നടന്‍ വിനായകന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ പരോക്ഷ വിമര്‍ശനവുമായി നടി ലക്ഷ്മി പ്രിയ. തന്നോട് ഇങ്ങനെ ചോദിച്ചാല്‍ അവന്റെ പല്ലടിച്ചു ഞാന്‍ താഴെ ഇടുമെന്ന് വിനായകന്റെ പേരെടുത്ത് പറയാതെ ലക്ഷ്മി പ്രിയ ഫേസ്ബുക്കില്‍ കുറിച്ചു.
എത്ര മാന്യമായ ഭാഷയില്‍ ചോദിച്ചാലും ഊളത്തരം ഊളത്തരം തന്നെയല്ലേയെന്നും താല്‍പര്യമില്ലെങ്കില്‍ നോ എന്ന വാക്കില്‍ ഒതുക്കേണ്ട ബാധ്യത മാത്രമേ പെണ്ണിന് ഈ ചോദ്യത്തിനുള്ളൂ എന്ന് ആരാണ് പറഞ്ഞു കൊടുത്തതെന്ന് ലക്ഷ്മി പ്രിയ ചോദിക്കുന്നു.
സ്ത്രീ സുരക്ഷ സോ കോള്‍ഡ് സ്ത്രീ സംഘടനകളുടെ കയ്യിലല്ല എന്നും ഓരോ പെണ്ണിന്റെയും കയ്യിലാണെന്നും ലക്ഷ്മി പ്രിയ കുറിച്ചു.
ഒരുത്തീ എന്ന സിനിമയുടെ പ്രമോഷനായി വിളിച്ചു ചേര്‍ത്ത പ്രസ് മീറ്റിലായിരുന്നു വിനായകന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം. തനിക്ക് എന്താണ് മീ ടൂ എന്ന് അറിയില്ലെന്നും, നിങ്ങള്‍ക്കറിയാമെങ്കില്‍ പറഞ്ഞു തരണമെന്നുമാണ് മാധ്യമപ്രവര്‍ത്തകരോട് വിനായകന്‍ പറഞ്ഞത്. പ്രസ് മീറ്റിനെത്തിയ മാധ്യമപ്രവര്‍ത്തകരോട് സെക്സ് ലൈഫിനെ പറ്റി ചോദ്യമുന്നയിച്ച വിനായകന്‍ തന്റെ ഭാഗം വിശദീകരിക്കാനായി ഒരു വനിത മാധ്യമപ്രവര്‍ത്തകയോട് സെക്സ് ചെയ്യാന്‍ താല്‍പര്യമണ്ടോയെന്ന പരാമര്‍ശം നടത്തുകയും ചെയ്തിരുന്നു.
താരത്തിന്റെ പരാമര്‍ശത്തിന് പിന്നാലെ സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്നും വ്യാപക വിമര്‍ശനങ്ങളള്‍ ഉയര്‍ന്നു വന്നിരുന്നു. നടന്‍ ഹരീഷ് പേരടിയും മാധ്യമപ്രവര്‍ത്തകന്‍ അരുണ്‍ കുമാറും എഴുത്തുകാരി ശാരദക്കുട്ടിയും സിനിമ പ്രവര്‍ത്തക ദീദി ദാമോദരനും വിനായകനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവെച്ചിരുന്നു.
നവ്യ നായരും സംവിധായകന്‍ വി.കെ. പ്രകാശും പങ്കെടുത്ത പ്രസ് മീറ്റില്‍ ഇരുവരുടെയും നിശബ്ദതക്കെതിരെയും വിമര്‍ശനമുയര്‍ന്നിരുന്നു.
ഇതുപോലെയുള്ള നാറികള്‍ എന്നോട് ഇങ്ങനെ ചോദിച്ചാല്‍ അവന്റെ പല്ലടിച്ചു ഞാന്‍ താഴെ ഇടും. ഏതെങ്കിലും ഊള എന്തെങ്കിലും ചോദിച്ചാല്‍ കേട്ടോണ്ടിരിക്കേണ്ട ബാധ്യത എനിക്കില്ല.
എത്ര മാന്യമായ ഭാഷയില്‍ ചോദിച്ചാലും ഊളത്തരം ഊളത്തരം തന്നെയല്ലേ? താല്‍പര്യം ഉണ്ടോ എന്നു ചോദിച്ചാല്‍ താല്‍പര്യമില്ലെങ്കില്‍ നോ എന്ന വാക്കില്‍ ഒതുക്കേണ്ട ബാധ്യത മാത്രമേ പെണ്ണിന് ഈ ചോദ്യത്തിനുള്ളൂ എന്ന് ഇവനോട് ആരാണ് പറഞ്ഞു കൊടുത്തത്.
സ്ത്രീ സുരക്ഷ സോ കോള്‍ഡ് സ്ത്രീ സംഘടനകളുടെ കയ്യിലല്ല അത് ഓരോ പെണ്ണിന്റെയും കയ്യിലാണ്. പെണ്ണിന്റെ അന്തസ്സ് പെണ്ണിന്റെ കയ്യില്‍ തന്നെയാണ്.