|

വിക്കറ്റ് വേട്ടയില്‍ ബുംറയേക്കാള്‍ മുന്നില്‍ നിന്നത് അവനാണ്, ചാമ്പ്യന്‍സ് ട്രോഫിയില്‍ അവന് ന്യൂ ബോള്‍ നല്‍കണം: ലക്ഷ്മിപതി ബാലാജി

സ്പോര്‍ട്സ് ഡെസ്‌ക്

2025ലെ ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റ് ആരംഭിക്കാന്‍ ഏതാനും മണിക്കൂറുകള്‍ മാത്രമാണുള്ളത്. ദുബായിലും പാകിസ്ഥാനിലുമായി നടക്കുന്ന ടൂര്‍ണമെന്റിന് വേണ്ടി ഏറെ ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഇന്ത്യയുടെ മത്സരങ്ങള്‍ ദുബായിലാണ് നടക്കുക. എല്ലാ ടീമുകളും തങ്ങളുടെ ഫൈനല്‍ സ്‌ക്വാഡ് പുറത്ത് വിട്ടിരുന്നു.

ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ പാകിസ്ഥാനും ന്യൂസിലാന്‍ഡുമാണ് ഏറ്റുമുട്ടുക. ഫെബ്രുവരി 20നാണ് ഇന്ത്യയുടെ മത്സരം. ബംഗ്ലാദേശിനെതിരാണ് ഇന്ത്യ തങ്ങളുടെ ആദ്യ മത്സരത്തിന് ഇറങ്ങുന്നത്.

രോഹിത് ശര്‍മയെ ക്യാപ്റ്റനാക്കിയും ശുഭ്മന്‍ ഗില്ലിനെ രോഹിത്തിന്റെ ഡെപ്യൂട്ടിയാക്കിയും 15 അംഗ സ്‌ക്വാഡാണ് ഇന്ത്യ പ്രഖ്യാപിച്ചത്. എന്നാല്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ പരിക്ക് മൂലം പുറത്തായത് ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയായിരുന്നു. എന്നാല്‍ ഇന്ത്യയ്ക്ക് നിലവില്‍ മികച്ച ബൗളര്‍ ഉണ്ടെന്ന് അവകാശപ്പെടുകയാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ ബൗളര്‍ ലക്ഷ്മിപതി ബാലാജി.

2019ലും 2023ലും നടന്ന ലോകകപ്പില്‍ ഇന്ത്യയ്ക്ക് വേണ്ടി വിക്കറ്റ് വേട്ടയില്‍ മുന്നിലുണ്ടായിരുന്നത് മുഹമ്മദ് ഷമിയാണെന്നും ബുംറയല്ലെന്നും മുന്‍ പേസര്‍ പറഞ്ഞു. ബുംറ എല്ലാ ഫോര്‍മാറ്റിലും മികച്ച ബൗളറാണെങ്കിലും മുമ്പ് ഷമിയായിരുന്നു ഇന്ത്യയെ മുന്നോട്ട് നയിച്ചിരുന്നതെന്ന് ബാലാജി പറഞ്ഞു. അതേസമയം വരാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ ഷമിക്ക് ന്യൂബോള്‍ നല്‍കിയാല്‍ വിക്കറ്റ് നേടാന്‍ സാധിക്കുമെന്നും മുന്‍ താരം കൂട്ടിച്ചേര്‍ത്തു.

‘മുഹമ്മദ് ഷമി 2019ലും 2023ലും നടന്ന ഏകദിന ലോകകപ്പില്‍ ജസ്പ്രീത് ബുംറയെക്കാള്‍ മികച്ച പ്രകടനമാണ് നടത്തിയത്. വിക്കറ്റ് വേട്ടയില്‍ ബുംറയേക്കാള്‍ മുന്നില്‍ നിന്നത് ഷമിയാണ്. ബുംറ എല്ലാ ഫോര്‍മാറ്റിലെയും മികച്ച ബോളറാണ്, പക്ഷെ ബുംറയ്ക്ക് മുമ്പ് ഷമിയായിരുന്നു ഇന്ത്യയെ മുന്നോട്ട് നയിച്ചിരുന്നത്,

ചാമ്പ്യന്‍സ് ട്രോഫിയില്‍ ന്യൂ ബോളില്‍ ഷമി മികച്ച പ്രകടനം കാഴ്ചവെച്ചാല്‍ ഇന്ത്യക്ക് അത് ഗുണം ചെയ്യും. ആദ്യത്തെ ആറ് ഓവറില്‍ മികച്ച ഇമ്പാക്ട് ഉണ്ടാക്കാന്‍ അവന് സാധിച്ചാല്‍ ഇന്ത്യയുടെ വിജയ വഴി അതിലൂടെ തുറക്കും,’ ലക്ഷ്മിപതി ബാലാജി പറഞ്ഞു.

Content Highlight: Lakshmipathy Balaji Talking About Mohammad Shami

Video Stories