കോഴിക്കോട്: ശബരിമല വിഷയത്തില്‍ ബ്രഹ്മചര്യസങ്കല്പത്തെയും ശബരിമലയിലെ ആചാരങ്ങളെയും കുറിച്ച് ചോദിക്കാതെ തന്ത്രിയായിരുന്ന കണ്ഠരര് മോഹനരെ രക്ഷിച്ചെടുക്കുന്ന പരിപാടിയാണ് ജസ്റ്റിസ് പരിപൂര്‍ണന്‍ കമ്മീഷന്‍ ചെയ്തതെന്ന് എഴുത്തുകാരന്‍ ടി.എസ് ശ്യാംകുമാറും എഴുത്തുകാരി ലക്ഷ്മി രാജീവും. ബ്രാഹ്മണ്യത്തെ സംരക്ഷിക്കുകയാണ് അദ്ദേഹം ചെയ്തതെന്നും ഇവര്‍ പറഞ്ഞു. ശബരിമല ഹിന്ദുത്വതന്ത്രങ്ങളും യാഥാര്‍ത്ഥ്യവും എന്ന പുസ്തകമെഴുതിയത് ശ്യാംകുമാറാണ്. ശബരിമലയും സ്ത്രീകളും എന്ന പുസ്തകത്തിന്റെ എഡിറ്ററാണ് ലക്ഷ്മി രാജീവ്.
ശ്യാംകുമാര്‍ വിശദീകരിക്കുന്നു:
‘ബ്രഹ്മചര്യം ഉള്‍പ്പെടെയുള്ള വാദങ്ങളായിരുന്നല്ലോ അന്ന് ശബരിമല വിഷയത്തില്‍ ഉണ്ടായത്. അന്ന് ഈ ഭാഗ്യസൂക്തത്തെ സംബന്ധിച്ചും ഗണപതിഹോമത്തേയും സംസ്‌കൃതത്തേയും സംബന്ധിച്ചുമൊക്കെ ചോദ്യം ഉന്നയിക്കുന്ന ജസ്റ്റിസ് പരിപൂര്‍ണന്‍ ശബരിമലയുമായി ബന്ധപ്പെട്ട ആചാരാനുഷ്ഠാനങ്ങളെ ചോദ്യം ചെയ്യുന്നതിന് തയ്യാറായിരുന്നില്ല. മറിച്ച് ചില വൈദിക അന്തസത്തയില്‍ നിന്നുകൊണ്ട് ചോദ്യങ്ങള്‍ ചോദിക്കുകയാണ് ചെയ്തത്. ഒരു തരത്തില്‍ പറഞ്ഞാല്‍ സ്മാര്‍ത്ത ബ്രാഹ്മണനാണ് ജസ്റ്റിസ് പരിപൂര്‍ണന്‍. സ്മാര്‍ത്ത ബ്രാഹ്മണ്യത്തിന്റെ അടിസ്ഥാനത്തില്‍ നിന്നുകൊണ്ട് കേരളീയ ബ്രാഹ്മണരെ ചോദ്യം ചെയ്യാനാണ് അദ്ദേഹം ശ്രമിച്ചത്. ഒരര്‍ത്ഥത്തില്‍ അത് പാഴായ കാര്യമാണ്. ശബരിമല ശാസ്താവിന്റെ സങ്കല്പത്തെയോ അതിന്റെ അടിസ്ഥാനത്തെയോ, ഏത് തന്ത്രവിദ്യയുടെ അടിസ്ഥാനത്തിലാണ് ശബരിമലയില്‍ പൂജ നടത്തുന്നതെന്നോ അന്ന് ചോദിച്ചിരുന്നെങ്കില്‍ ഈ ശബരിമല സംബന്ധിച്ച വിവാദങ്ങള്‍ക്ക് അന്നേ അന്ത്യമാവുമായിരുന്നു.
