞാനിവിടെ നില്‍ക്കുന്നത് ബുദ്ധിമുട്ടുണ്ടെങ്കില്‍ ഇന്ന് തന്നെ ഇവിടന്ന് പൊയ്‌ക്കോളാം,’ എന്ന് ഞാന്‍ പറഞ്ഞു.

കമല്‍ സാറിനോട് ഞാനങ്ങനെ പറയുന്നതും ആദ്യമായിട്ടാണ്. സാറ് പെട്ടെന്ന് ചിരിച്ചിട്ട്, ‘അതെന്താ സുനിതാ പേരിട്ടിരിക്കുന്നത് പേര് വിളിക്കാനല്ലേ. നിന്റെയൊക്കെ അതേ പ്രായമുള്ള ആളാണ്. നിങ്ങള് ചെറുപ്പക്കാരായ സമപ്രായക്കാര് ഇങ്ങനെ പെരുമാറുന്നത് മോശമല്ലേ,’ എന്ന് പറഞ്ഞു.

പിന്നെ പടത്തിന്റെ എക്‌സിക്യൂട്ടീവുമാരൊക്കെ ചെന്ന് സുനിതയെ സമാധാനിപ്പിച്ചു. അല്ലെങ്കിലും ആ പയ്യന്‍ ഒരു അഹങ്കാരിയാണ് എന്ന് എന്റെ കുറേ കുറ്റമൊക്കെ പറഞ്ഞുകേട്ടപ്പോള്‍ അവര്‍ക്കും സമാധാനമായി. ഷൂട്ടിങ് തുടര്‍ന്നു. പക്ഷെ പോകുന്നത് വരെ പിന്നീട് ഞങ്ങള്‍ തമ്മില്‍ സംസാരിച്ചിട്ടില്ല.

സിനിമയില്‍ വന്നതിന് ശേഷം ആദ്യമായി ഞാന്‍ ഒരാളോട് ദേഷ്യപ്പെട്ട് ഇടപെടേണ്ടി വന്ന ഒരു സന്ദര്‍ഭം അതായിരുന്നു,” ലാല്‍ ജോസ് പറഞ്ഞു.

Content Highlight: Lal Jose about an argument he had with actress Sunitha

We use cookies to give you the best possible experience. Learn more