കോഴിക്കോട്: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിനിടയാക്കിയ അപകടത്തിലെ ഡ്രൈവര്‍ അര്‍ജുന്റെ പേരില്‍ കേസുള്ള കാര്യം അദ്ദേഹത്തിന് നേരത്തെ തന്നെ അറിയാമായിരുന്നു എന്ന് ബാലഭാസ്‌കറിന്റെ പങ്കാളി ലക്ഷ്മിയുടെ വെളിപ്പെടുത്തല്‍. ഒരു കേസിലുള്‍പ്പെട്ട് കഴിയുന്ന കാലത്താണ് അര്‍ജുനെ പരിജയപ്പെടുന്നതെന്നും ആ കേസില്‍ താന്‍ അറിയാതെ ഉള്‍പ്പെട്ടതാണെന്നാണ് അന്ന് അര്‍ജുന്‍ പറഞ്ഞിരുന്നതെന്നും ലക്ഷ്മി പറയുന്നു.
ബാലഭാസ്‌കര്‍ ഇത് വിശ്വസിച്ചാണ് അദ്ദേഹത്തെ ഡ്രൈവറായി തിരുവനന്തപുരത്തേക്ക് കൊണ്ടുവന്നതെന്നും ഒരു കേസുണ്ട് എന്നതിനപ്പുറം ഒരു ക്രിമിനലാണ് അര്‍ജുന്‍ എന്ന് ബാലഭാസ്‌കര്‍ വിശ്വസിച്ചിരുന്നില്ലെന്നും ലക്ഷ്മി പറഞ്ഞു. എന്നാല്‍ ഒന്നോ രണ്ടോ തവണ മാത്രമേ അര്‍ജുന്‍ തങ്ങള്‍ക്കൊപ്പം ഡ്രൈവറായി വന്നിട്ടൂള്ളൂ എന്നും ലക്ഷ്മി കൂട്ടിച്ചേര്‍ത്തു.
മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ലക്ഷ്മി. അപകടമുണ്ടായി ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായാണ് ലക്ഷ്മി ഒരു മാധ്യമത്തോട് സംസാരിക്കുന്നത്. ആഴ്ചകള്‍ക്ക് മുമ്പ് പെരിന്തല്‍മണ്ണയിലുണ്ടായ ഒരു സ്വര്‍ണ്ണക്കടത്ത് കേസില്‍ അര്‍ജുനുള്‍പ്പടെ പിടിക്കപ്പെട്ടിരുന്നു. പിന്നാലെയാണ് ഇപ്പോള്‍ ലക്ഷ്മിയുടെ വെളിപ്പെടുത്തലുണ്ടായിരിക്കുന്നത്.
അടുത്ത സുഹൃത്തുക്കളായിരുന്ന ഒരു കുടുംബത്തില്‍ നിന്നാണ് അര്‍ജുനെ പരിചയപ്പെടുന്നതെന്നും അന്ന് അദ്ദേഹം ഒരു കേസില്‍ അകപ്പെട്ടതിന്റെ ബുദ്ധിമുട്ടില്‍ നില്‍ക്കുന്ന സമയമായിരുന്നെന്നും ലക്ഷ്മി പറഞ്ഞു. കേസിന് ശേഷമുണ്ടായ ഒറ്റപ്പെട്ടലിനെ കുറിച്ചും അദ്ദേഹം അറിയാതെയാണ് ആ കേസില്‍ അകപ്പെട്ടത് എന്നുമെല്ലാം അര്‍ജുന്‍ പറഞ്ഞിരുന്നതായും ബാലഭാസ്‌കര്‍ ഇതെല്ലാം വിശ്വസിക്കുകയും ചെയ്തതായും ലക്ഷ്മി പറയുന്നു.
തുടര്‍ന്ന് പഠിക്കാന്‍ താത്പര്യമില്ലെന്നും എന്തെങ്കിലും ജോലി ചെയ്ത് ജിവിക്കാനാണ് താത്പര്യമെന്നും അര്‍ജുന്‍ ബാലഭാസ്‌കറിനോട് പറഞ്ഞിരുന്നതായും വീട്ടുകാരെ ബുദ്ധിമുട്ടിക്കാന്‍ താത്പര്യമില്ലെന്നും അര്‍ജുന്‍ പറഞ്ഞിരുന്നതായും ലക്ഷ്മി പറയുന്നു.