ഗണപതിയുടെ നക്ഷത്രം ചോദിക്കുന്നതുപോലെ എന്തുകൊണ്ട് അയ്യപ്പന്റെ നക്ഷത്രം എന്താണെന്ന് ചോദിച്ചില്ല. അയ്യപ്പന്റെ നക്ഷത്രമെന്താണെന്ന് ചോദിച്ചിരുന്നെങ്കില്‍ അപ്പോള്‍ തന്നെ തീരും. അയ്യപ്പനെക്കുറിച്ച് കെട്ടുകഥയുണ്ടാക്കിയിരിക്കുകയാണല്ലോ. ഉത്രമാണ് നക്ഷത്രമെന്നൊക്കെ പറയുന്നത് കേവലം സങ്കല്പം മാത്രമാണ്. പുരാണങ്ങളിലോ തന്ത്ര ഗ്രന്ഥങ്ങളിലോ ഇപ്പറയുന്ന നക്ഷത്രമേതാണെന്ന യാതൊരു പ്രസ്താവവും ഇല്ല. തന്നെയുമല്ല കേരളീയ ബ്രാഹ്മണരുടെ രീതി അനുസരിച്ച് ഗണപതിഹോമത്തിന് ഭാഗ്യസൂക്തം ചൊല്ലണമെന്ന യാതൊരു നിര്‍ബന്ധവുമില്ല. തന്ത്രിയെ സംബന്ധിച്ച്, പൂജാരിയെ സംബന്ധിച്ച് നക്ഷത്രം പ്രധാനപ്പെട്ട കാര്യമേയല്ല. പരിപൂര്‍ണന്‍ ചെയ്തത് ബ്രാഹ്മണ്യത്തെ സംരക്ഷിക്കുന്ന പണിയാണ്. ആ ബ്രാഹ്മണ്യത്തിന് എതിരായ വിമര്‍ശനം ന്യായാധിപനെന്ന നിലയ്ക്ക് അദ്ദേഹം ഉന്നയിച്ചില്ല. ബ്രാഹ്മണ്യത്തെ പരിഷ്‌കരിക്കുന്ന ഒരു പരിപാടിയിലാണ് അദ്ദേഹം ഏര്‍പ്പെട്ടത് എന്നതാണ് സാരം.
നീതിപൂര്‍ണമായ വ്യവസ്ഥയാണ് ജസ്റ്റിസ് നടപ്പിലാക്കാന്‍ ആഗ്രഹിച്ചിരുന്നതെങ്കില്‍ അദ്ദേഹം ബ്രഹ്മചര്യ സങ്കല്പത്തെക്കുറിച്ചുള്ള ചോദ്യങ്ങളും ശബരിമലയിലെ ആചാരങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളും ചോദിക്കുമായിരുന്നു. ഉദാഹരണത്തിന് ഗുരുതി പോലെയുള്ള സങ്കല്പനങ്ങള്‍, ശരംകുത്തിയുമായി ബന്ധപ്പെട്ട സങ്കല്പങ്ങള്‍. ഇതിനെക്കുറിച്ചൊന്നും ചോദിക്കാതെ കണ്ഠരരെ രക്ഷിച്ചെടുക്കുന്ന ഒരു പരിപാടിയാണ് യഥാര്‍ത്ഥത്തില്‍ ജസ്റ്റിസ് പരിപൂര്‍ണന്‍ എടുത്തത്. അതുപക്ഷേ പൊതുസമൂഹത്തിന് മനസിലായില്ല. പൊതുസമൂഹം മനസിലാക്കിയത് കണ്ഠരര്‍ക്കൊന്നും അറിയില്ലയെന്ന് ജസ്റ്റിസ് സ്ഥാപിച്ചെടുത്തുവെന്നാണ്.
തന്ത്രം പഠിക്കുന്നതിന് സംസ്‌കൃതം അറിയണമെന്ന യാതൊരു നിബന്ധനയുമില്ല. മന്ത്രങ്ങളെല്ലാം കാണാപാഠം പഠിക്കുകയാണ് ചെയ്യുന്നത്. കേരളത്തിലെ ഒരു തന്ത്രിയ്ക്കും മേല്‍ശാന്തിയ്ക്കും സംസ്‌കൃതം അറിയില്ല. അടുത്ത കാലത്ത് മാത്രമാണ് ദേവസ്വം ബോര്‍ഡ് സംസ്‌കൃതം അറിയണമെന്ന നിബന്ധന വെച്ചത്. പാരമ്പര്യമാണ് പൗരോഹിത്യത്തെ നിയന്ത്രിക്കുന്നത്. ആ നിലയ്ക്ക് തന്നെ ജസ്റ്റിസ് പരിപൂര്‍ണന്‍ റിപ്പോര്‍ട്ട് റദ്ദായിപ്പോകും. കാരണം ശബരിമലയിലെ തന്ത്രിയെന്നുള്ളത് പാരമ്പര്യ അവകാശമാണ്. അതിന് ഇപ്പറയുന്ന സംസ്‌കൃതം അറിയണമെന്ന് നിര്‍ബന്ധവുമില്ല. പാരമ്പര്യമായി ഏറ്റുപഠിക്കുന്ന ചില മന്ത്രങ്ങളല്ലാതെ ഇവരുടെ കൈവശം യാതൊരു സാംസ്‌കാരിക മൂലധനവും ഇല്ല.
