| Sunday, 2nd June 2019, 12:21 pm

പ്രകാശന്‍ തമ്പിയെ അറിയില്ലെന്ന് പറഞ്ഞിട്ടില്ല; അന്വേഷണത്തില്‍ സത്യം പുറത്തുവരട്ടെയെന്നും ബാലഭാസ്‌കറിന്റെ ഭാര്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സ്വര്‍ണക്കടത്തിന് അറസ്റ്റിലായ പ്രകാശന്‍ തമ്പിയെ അറിയില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി. ബാലഭാസ്‌കറിന്റെ പ്രോഗ്രാം മാനേജര്‍ ആയിരുന്നു പ്രകാശന്‍ തമ്പിയെന്ന വാര്‍ത്ത തെറ്റാണെന്നാണ് താന്‍ വ്യക്തമാക്കിയതെന്നും ലക്ഷ്മി പറഞ്ഞു.

അന്വേഷണത്തില്‍ സത്യം പുറത്തുവരട്ടെയെന്നും ലക്ഷ്മി വ്യക്തമാക്കി.

സ്വര്‍ണക്കടത്ത് കേസിലെ പ്രതിയുമായി ബാലഭാസ്‌കറിന്റെ കുടുംബത്തിന് ബന്ധമുണ്ടായിരുന്നെന്ന റിപ്പോര്‍ട്ടുകള്‍ വന്നതിനു പിന്നാലെയാണ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ സംശയങ്ങള്‍ ഉയര്‍ന്നത്. ബാലഭാസ്‌കറിന്റെ മരണത്തിനു പിന്നില്‍ ദുരൂഹമായ സാമ്പത്തിക ഇടപാടുകള്‍ കാരണമായോയെന്ന് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്.

തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വര്‍ണക്കടത്ത് കേസില്‍ പ്രതിസ്ഥാനത്തുള്ള പ്രകാശ് തമ്പി,വിഷ്ണു എന്നിവര്‍ അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മാനേജര്‍മാരായിരുന്നു എന്ന തരത്തിലുളള പ്രചാരണം വാസ്തവ വിരുദ്ധമാണ് എന്നായിരുന്നു ലക്ഷ്മി നേരത്തെ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞത്.

ചില പ്രാദേശിക പ്രോഗ്രാമുകളുടെ കോര്‍ഡിനേഷന്‍ ഇവര്‍ നടത്തിയിരുന്നു. അതിനുള്ള പ്രതിഫലവും ഇവര്‍ക്ക് നല്‍കിയിരുന്നു .ഇതല്ലാതെ മറ്റ് ഔദ്യോഗികമായ ഒരു കാര്യങ്ങളിലും ഇവര്‍ക്ക് യാതൊരു പങ്കും ഉണ്ടായിരുന്നില്ല.ഈ പേരുകാര്‍ക്കൊപ്പം ബാലഭാസ്‌കറിന്റെ പേര് അപകീര്‍ത്തികരമായ നിലയില്‍ മാധ്യമങ്ങളില്‍ വരുന്നുണ്ട്. ഇവ സൃഷ്ടിക്കുന്ന വേദന താങ്ങാവുന്നതിലും അധികമാണ്. അതുകൊണ്ട് ദയവായി അത്തരം പരാമര്‍ശങ്ങളൊഴിവാക്കണമെന്നും ലക്ഷ്മി അഭ്യര്‍ത്ഥിച്ചിരുന്നു.

ബാലഭാസ്‌കറിന്റെ സംഗീത ട്രൂപ്പിലെ പ്രോഗ്രാം കോഡിനേറ്ററായിരുന്ന പ്രകാശന്‍ തമ്പിയെ തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത് കേസില്‍ ഡി.ആര്‍.ഐ അറസ്റ്റു ചെയ്തതോടെ അപകടമരണത്തിനു പിന്നില്‍ ഇവരുണ്ടോയെന്ന സംശയം ബന്ധുക്കള്‍ ഉയര്‍ത്തുകയായിരുന്നു. സ്വര്‍ണക്കടത്ത് കേസില്‍ ഒളിവില്‍ കഴിയുന്ന വിഷ്ണു സോമസുന്ദരം ബാലഭാസ്‌കറിന്റെ സാമ്പത്തിക കാര്യങ്ങള്‍ നോക്കിയിരുന്ന മാനേജരാണ്.

ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് പിതാവ് ഉണ്ണി നേരത്തെ പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയത് പ്രകാശന്‍ തമ്പിയേയും വിഷ്ണുവിനേയുമായിരുന്നു. തമ്പനിയും വിഷ്ണുവും ലക്ഷങ്ങള്‍ തട്ടിച്ചെന്നായിരുന്നു പിതാവിന്റെ ആരോപണം.

We use cookies to give you the best possible experience. Learn more