മലയാളത്തിന് എക്കാലത്തെയും വലിയ വിജയ ചിത്രങ്ങൾ സമ്മാനിച്ച കൂട്ടുകെട്ടാണ് സിദ്ധിഖ് – ലാൽ എന്നിവരുടേത്. റാംജിറാവ് സ്പീക്കിങ്ങ് എന്ന സൂപ്പർ ഹിറ്റിലൂടെ കരിയർ തുടങ്ങിയ ഇരുവരും പിന്നീട് ഗോഡ്ഫാദർ, ഇൻ ഹരിഹർ നഗർ, മാന്നാർ മത്തായി സ്‌പീക്കിങ് എന്നിങ്ങനെ തുടരെ തുടരെ വിജയ ചിത്രങ്ങൾ മലയാളത്തിന് സമ്മാനിച്ചു. ഈ കൂട്ട്കെട്ട് പിന്നീട് പിരിഞ്ഞെങ്കിലും രണ്ടുപേരും മികച്ച സിനിമകളുടെ ഭാഗമായി. 2023 ൽ സിദ്ധിഖ് ഈ ലോകത്തോട് വിടപറഞ്ഞിരുന്നു.
സിനിമയിലും മിമിക്രിയിലും തന്റെ സന്തത സഹചാരിയായിരുന്ന സിദ്ദിഖിനെക്കുറിച്ച് സംസാരിക്കുകയാണ് ലാല്‍. താന്‍ ഇല്ലായിരുന്നെങ്കില്‍ സിദ്ദിഖ് ഇത്രയും വലിയ ഉയരത്തിലെത്തില്ലായിരുന്നെന്ന് ലാല്‍ പറഞ്ഞു. അതുപോലെ സിദ്ദിഖിന്റെ സൗഹൃദമില്ലായിരുന്നെങ്കില്‍ താനും ഇത്രക്ക് വളരില്ലായിരുന്നെന്നും ലാൽ പറയുന്നു.
ഭയങ്കര ഉള്‍വലിച്ചിലിന്റെ ആളായിരുന്നു സിദ്ദിഖെന്നും പലയിടത്തും താന്‍ സിദ്ദിഖിനെ വലിച്ചു മുന്നില്‍ കൊണ്ട് നിര്‍ത്തിയെന്നും ലാല്‍ പറഞ്ഞു. സിദ്ദിഖിന്റെ ആ സ്വഭാവം വെച്ച് അയാള്‍ എങ്ങനെ ഹിന്ദിയില്‍ സിനിമ ചെയ്‌തെന്ന് താന്‍ പലപ്പോഴും ആലോചിച്ചിട്ടുണ്ടെന്നും ലാല്‍ കൂട്ടിച്ചേര്‍ത്തു
‘സിദ്ധിഖ് ഒരു കാര്യത്തിനും മുമ്പോട്ട് ഇറങ്ങില്ലായിരുന്നു. എനിക്ക് തോന്നുന്നത് ഞാൻ ഇല്ലായിരുന്നുവെങ്കിൽ, അല്ലെങ്കിൽ എന്നെ പോലൊരാൾ ഇല്ലായിരുന്നുവെങ്കിൽ സിദ്ധിഖ് ഒന്നുമാവില്ലായിരുന്നു. കാരണം എല്ലാത്തിൽ നിന്നും വളരെ ഉൾവലിയുന്ന ആളായിരുന്നു സിദ്ധിഖ്. കലാഭവനിൽ പോകുന്നതും ഞങ്ങൾ ഒന്നിച്ച് മിമിക്രി ചെയ്യുന്നതുമെല്ലാം ഞാൻ വലിച്ച് കൊണ്ടുപോയിട്ടാണ്.
ഞാൻ പലപ്പോഴും ആലോചിച്ചിട്ടുണ്ട്, ഇയാൾ എങ്ങനെയാണ് ഹിന്ദി പടം ചെയ്തതെന്ന്. ഞാനില്ലെങ്കിൽ സിദ്ധിഖ് ഉണ്ടാവില്ലെന്ന് പറയുന്ന പോലെ തന്നെയാണ് സിദ്ധിഖ് ഇല്ലെങ്കിൽ ഞാൻ വലിയ ബോറനായി പോയേനെ. ഞാൻ നല്ല കുഴപ്പക്കാരനും അലമ്പ് ഉണ്ടാക്കാൻ ഇഷ്ടമുള്ള ആളുമൊക്കെയായിരുന്നു. അതൊക്കെ മാറിയത് സിദ്ധിഖ് വന്നതിന് ശേഷമാണ്,’ലാൽ പറയുന്നു.
മോഹൻലാൽ നായകനായ ബിഗ് ബ്രദർ എന്ന സിനിമയായിരുന്നു സിദ്ധിഖ് അവസാനമായി സംവിധാനം ചെയ്ത സിനിമ. ലാൽ സംവിധാനം ചെയ്ത കിംഗ് ലെയർ എന്ന സിനിമയുടെ രചന നിർവഹിച്ചത് സിദ്ധിഖ് ആയിരുന്നു.
Content Highlight: Lal About His Friendship With Siddique