തിരുവല്ല ഗ്രന്ഥവരിയില്‍ എഴുതിയിരിക്കുന്നത് കുഴുക്കാട്ടില്ലത്തെ ഭട്ടതിരിമാരുടെ പരികര്‍മ്മികള്‍ മാത്രമായിരുന്നു താഴമണ്‍ മഠം നമ്പൂതിരിമാര്. പരികര്‍മ്മികളായിട്ട് പണി ചെയ്തിരുന്നവരാണ് പില്‍ക്കാലത്ത് ശബരിമല തന്ത്രിമാരായി മാറുന്നത്. ഒരു തരത്തില്‍ നോക്കിയാല്‍ തന്ത്രിപാരമ്പര്യം അവകാശപ്പെടാനുള്ള അധികാരം പോലും അവര്‍ക്കില്ലയെന്നതാണ്. അതിന്റെ ഏറ്റവും വലിയ തെളിവാണ് ഈ തിരുവല്ല ഗ്രന്ഥാവലി. നീണ്ടകാലത്തെ പാരമ്പര്യമൊന്നും ശബരിമലയുടെ മേല്‍ ഈ തന്ത്രിമാര്‍ക്കില്ല.
ലക്ഷ്മി രാജീവിന്റെ വാക്കുകള്‍:
ഗണപതിയുടെ നക്ഷത്രം ഏതാണെന്ന് പറയാന്‍ ഒരു ശാസ്ത്രീയ അടിത്തറയുമില്ല. ഗണപതിയുടെ നക്ഷത്രവും ദൈവങ്ങളുടെ നക്ഷത്രവും എന്താണെന്ന് ഒരു തന്ത്രഗ്രന്ഥത്തിലും പറഞ്ഞിട്ടില്ല. ഇല്ലാത്തൊരു കാര്യം ജസ്റ്റിസ് പരിപൂര്‍ണനെപ്പോലൊരു വ്യക്തി ആധികാരികമായിട്ടുള്ളൊരു റിപ്പോര്‍ട്ടില്‍ എങ്ങനെ ചോദിക്കും. 94 മുതല്‍ സ്ത്രീകള്‍ കയറരുതെന്ന വിധികൊണ്ടുവന്നത് ജസ്റ്റിസ് പരിപൂര്‍ണന്റെ ബെഞ്ചായിരുന്നല്ലോ. അദ്ദേഹത്തിന്റെ ബ്രാഹ്മണ്യ ബോധ്യത്തെ അപമാനിക്കുന്ന രീതിയില്‍ പെരുമാറിയതിനുള്ള ശാസനയായിട്ടാണ് മോഹനരരെ വിമര്‍ശിച്ചത്. അദ്ദേഹം ചോദിച്ചിരിക്കുന്ന ഒരു ചോദ്യങ്ങള്‍ക്കും ഒരു തരത്തിലുമുള്ള പ്രസക്തിയുമില്ല. കേരളത്തിലെ ഒരു തന്ത്രഗ്രന്ഥകളിലും അയ്യപ്പന് പൂജയില്ല. പകരം ശാസ്താവിന് മാത്രമാണുള്ളത്. ശാസ്താവിന്റെ പൂജകളാണ് ബ്രഹ്മചാരിയാണെന്നു പറഞ്ഞ് അയ്യപ്പന് ഇവര്‍ ചെയ്യുന്നത്. ശാസ്താവ് സഭാര്യനാണ്. സഭാര്യനായ ശാസ്താവിന്റെ പൂജ ചെയ്യുന്നതോടുകൂടി ഇവരുടെ ബ്രഹ്മചര്യവാദം തന്നെ പൊള്ളയാണെന്നാണ് തെളിയുന്നത്.
ഉത്സവം ആഘോഷിക്കുന്നതിനും പ്രതിഷ്ഠയ്ക്കും വേണ്ടി ഒരു പ്രത്യേക ദിവസം കണ്ടെത്തുകയും ആ ദിവസത്തെ നക്ഷത്രം ഉറച്ചുപോകുകയും ആ ദേവന്റെ നക്ഷത്രമാണെന്ന് ആളുകള്‍ തെറ്റുദ്ധരിച്ചുപോകുകയാണുണ്ടായത്. അത് ആളുകളുടെ മനസില്‍ ഉറച്ചുപോകുകയുമാണുണ്ടായത്.