ചണ്ഡീഗഡ്: ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ മരണവുമായി ബന്ധപ്പെട്ട രഹസ്യരേഖകള്‍ വെളിപ്പെടുത്തണമെന്ന് മകനും കോണ്‍ഗ്രസ്സ് നേതാവുമായ അനില്‍ ശാസ്ത്രി. മുന്‍ പ്രധാനമന്ത്രിയുടെ മരണത്തെക്കുറിച്ചുള്ള സംശയങ്ങള്‍ പൂര്‍ണമായും ദൂരീകരിക്കാന്‍ രേഖകളെല്ലാം എന്‍.ഡി.എ സര്‍ക്കാര്‍ പരസ്യമാക്കണമെന്നാണ് അനില്‍ ശാസ്ത്രിയുടെ ആവശ്യം. ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ ജീവചരിത്രത്തിന്റെ പഞ്ചാബിയിലുള്ള പരിഭാഷ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ശാസ്ത്രിജിയുടെ മരണവുമായി ബന്ധപ്പെട്ട രേഖകള്‍ രഹസ്യപ്പട്ടികയില്‍ നിന്നും നീക്കണം. എല്ലാവരുടെയും ആവശ്യമാണത്.” അനില്‍ ശാസ്ത്രി മാധ്യമങ്ങളോടു പറഞ്ഞു. 1966 ജനുവരി 11നാണ് പാക്കിസ്ഥാനുമായി താഷ്‌കെന്റ് കരാര്‍ ഒപ്പുവച്ചതിനു തൊട്ടടുത്ത ദിവസം താഷ്‌കെന്റില്‍ വച്ച് ലാല്‍ ബഹാദൂര്‍ ശാസ്ത്രി മരിക്കുന്നത്. ഹൃദയാഘാതം മൂലമാണ് ശാസ്ത്രി മരിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചിരുന്നു.
” അദ്ദേഹം മരിച്ചതെങ്ങനെയാണെന്നതിനെക്കുറിച്ച് പലതും പറയപ്പെടുന്നുണ്ട്. ഇന്നലെയും ദല്‍ഹി വിമാനത്താവളത്തില്‍വച്ച് ഒരാള്‍ എന്നെ സമീപിച്ച് അച്ഛനെങ്ങനെയാണ് മരിച്ചതെന്ന് ചോദിച്ചു. അദ്ദേഹം മരിച്ചത് അസാധാരണമായൊരു സാഹചര്യത്തിലാണ്. കുടുംബാംഗങ്ങള്‍ക്കും പൊതുജനത്തിനും അതുകൊണ്ടുതന്നെ മരണത്തെക്കുറിച്ച് സംശയങ്ങളുണ്ട്.” അനില്‍ പറയുന്നു.
ശാസ്ത്രിയുടെ മരണത്തെക്കുറിച്ചു പഠിക്കാന്‍ 1977ല്‍ ഏര്‍പ്പെടുത്തിയ രാജ് നരയ്ന്‍ കമ്മറ്റിയുടെ കണ്ടെത്തലുകളും വെളിപ്പെടുത്തണമെന്ന് അനില്‍ ആവശ്യപ്പെടുന്നുണ്ട്. ” ശാസ്ത്രിജിയുടെ മരണവുമായി ബന്ധപ്പെട്ട രേഖകള്‍ പരസ്യമാക്കണമെന്ന് പ്രതിപക്ഷത്തായിരുന്നപ്പോള്‍ ബി.ജെ.പി. ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഭരണത്തിലേറി നാലു വര്‍ഷങ്ങള്‍ക്കു ശേഷവും അവര്‍ അതിനുള്ള നടപടികള്‍ കൈക്കൊണ്ടിട്ടില്ല. ഇന്ന് ഞാന്‍ സംസാരിക്കുന്നത് ഒരു രാഷ്ട്രീയക്കാരനായല്ല, ഒരു മകനായാണ്.” അനില്‍ പറഞ്ഞു.
ഈ വിഷയത്തില്‍ പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നെങ്കിലും മറുപടിയൊന്നും ലഭിച്ചിട്ടില്ലെന്നും അനില്‍ കൂട്ടിച്ചേര്‍ത്തു.