പ്രിന്‍സിപ്പാള്‍ സ്ഥാനത്തു നിന്നും മാറി നില്‍ക്കുന്നു എന്നേയുള്ളൂ , ഡയറക്ടര്‍ ബോര്‍ഡ് അംഗം എന്ന നിലയില്‍ കോളേജ് ഭരണത്തില്‍ ഇനിയും ഇടപെടുമെന്ന് ലക്ഷ്മി നായര്‍
Kerala
പ്രിന്‍സിപ്പാള്‍ സ്ഥാനത്തു നിന്നും മാറി നില്‍ക്കുന്നു എന്നേയുള്ളൂ , ഡയറക്ടര്‍ ബോര്‍ഡ് അംഗം എന്ന നിലയില്‍ കോളേജ് ഭരണത്തില്‍ ഇനിയും ഇടപെടുമെന്ന് ലക്ഷ്മി നായര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 9th February 2017, 5:28 pm

lakshmi-nair
തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പാള്‍ സ്ഥാനത്തു നിന്നും രാജി വച്ചിട്ടില്ലെന്ന് ലക്ഷ്മി നായര്‍. അഞ്ച് വര്‍ഷത്തേക്ക് മാറി നില്‍ക്കുക മാത്രമാണ് ചെയ്യുന്നതെന്നും ലക്ഷ്മി നായര്‍.

കോളേജിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ ഉണ്ടെന്നും കോളേജ് ഭരണത്തില്‍ പ്രിന്‍സിപ്പാള്‍ എന്നോ അധ്യാപിക എന്നോ അല്ലാതെ ഡയറക്ടര്‍ എന്ന നിലയില്‍ താന്‍ തുടര്‍ന്നും തുടരുമെന്നും അവര്‍ വ്യക്തമാക്കി. അതില്‍ നിന്നും തന്നെയാരും തടഞ്ഞിട്ടില്ലെന്നും അതിനുള്ള അധികാരം ആര്‍ക്കുമില്ലെന്നും ലക്ഷ്മി നായര്‍ പറഞ്ഞു.

ലോ അക്കാദമി പ്രിന്‍സിപ്പാള്‍ സ്ഥാനത്തു നിന്നും ലക്ഷ്മിനായരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് കഴിഞ്ഞ ഒരു മാസമായി നീണ്ടു നിന്ന വിദ്യാര്‍ത്ഥി സമരത്തിന് അന്ത്യമായത് ഇന്നലെയായിരുന്നു. വിദ്യാര്‍ത്ഥി പ്രതിനിധികളും മാനേജ്‌മെന്റും തമ്മില്‍ വിദ്യാഭ്യാസ മന്ത്രിയുടെ മധ്യസ്ഥതയില്‍ നടന്ന യോഗത്തില്‍ ലക്ഷ്മിനായരെ പുറത്താക്കി പകരം പുതിയ ആളെ പ്രിന്‍സിപ്പാളായി നിയമിക്കാന്‍ ധാരണയാവുകയായിരുന്നു. ഇതോടെയാണ് വിദ്യാര്‍ത്ഥികള്‍ സമരം പിന്‍വലിച്ചത്.


Also Read: ക്ഷേത്രാചാരങ്ങളില്‍ ദളിതര്‍ക്ക് അയിത്തം; അഴീക്കോട് ക്ഷേത്രഭാരവാഹികള്‍ക്കെതിരെ ജനകീയ സമരം


നേരത്തെ, മാനേജ്‌മെന്റും എസ്.എഫ്.ഐയും തമ്മില്‍ നടത്തിയ ചര്‍ച്ചക്കൊടുവില്‍ ലക്ഷ്മി നായരെ അഞ്ച് വര്‍ഷത്തേക്ക് മാറ്റാമെന്ന് തീരുമാനമായിരുന്നു. ഇതേതുടര്‍ന്ന് എസ്.എഫ്.ഐ സമരത്തില്‍ നിന്നും പിന്മാറിയിരുന്നു. എന്നാല്‍ സമരവുമായി മുന്നോട്ട് പോയ സംയുക്ത മുന്നണി ഇന്നലെ നടന്ന ചര്‍ച്ചയ്ക്ക് ശേഷം സമരം പിന്‍വലിക്കുകയായിരുന്നു.