ഡ്രൈവിങ് മാത്രമായിരുന്നു അര്‍ജുന് അറിയാവുന്ന ജോലിയെന്നും തങ്ങള്‍ക്കൊരു പേഴ്‌സണല്‍ ഡ്രൈവറുടെ ആവശ്യം അക്കാലത്തുണ്ടായിരുന്നില്ലെന്നും ലക്ഷ്മി പറയുന്നു. എന്നാല്‍ ഒരു ഡ്രൈവര്‍ ഓണ്‍ കോള്‍ പോലെയുള്ള ഒരു സാധ്യതയുടെ പുറത്താണ് അര്‍ജുന്‍ തിരുവനന്തപുരത്തേക്ക് വരുന്നതെന്നും സുഹൃത്തുക്കളോടൊക്കെ പറഞ്ഞ് അര്‍ജുന് ഒരു ജോലി ശരിയാക്കിക്കൊടുക്കാമെന്നു ബാലഭാസ്‌കര്‍ കരുതിയിരുന്നു എന്നും ലക്ഷ്മി പറഞ്ഞു.
അര്‍ജുന്‍ തിരുവനന്തപുരത്ത് തന്നെ ഒരു മുറിയെടുത്ത് താമസിക്കുകയായിരുന്നെന്നും ചെറിയ ജോലികളൊക്കെ ചെയ്തിരുന്നതായി അറിഞ്ഞിരുന്നെന്നും ലക്ഷ്മി പറയുന്നു. ഈ സമയത്താണ് അപകടമുണ്ടായ ഡ്രൈവിങ്ങിന് വേണ്ടി അര്‍ജുന്‍ തൃശൂരിലേക്ക് വന്നതെന്നും ലക്ഷ്മി അഭിമുഖത്തില്‍ പറയുന്നു.
ആദ്യത്തെ നാലോ, അഞ്ചോ ദിവസം സത്യം പറയുകയും അപകടമുണ്ടായതില്‍ കുറ്റബോധമുണ്ടെന്ന് കരഞ്ഞ് പറയുകയും ചെയ്ത അര്‍ജുന്‍ നാട്ടിലേക്ക് പോകുമ്പോള്‍ മൊഴിമാറ്റിയെന്നും ലക്ഷ്മി പറയുന്നു. ആരുടെയെങ്കിലും പ്രേരണയാലാവാം അര്‍ജുന്‍ മൊഴിമാറ്റിയത് എന്നും ലക്ഷ്മി പറയുന്നു.
അര്‍ജുന് നേരത്തെ കേസുകളുള്ളത് അറിയാമായിരുന്നെങ്കിലും അദ്ദേഹമൊരു ക്രിമിനലാണെന്ന് ബാലഭാസ്‌കര്‍ വിശ്വസിച്ചിരുന്നില്ലെന്നും ലക്ഷ്മി പറഞ്ഞു. നേരത്തെയുള്ള കേസില്‍ താന്‍ ഉള്‍പെട്ടിട്ടില്ല എന്ന അര്‍ജുന്റെ മൊഴിയാണ് ബാലഭാസ്‌കര്‍ വിശ്വസിച്ചിരുന്നത് എന്നും ലക്ഷ്മി പറയുന്നു.
22ഓ,23ഓ വയസ് പ്രായമുള്ളപ്പോഴാണ് അര്‍ജുനെ പരിചയപ്പെട്ടതെന്നും ഒന്നോ രണ്ടോ തവണ മാത്രമേ അര്‍ജുന്‍ തങ്ങള്‍ക്കൊപ്പം ഡ്രൈവറായി വന്നിട്ടുണ്ടായിരുന്നൊള്ളൂ എന്നും ലക്ഷ്മി കൂട്ടിച്ചേര്‍ത്തു. അപകടത്തിന് ശേഷം നാട് വിട്ട അര്‍ജുനുമായി പിന്നീടൊരു കമ്മ്യൂണിക്കേഷനുമുണ്ടായിട്ടില്ലെന്നും അദ്ദേഹമല്ല ഡ്രൈവ് ചെയ്തത് എന്ന് പറഞ്ഞ് തങ്ങള്‍ക്കെതിരെ കേസ് നല്‍കിയിരുന്നെന്നും ലക്ഷ്മി പറഞ്ഞു.
content highlights: Lakshmi reveals that Balabhaskar already knew about Arjun’s criminal background