| Monday, 1st April 2019, 10:28 pm

ശശി തരൂരിനെപ്പോലെ ഒരു അവസരവാദിയെ മനസ്സിലാക്കാന്‍ സക്കറിയക്ക് കഴിയുന്നില്ലെന്നതില് ഖേദമുണ്ട്; ഞങ്ങളെ ഇംഗ്ലീഷ് പറഞ്ഞു പറ്റിച്ചത് മതി ശശി തരൂര്‍: ലക്ഷ്മി രാജീവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തിരുവനന്തപുരത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശശി തരൂരിന് തെരഞ്ഞെടുപ്പ് പിന്തുണയുമായെത്തിയ എഴുത്തുകാരന്‍ സക്കറിയയെ രൂക്ഷമായി വിമര്‍ശിച്ച് ലക്ഷ്മി രാജീവ്. ഭരണകൂടം എന്നാല്‍ എന്‍.ജി.ഒ യൂണിയനെന്നും അധികാരം എന്നാല്‍ പാഞ്ഞു പോകുന്ന മന്ത്രി വാഹനവുമാണെന്ന് മനസ്സിലാക്കുന്ന അതേ സക്കറിയന്‍ യുക്തിയാണ് ഇതെന്നുമായിരുന്നു ലക്ഷ്മി രാജീവ് ഫേസ്ബുക്കില്‍ കുറിച്ചത്.

“ഞാന്‍ ശശിതരൂരിന്റെ തിരുവനന്തപുരം മണ്ഡലത്തിലാണ് .കഴിഞ്ഞ് അഞ്ച് വര്‍ഷമായി തരൂര്‍ അവിടെ നടത്തി വരുന്ന പ്രവര്‍ത്തനങ്ങള്‍ ഞാന്‍ കാണുന്നതാണ്. അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ട് എഴുത്തുകാരനും ചിന്തകനും പ്രഭാഷകനും പ്രതിഭാധനനായ സാമാജികനുമാണ് തരൂര്‍. ഇന്ത്യന്‍ ജനാധിപത്യത്തിനും അദ്ദേഹത്തിനും പ്രതിനിധാനം ചെയ്യുന്ന മണ്ഡലത്തിലും മുതല്‍ കൂട്ടായിരിക്കും ശശിതരൂര്‍ എന്നതുകൊണ്ട് ഞാന്‍ അദ്ദേഹത്തിനാണ് വോട്ടുചെയ്യുന്നത്” എന്നായിരുന്നു സക്കറിയയുടെ പോസ്റ്റ്.

എന്നാല്‍ “തിരുവനന്തപുരത്ത് ശശി തരൂരിന് വോട്ടു ചെയ്യുമെന്ന് പ്രിയ എഴുത്തുകാരന്‍ സക്കറിയ. ആദരപൂര്‍വം കഥാകൃത്തിനോട് വിയോജിക്കട്ടെ” എന്ന തലക്കെട്ടോട് കൂടിയായിരുന്നു ലക്ഷ്മി രാജീവിന്റെ പോസ്റ്റ്. വിഴിഞ്ഞം തുറമുഖത്തിന്റെ കാര്യത്തില്‍ അദാനിക്ക് വേണ്ടി നിന്നതാണോ തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് വിട്ടുകൊടുക്കാനായി വാദിച്ചതാണോ ശശിതരൂരിന്റെ പ്രവര്‍ത്തനങ്ങളെന്നും തിരുവനന്തപുരത്തിന്റെ എം.പി എന്ന നിലയില്‍ തിരുവനന്തപുരത്തിന്റെ താല്പര്യം സംരക്ഷിക്കാന്‍ നില്‌ക്കേണ്ട ആളായിരുന്നു അദ്ദേഹമെന്നും ലക്ഷ്മി രാജീവ് കുറ്റപ്പെടുത്തുന്നു.

ശശിതരൂര്‍ ഇന്ത്യയിലെ ധനിക ഹിന്ദു സവര്‍ണ പുരുഷന്റെ രാഷ്ട്രീയ പ്രതിനിധിയാണെന്നും ഈ നിലപാടില്‍ നിന്നുകൊണ്ടാണ് അദ്ദേഹം “ഞാന്‍ എന്തുകൊണ്ട് ഒരു ഹിന്ദുവാണ് ” എന്ന പുസ്തകം എഴുതിയതെന്നും ലക്ഷ്മി രാജീവ് കുറിപ്പില്‍ പറയുന്നു. അതിന്റെ പ്രകാശനത്തിന് പോയപ്പോള്‍ ഹിന്ദു എന്താണെന്ന് നിര്‍വചിക്കാന്‍ അറിയാതെ “യു നോ ഐ ആം എ നായര്‍ “എന്ന വിലകുറഞ്ഞ ഒരു വാചകവും അദ്ദേഹം പറയുകയുണ്ടായെന്നും ലക്ഷ്മിനായര്‍ പറയുന്നു.

ALSO READ: രമ്യാ ഹരിദാസിനെതിരെ മോശം പരാമര്‍ശവുമായി സി.പി.ഐ.എം നേതാവ് എ. വിജയ രാഘവന്‍

ധനിക സവര്‍ണ ഹിന്ദു പുരുഷന്റെ നിലപാടില്‍ നിന്നു കൊണ്ടാണ് ശശി തരൂര്‍ ശബരിമല ക്ഷേത്രത്തിലെ യുവതി പ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധി നടപ്പാക്കുന്നതിനെ എതിര്‍ത്തതെന്നും ലക്ഷ്മി രാജീപ് പറയുന്നു.

തിരുവിതാംകൂര്‍ മുന്‍ രാജാക്കന്മാരുടെ കൊട്ടാരത്തില്‍ പോയി വിനീതനായി നില്ക്കുന്ന ശശി തരൂര്‍ തന്നെയാണ് മീന്‍ വില്ക്കുന്ന സ്ത്രീകളുടെ അടത്ത് വോട്ട് ചോദിക്കാന്‍ പോയതിനെക്കുറിച്ച് “ഓക്കാനം വരുന്ന വിധത്തിലൊരു വെജിറ്റേറിയന്‍ ആയിട്ടും ഈ സ്ത്രീകള്‍ തന്നെ ആവേശപൂര്‍വം സ്വീകരിച്ചു”എന്നു ട്വീറ്റ് ചെയ്തതെന്നും കുറിപ്പില്‍ പറയുന്നു. ശശി തരൂരിനെപ്പോലെ ഒരു അവസരവാദിയെ മനസ്സിലാക്കാന്‍ സക്കറിയക്ക് കഴിയുന്നില്ല എന്നതില്‍ ഖേദമുണ്ടെന്നും ഞങ്ങളെ ഇംഗ്ലീഷ് പറഞ്ഞു പറ്റിച്ചത് ശശി തരൂര്‍ മതിയാക്കണമെന്നും ലക്ഷ്മിരാജീവ് പറഞ്ഞു.

We use cookies to give you the best possible experience. Learn more