കോഴിക്കോട്: പ്രസവിക്കാത്ത തമിഴ് സ്ത്രീകള്‍ ശബരിമലയില്‍ പോയിട്ടുണ്ടെന്ന പുതിയ വെളിപ്പെടുത്തലുമായി ലക്ഷ്മി രാജിവ്. പ്രസവിക്കാത്ത തമിഴ് സ്ത്രീകള്‍ തല മൊട്ടയടിച്ച് , മാറില്‍ തോര്‍ത്തുകൊണ്ട് അമര്‍ത്തി കെട്ടി കരഞ്ഞു കൊണ്ട് അയ്യനെ കാണാന്‍ ശബരിമലയില്‍ പോകുമായിരുന്നുവെന്നാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ലക്ഷ്മി രാജീവ് പറയുന്നത്.
ശബരിമലയില്‍ പോയ നിരവധിപേരെ തനിക്കറിയാമെന്നും അവരില്‍ ഒരാളും പരാജയപ്പെട്ടിട്ടില്ലെന്നുമാണ് പോസ്റ്റില്‍ ലക്ഷ്മി പറയുന്നത്. തന്നെ ജനിപ്പിച്ച ഈശ്വരനെ അന്വേഷിച്ചിറങ്ങുകയും അത് അറിയുകയും ചെയ്തു. ഒരുപാടു പേര്‍ പുറകില്‍ നിന്നും കുത്തിയിട്ടുണ്ട്- അതില്‍ അധികവും സ്ത്രീകളാണെന്നും ലക്ഷ്മി കൂട്ടിച്ചേര്‍ക്കുന്നു.
ചിത്തിര ആട്ട തിരുനാളിനായി നാളെയാണ് ശബരിമല തുറക്കുക. ചിത്തിര ആട്ട തിരുന്നാള്‍ കടുത്ത ആചാരലംഘനമാണെന്ന് എഴുത്തുകാരി ലക്ഷ്മി രാജീവ് മുന്‍പ് ഫേസ് ബുക്കില്‍ കുറിച്ചിരുന്നു. തിരുവിതാംകൂറിലെ അവസാന രാജപ്രമുഖന് വേണ്ടി പ്രത്യേകമായി ഉണ്ടാക്കിയ ആചാരമാണിതെന്നും ദളിത് ക്ഷേത്രങ്ങള്‍ സവര്‍ണവത്കരിക്കാന്‍ അനാവശ്യമായിട്ടാണ് ഇത്തരം ആചാരങ്ങള്‍ തിരുകി കയറ്റിയതെന്നും ലക്ഷ്മി രാജീവ് പറഞ്ഞിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഒരു സംഘടനയിലും മതത്തിലും കൂട്ടായ്മയിലും വിശ്വാസമില്ല. വിശ്വാസം ഈശ്വരനെ അതിന്റെ പ്രതിരൂപമായ മനുഷ്യനെ മാത്രമേ യുള്ളൂ .
എനിക്ക് ആകെ കൈമുതലായുള്ളതു ഈശ്വരവിശ്വാസം മാത്രമാണ്. പത്തു വര്‍ഷം മക്കളില്ലായിരുന്നു. പ്രസവിക്കത്തൊരാള്‍ ഉയര്‍ന്ന ജോലി ചെയ്യുന്ന സ്വന്തം മകന്റെ ജീവിതം കൂടി നശിപ്പിച്ചെന്നു പറയാതെ പറഞ്ഞ അമ്മായിഅമ്മയും, മറ്റു പേരക്കുട്ടികളെ വളര്‍ത്തുന്ന തിരക്കില്‍ പ്രസവിക്കാത്ത,സകലിടത്തും തോറ്റ മകള്‍ അഭയത്തിനായി വീട്ടിലേക്കു തിരികെ വരുന്നതിനെ തടഞ്ഞ അമ്മയുമാണ് സ്ത്രീ സ്‌നേഹത്തിന്റെ ആദ്യ പാഠങ്ങള്‍. മക്കളില്ലാത്ത എന്നെ വീടിന്റെ പാല് കാച്ചിന് അടുത്ത സുഹൃത്ത് വിളിക്കാതെ ഇരുന്നപ്പോ, കുഞ്ഞുങ്ങളുടെ പിറന്നാളിന് ഒഴിവാക്കുമ്പോ , ഇവള്‍ക്കെന്തോ കുഴപ്പമുണ്ട് എന്ന് പറഞ്ഞു ചിരിച്ചപ്പോ അറിഞ്ഞിട്ടുണ്ട് – സ്ത്രീകളുടെ സ്‌നേഹം.
