'കുറ്റം പറയുന്നവര്‍ എന്ത് ചെയ്തു എന്ന് ആലോചിക്കുക' വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ലക്ഷ്മി നക്ഷത്ര
Entertainment news
'കുറ്റം പറയുന്നവര്‍ എന്ത് ചെയ്തു എന്ന് ആലോചിക്കുക' വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ലക്ഷ്മി നക്ഷത്ര
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 16th December 2024, 10:16 pm

കൊല്ലം സുധിയേയും അദ്ദേഹത്തിന്റെ കുടുംബത്തെയും വെച്ച് പണം ഉണ്ടാക്കുകയാണെന്ന ആരോപണങ്ങളോട് പ്രതികരിക്കുകയാണ് ലക്ഷ്മി നക്ഷത്ര. അന്തരിച്ച നടന്‍ കൊല്ലം സുധിയുടെ മണമുള്ള പെര്‍ഫ്യൂം നിര്‍മിച്ച് നല്‍കുന്നതിന്റെ ദൃശ്യങ്ങള്‍ ലക്ഷ്മി നക്ഷത്ര തന്റെ യൂട്യൂബ് ചാനലില്‍ നേരത്തെ പോസ്റ്റ് ചെയ്തിരുന്നു. ഇതേതുടര്‍ന്ന് സാജു നവോദയ (പാഷാണം ഷാജി) അടക്കമുള്ള നിരവധി ആളുകള്‍ ലക്ഷ്മിയെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു.

താന്‍ എന്ത് നല്ലത് ചെയ്താലും അതിനെ മോശമായി ചിത്രീകരിക്കുന്ന ഒരുപാട് ആളുകള്‍ ഉണ്ടായിരിക്കുമെന്ന് ലക്ഷ്മി നക്ഷത്ര പറയുന്നു. തനിക്ക് തന്റെ മനഃസാക്ഷിയേയും കുടുംബത്തേയും കൊല്ലം സുധിയേയും അദ്ദേഹത്തിന്റെ കുടുംബത്തേയും മാത്രം നോക്കിയാല്‍ മതിയെന്നും പറഞ്ഞ ലക്ഷ്മി കുറ്റം പറയുന്ന ആളുകള്‍ എന്ത് ചെയ്തിട്ടുണ്ടെന്നും ചോദിക്കുന്നു.

തന്റെ മനസിനിപ്പോള്‍ സംതൃപ്തിയുണ്ടെന്നും പെര്‍ഫ്യൂമിന്റെ കാര്യത്തില്‍ ഹിന്റ് തന്നത് കൊല്ലം സുധിയുടെ ഭാര്യ രേണു ആണെന്നും പറഞ്ഞു. താന്‍ ചെയ്ത കാര്യത്തില്‍ സന്തോഷവതിയാണെന്നും കുറ്റം പറയുന്നവരെ പോലെ അല്ല താനെന്നും ലക്ഷ്മി നക്ഷത്ര കൂട്ടിച്ചേര്‍ത്തു.

‘എനിക്ക് മനസിലായിട്ടുള്ളൊരു കാര്യം നമ്മള്‍ എന്ത് നല്ലത് ചെയ്താലും അതിനെ മോശമായിട്ട് പറയുന്ന ഒരുപാട് ആളുകള്‍ ഉണ്ടായിരിക്കും. എനിക്ക് എന്റെ മനഃസാക്ഷിയേയും അദ്ദേഹത്തെയും അദ്ദേഹത്തിന്റെ ഫാമിലിയേയും എന്റെ കുടുംബത്തേയും മാത്രം നോക്കിയാല്‍ മതി. ഈ കുറ്റം പറയുന്ന ആളുകള്‍ അവര്‍ എന്ത് ചെയ്തിട്ടുണ്ടെന്ന് ആലോചിക്കുക. കമന്റ് ഇടുന്ന ആളുകളും ആലോചിക്കുക.

ഞാന്‍ പറഞ്ഞില്ലെ എന്റെ മനസിന് നല്ല സംതൃപ്തിയാണ്. ഇപ്പോള്‍ ഉദാഹരണത്തിന് ഈ പെര്‍ഫ്യൂമിന്റെ കാര്യം തന്നെ എടുക്കാം. എത്രയോ ആളുകളാണ് അതിന് നല്ലത് പറഞ്ഞത്. എനിക്ക് അദ്ദേഹത്തെ അത്രയൊന്നും അറിയില്ല. രേണു ആണ് എനിക്ക് ആ പെര്‍ഫ്യൂമിന്റെ ഹിന്റ് തന്നത്. അതില്‍ അവരും ഞാനും ഹാപ്പിയാണ്. കൂടുതല്‍ ഒന്നും പറയാന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ അവരെ പോലെ അല്ല,’ ലക്ഷ്മി നക്ഷത്ര പറഞ്ഞു.

Content Highlight: Lakshmi Nakshatra Talks About Controversies