അനുശ്രീ എന്ന നടിയുടെ സിനിമയിലേക്കുള്ള വരവിനെക്കുറിച്ച് പറയുകയാണ് സംവിധായകൻ ലാൽ ജോസ്. 2012ൽ ലാൽ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്‌ലെയ്സ് ആണ് അനുശ്രീയുടെ ആദ്യ ചിത്രം. വിവൽ ബ്രേക് എന്ന സൂര്യ ടി.വിയിൽ നടന്ന പ്രോഗ്രാമിൽ അനുശ്രീ നൽകിയ മറുപടിയാണ് അവളെ സെലക്ട് ചെയ്യാനുള്ള കാരണമെന്ന് ലാൽ ജോസ് പറഞ്ഞു.
എല്ലാ പെൺകുട്ടികളും ഹെവി മേക്കപ്പിൽ വന്നപ്പോൾ അനുശ്രീ മാത്രം ചുരിദാറും വീട്ടിലിടുന്ന ചെരുപ്പുമിട്ടിട്ടാണ് വന്നതെന്നും അദ്ദേഹം പറഞ്ഞു. സഫാരി ടിവിയിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു ലാൽ ജോസ്.
‘സൂര്യ ടി.വി വിവൽ ബ്രേക്ക് എന്ന പ്രോഗ്രാം ചെയ്തിരുന്നു. അതിലെ മെയിൻ ജഡ്ജ് ആയിട്ട് എന്നെ വിളിക്കാൻ വേണ്ടി വന്നത് വിജയ് ബാബു ആയിരുന്നു. അത് പെൺകുട്ടികൾക്ക് മാത്രമുള്ള പ്രോഗ്രാമായിരുന്നു. അതിലെ രണ്ടുപേരെ ഞാൻ സിനിമയിൽ അഭിനയിപ്പിക്കണം.
സൺ നെറ്റ്‌വർക്ക് ഈ സിനിമ പ്രൊഡ്യൂസ് ചെയ്യണം, എന്നാൽ ഈ പരിപാടിയിൽ രണ്ടുപേരെ നായികയാക്കാം എന്നായിരുന്നു ഓഫർ. അങ്ങനെയാണ് ഞാൻ ആ പ്രോഗ്രാമിൽ ജഡ്ജ് ആയി പോകാമെന്ന് സമ്മതിച്ചത്. എട്ട് പെൺകുട്ടികളാണ് പരിപാടിയിൽ പങ്കെടുത്തത്. അതിലെ വിന്നർ അനുശ്രീ ആയിരുന്നു. അതിലെ അനുശ്രീയെയും ചാന്ദിനിയെയുമായിരുന്നു ഞാൻ സെലക്ട് ചെയ്തത്.
ഇവരെ സെലക്ട് ചെയ്തത് എൻറെ തമിഴ് സിനിമയ്ക്ക് വേണ്ടിയായിരുന്നു. ‘മഴ വര പോകത്’ ചെയ്യണമെന്നത് എന്റെ വലിയ ആഗ്രഹമായിരുന്നു. ആ സിനിമ സൺ നെറ്റ്‌വർക്ക് പ്രൊഡ്യൂസ് ചെയ്യും, അതിലെ രണ്ട് നായികമാർ ആയിട്ടാണ് ഇവർ രണ്ടുപേരെയും സെലക്ട് ചെയ്തത്.
ആ പ്രോഗ്രാം തുടങ്ങുമ്പോൾ തന്നെ നല്ല രസമായിരുന്നു. അതിലെ കുട്ടികൾ ഇങ്ങനെ നടന്നു വരും. എന്നിട്ട് ഞാൻ ചോദിക്കുന്ന ചോദ്യത്തിന് മറുപടി പറയും. ബാക്കിയുള്ള എല്ലാ പെൺകുട്ടികളും ഹെവി മേക്കപ്പ് പിന്നെ ഭയങ്കര സ്റ്റൈലിങ് ആയിട്ട് വന്നപ്പോൾ, ഒരാൾ സാധാരണ ചുരിദാറും വീട്ടിലിടുന്ന ചപ്പലുമിട്ട് വളരെ കൂൾ ആയിട്ട് വന്നു. അത് അനുശ്രീ ആയിരുന്നു.
എന്റെ ബാക്കി ചോദ്യങ്ങളൊക്കെ കഴിഞ്ഞതിനുശേഷം, ഞാൻ നിങ്ങളെ സെലക്ട് ചെയ്തിട്ടില്ലെങ്കിൽ എന്തായിരിക്കും താങ്കളുടെ മാനസികാവസ്ഥ എന്ന ചോദ്യത്തിനുള്ള മറുപടി കേട്ടപ്പോഴാണ് അവളെ സെലക്ട് ചെയ്തത്.
ഞാൻ സിനിമയിൽ വരണമെന്ന് വിധിയുണ്ടെങ്കിൽ സാർ അല്ലെങ്കിൽ വേറെ ഏതെങ്കിലും ഡയറക്ടർ എന്നെ കാണുകയും ഇഷ്ടപ്പെടുകയും സിനിമയിലെടുക്കുകയും ചെയ്യും, ഞാൻ അവിടെ എന്തായാലും എത്തുകയും ചെയ്യുമെന്ന് അനുശ്രീ പറഞ്ഞു. അത് എനിക്ക് ഇഷ്ടമായി,’ ലാൽ ജോസ് പറഞ്ഞു.
എന്നാൽ സൺ നെറ്റ്‌വർക്ക് ആ സിനിമ പ്രൊഡ്യൂസ് ചെയ്തില്ലെന്നും തന്റെ വാക്ക് പാലിക്കാൻ കഴിയാത്തതിൽ സങ്കടം തോന്നിയെന്നും ലാൽ ജോസ് പറഞ്ഞു. ചാന്ദിനി അമേരിക്കയിലേക്ക് പോയപ്പോൾ തന്റെ പകുതി ടെൻഷൻ പോയെന്നും പിന്നീട് ഡയമണ്ട് നെക്‌ലെയ്സിൽ ഫഹദിന്റെ നായികയായി അനുശ്രീയെ അഭിനയിപ്പിച്ചെന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു.
Content Highlight: Lal jose about actress anusree’s film entry