| Wednesday, 30th May 2018, 3:14 pm

'പത്തുലക്ഷത്തിന്റെ സ്യൂട്ട് ധരിക്കാനിഷ്ടപ്പെടുന്ന മോദിയുമായി എന്റെ അച്ഛനെ താരതമ്യം ചെയ്യരുത്' മോദിയെ ലാല്‍ ബഹദൂര്‍ ശാസ്ത്രിയുമായി താരതമ്യം ചെയ്യാന്‍ പറഞ്ഞയാള്‍ക്ക് മകന്റെ മറുപടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാല്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയേയും മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രിയേയും താരതമ്യം ചെയ്യാന്‍ വിസമ്മതിച്ച് ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ മകനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അനില്‍ ശാസ്ത്രി. പത്തുലക്ഷം രൂപയുടെ സ്യൂട്ട് ധരിക്കാന്‍ ഇഷ്ടപ്പെടുന്ന മോദിയുമായി തന്റെ പിതാവിനെ താരതമ്യം ചെയ്യരുത് എന്നാണ് അനില്‍ ശാസ്ത്രി പറഞ്ഞത്.

” ഖാദി മുണ്ടും കുര്‍ത്തയുമാണ് എന്റെ അച്ഛന്‍ എപ്പോഴും ധരിക്കാറുള്ളത്. എന്നാലിന്നത്തെ പ്രധാനമന്ത്രി 10ലക്ഷം രൂപയുടെ സ്യൂട്ടാണ് ധരിക്കാന്‍ ഇഷ്ടപ്പെടുന്നത്.” അദ്ദേഹം പറഞ്ഞു.

ഭോപ്പാലില്‍ മാധ്യമപ്രവര്‍ത്തകരുമായുള്ള സംവാദനത്തിനിടെയായിരുന്നു സംഭവം. മോദിയാണോ ശാസ്ത്രിയാണോ മികച്ച കഠിനാധ്വാനിയായ പ്രധാനമന്ത്രിയെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കശ്മീരില്‍ പോയ സമയത്ത് പിതാവിന് ധരിക്കാന്‍ ഒരു കമ്പിളി കോട്ട് പോലുമുണ്ടായിരുന്നില്ലെന്നും നെഹ്‌റു നല്‍കിയ കോട്ടിട്ടാണ് അദ്ദേഹം പോയതെന്നും അനില്‍ ശാസ്ത്രി പറഞ്ഞു.


Also Read:യു.പിയിലെ മറ്റൊരു ബി.ജെ.പി എം.എല്‍.എയ്‌ക്കെതിരെയും ബലാത്സംഗ ആരോപണം: നീതി ലഭിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് പെണ്‍കുട്ടി


“ഈ രണ്ടുനേതാക്കളെയും തമ്മില്‍ ഏതെങ്കിലും തരത്തില്‍ താരതമ്യം ചെയ്യാന്‍ ഞാന്‍ താല്‍പര്യപ്പെടുന്നില്ല. കാരണം ശാസ്ത്രീജിയെക്കുറിച്ച് കൂടുതല്‍ പറഞ്ഞാല്‍ ആളുകള്‍ കരുതും അദ്ദേഹം എന്റെ അച്ഛനായതുകൊണ്ട് ഞാന്‍ പുകഴ്ത്തുകയാണെന്ന്” എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1960കളുടെ ആദ്യത്തില്‍ നടന്ന ഒരു സംഭവവും അദ്ദേഹം വിശദീകരിച്ചു. ” അച്ഛന്‍ പ്രധാനമന്ത്രിയായശേഷം ഞങ്ങള്‍ അദ്ദേഹത്തോട് ഒരു കാര്‍ വാങ്ങാന്‍ ആവശ്യപ്പെട്ടു. അദ്ദേഹം പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 5000 രൂപ ലോണെടുത്ത് കാര്‍ വാങ്ങി. എന്നാല്‍ കുറച്ചുമാസങ്ങള്‍ക്കുള്ളില്‍ അദ്ദേഹം മരണപ്പെട്ടു. ആ ലോണ്‍ അടച്ചുതീരും മുമ്പ്.”

“പ്രധാനമന്ത്രിയായിരിക്കെ എന്റെ അച്ഛന്‍ എടുത്ത ലോണ്‍ അടയ്ക്കാതിരുന്നിട്ടില്ല. കിട്ടിയ പെന്‍ഷനില്‍ നിന്നും അമ്മ ലളിതാ ശാസ്ത്രി ആ ലോണ്‍ തിരിച്ചടച്ചു. എന്നാല്‍ ഇന്നത്തെ എന്‍.ഡി.എ കാലഘട്ടത്തില്‍ നീരവ് മോദിയെന്ന ബിസിനസുകാരന് പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നുമെടുത്ത 11000 കോടി ലോണ്‍ തിരിച്ചടക്കാതെ നാടുവിടാന്‍ കഴിഞ്ഞു.” ശാസ്ത്രി പറഞ്ഞു.

മറ്റൊരു സംഭവവും അദ്ദേഹം ഓര്‍ത്തു. ” അച്ഛന്‍ പ്രധാനമന്ത്രിയായപ്പോള്‍ എനിക്ക് പതിനഞ്ച് വയസായിരുന്നു. സത്യപ്രതിജ്ഞയ്ക്കുശേഷം അദ്ദേഹം പ്രധാനമന്ത്രിയുടെ വസതിയില്‍ തിരിച്ചെത്തിയപ്പോള്‍ ബെഡ്‌റൂമില്‍ ഒരു കാര്‍പ്പറ്റ് വാങ്ങാന്‍ ഞാന്‍ ആവശ്യപ്പെട്ടു. അപ്പോള്‍ സ്വതസിദ്ധമായ ശൈലിയില്‍ അദ്ദേഹം പറഞ്ഞു, ഞാന്‍ ഈ രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്, ലക്ഷക്കണക്കിന് ആളുകള്‍ കഴിയാന്‍ ഒരു മേല്‍ക്കൂരപോലുമില്ലാതിരിക്കുമ്പോള്‍ എനിക്ക് ജീവിക്കാന്‍ മികച്ച സൗകര്യമുള്ള വീടെങ്കിലുമുണ്ട്. ബെഡ്‌റൂമില്‍ കാര്‍പ്പറ്റിട്ടാല്‍ എനിക്ക് ഉറങ്ങാന്‍ കഴിയില്ല.” അദ്ദേഹം ഓര്‍ക്കുന്നു.

We use cookies to give you the best possible experience. Learn more