അങ്ങനെ എന്നെ ജനിപ്പിച്ച ഈശ്വരനെ അന്വേഷിച്ചിറങ്ങുകയും അത് അറിയുകയും ചെയ്തു. ഒരുപാടു പേര്‍ പുറകില്‍ നിന്നും കുത്തിയിട്ടുണ്ട്- അതില്‍ അധികവും സ്ത്രീകളാണ്. ആരും വേണ്ട കാരണം ആയിരം പിഴ പൊറുത്താലും ചതി പൊറുക്കാത്ത കാളിയെ ആണ് വിശ്വാസം . അവള്‍ കൈ വിടില്ല.
സന്തതിയും സമ്പത്തും തരുന്നവനാണ് ശാസ്താവ്. പ്രസവിക്കാത്ത തമിഴ് സ്ത്രീകള്‍ തല മൊട്ടയടിച്ച് , മാറില്‍ തോര്‍ത്തുകൊണ്ട് അമര്‍ത്തി കെട്ടി കരഞ്ഞു കൊണ്ട് അയ്യനെ കാണാന്‍ ശബരിമലയില്‍ പോകുമായിരുന്നു. നിരവധിപേരെ അറിയാം. അവരില്‍ ഒരാളും പരാജയപ്പെട്ടിട്ടില്ല.
കഴിഞ്ഞ പതിമൂന്നു വര്‍ഷമായി ഹരിവരാസനം കേട്ടുകൊണ്ട് ഇരട്ട മക്കള്‍ ഉറങ്ങുന്നു.
ഈശ്വരനോളം വലിയ സന്തോഷം സമാധാനം അറിയാന്‍ സാധിക്കില്ല എന്നൊരു സന്ദേശം മാത്രം . അതിനു കൂട്ടെന്തിന്, സംഘടന എന്തിനു …അവള്‍ മാത്രം മതിയല്ലോ. ദൈവമേ എന്നതിനേക്കാള്‍ അപ്പുറത്തേക്ക് നാവുകൊണ്ട് ഒന്നും പറയാനാവില്ല തന്നെ. അത് സുഖം അന്വേഷിച്ച ഒരു സ്ത്രീയുടെ യാത്രയല്ല. ഗുരുവിന്റെ ജനനി നവരത്‌ന മഞ്ജരി എന്ന കൃതി മധുസൂദനന്‍ നായര്‍ സര്‍ പാടിയിട്ടുണ്ട്- ഒന്ന് കേട്ട് നോക്കണം. ഇതാണ് ഞാനറിയുന്ന സ്ത്രീ. നിങ്ങള്‍ കരയുമെങ്കില്‍, നിങ്ങളുടെ സകല പാപവും തീരുന്നപോലെ തോന്നുന്നുവെങ്കില്‍ നിങ്ങള്‍ സ്ത്രീയായും അമ്മയായും മാറുമെന്ന് തോന്നുന്നുവെങ്കില്‍ അതൊരു സുഖമാണ്.
മേലായ മൂലമതിയാലാവൃതം ജനനി!
നീ ലാസ്യമാടിവിടുമീ
കീലാലവായ്വനലകോലാഹലം ഭുവന-
മാലാപമാത്രമഖിലം
കാലാദിയായ മൃദുനൂലാലെ നെയ്യുമൊരു
ലീലാപടം ഭവതിമെയ്-
മേലാകെ മൂടുമതിനാലാരുമുള്ളതറി-
വീലാഗമാന്തനിലയേ!
പ്രാര്‍ത്ഥിക്കാന്‍ എല്ലാവര്‍ക്കും സാധിക്കണമെന്നില്ല. അതിനുമൊരു ഭാഗ്യം വേണം.
VIDEO: