| Wednesday, 1st February 2017, 9:21 am

'അന്നും ഇന്നും ഒരു വാക്കേ എനിക്കുള്ളൂ രാജിവയ്ക്കില്ല: അച്ഛന്‍ പറഞ്ഞതുകൊണ്ട് മാറിനില്‍ക്കുന്നു: ലക്ഷ്മി നായര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്


“അന്നും ഇന്നും ഒരു വാക്കേ എനിക്കുള്ളൂ രാജിവയ്ക്കില്ലെന്നും അച്ഛന്‍ പറഞ്ഞാല്‍ മാറിനില്‍ക്കാമെന്നും. ഇപ്പോള്‍ അച്ഛന്‍ പറഞ്ഞു, ഞാന്‍ മാറിനില്‍ക്കുന്നു. “


തിരുവനന്തപുരം: അച്ഛന്‍ ആവശ്യപ്പെട്ടതുകൊണ്ടാണ് താന്‍ പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്നു മാറി നില്‍ക്കുന്നതെന്ന് ലക്ഷ്മി നായര്‍. പ്രിന്‍സിപ്പല്‍ സ്ഥാനം വേണമെന്നാവശ്യപ്പെട്ട് കോടതിയില്‍ പോകില്ലെന്നും ലക്ഷ്മി നായര്‍ വ്യക്തമാക്കി.

“അന്നും ഇന്നും ഒരു വാക്കേ എനിക്കുള്ളൂ രാജിവയ്ക്കില്ലെന്നും അച്ഛന്‍ പറഞ്ഞാല്‍ മാറിനില്‍ക്കാമെന്നും. ഇപ്പോള്‍ അച്ഛന്‍ പറഞ്ഞു, ഞാന്‍ മാറിനില്‍ക്കുന്നു. ” ലക്ഷ്മി നായര്‍ പറയുന്നു.

കുട്ടികള്‍ക്കു തന്നെ വേണ്ടെങ്കിലും കോളജിലെ എല്ലാ കുട്ടികളുടെയും ഭാവി തനിക്കു പ്രധാനമാണ് അതുകൊണ്ടാണ് ഇപ്പോള്‍ മാറിനില്‍ക്കുന്നതെന്നും ലക്ഷ്മി നായര്‍ വ്യക്തമാക്കി.


Also Read: അങ്ങനെയാണ് ഹോളിവുഡ് എന്ന വേള്‍ഡ് എനിക്ക് നഷ്ടമായത്; എത്രപണം തന്നാലും ആ നഷ്ടം പരിഹരിക്കാനാവില്ല: ഗോപകുമാര്‍


“ചില അതിരുവിട്ട സ്വാതന്ത്ര്യങ്ങള്‍ തടയാന്‍ ഞാന്‍ ശ്രമിച്ചതു ശരിയാണ്. ഇനി ആ സ്വാതന്ത്ര്യം കൂടി കുട്ടികള്‍ അനുഭവിക്കുന്നെങ്കില്‍ അനുഭവിച്ചോട്ടെ. ” അവര്‍ വ്യക്തമാക്കി.

“1200 കുട്ടികളില്‍ 200 പേരുടെ ആവശ്യം കണക്കിലെടുത്താന്‍ ഞാന്‍ മാറിനില്‍ക്കാന്‍ തീരുമാനിച്ചത്. സമരം ചെയ്ത കുട്ടികളോട് ഒരു വാക്ക്, എന്റെ സാന്നിധ്യമാണു നിങ്ങള്‍ക്ക് ഏറ്റവും വലിയ പ്രശ്‌നമെങ്കില്‍ ഇനി അതുണ്ടാകില്ല.” എന്നു പറഞ്ഞ ലക്ഷ്മി നായര്‍ വിദേശത്തുള്ള മകള്‍ക്കൊപ്പം കുറച്ചുദിവസം ചിലവിടണമെന്നാണ് ആഗ്രഹമെന്നും വ്യക്തമാക്കി.

ലോ അക്കാദമിയുടെ ഭരണസമിതി അംഗമായി തുടരുമെന്നും ലക്ഷ്മി നായര്‍ പറയുന്നു. പുന്നന്‍ റോഡിലെ അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച് സെന്ററിന്റെ ഡയറക്ടര്‍ സ്ഥാനം ഏറ്റെടുക്കണോ എന്നു തീരുമാനിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു.

ലോ അക്കാദമിയുടെ ഭൂമിയുമായി ബന്ധപ്പെട്ട ആരോപണങ്ങളെയും ലക്ഷ്മി നായര്‍ നിഷേധിച്ചു. സര്‍ക്കാര്‍ ഭൂമിയിലല്ല ആ സ്ഥാപനം പണിതതെന്നാണ് അവര്‍ പറയുന്നത്.

We use cookies to give you the best possible experience. Learn more